KOYILANDY DIARY

The Perfect News Portal

പാലക്കാട് 1, കൊച്ചിയില്‍ 5, കാസര്‍കോഡ് 6 സ്ഥിതി ഗൗരവതരം: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മാത്രം കൊവിഡ്-19 ബാധ സ്ഥിരീകരിച്ചിരിക്കുന്നത് 12 പേര്‍ക്ക്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 40 ആയി ഉയര്‍ന്നു. കൊച്ചിയില്‍ 5 വിദേശികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് കൂടാതെ കാസര്‍കോഡ് ജില്ലയില്‍ 6 പേര്‍ക്ക് കൊവിഡ് കണ്ടെത്തി. പാലക്കാട് ജില്ലയില്‍ ഒരാള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് മാത്രം 55 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്തെ സ്ഥിതി ഗൗരവതരമാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. 44,396 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 5570 പേര്‍ക്ക് രോഗബാധയില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വീടുകളിലേക്ക് അയച്ചു. 6 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ച കാസര്‍കോട്ടെ സ്ഥിതി വിചിത്രമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗം സ്ഥിരീകരിച്ച വ്യക്തി പല സ്ഥലങ്ങളില്‍ സഞ്ചരിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജാഗ്രത പാലിക്കാത്തത് മൂലം വരുത്തിവെച്ച വിനയാണ് കാസര്‍കോഡിലേത്. കാസര്‍കോട്ടെ ആറ് പേരില്‍ രണ്ട് പേര്‍ രോഗിയുടെ ബന്ധുക്കളും രണ്ട് പേര്‍ ദുബായില്‍ നിന്ന് വന്നവരുമാണ്. കാസര്‍കോട്ടെ സ്ഥിതി ആശങ്കാജനകമാണ് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

യുകെയില്‍ നിന്നും എത്തിയ ആള്‍ക്കാണ് പാലക്കാട് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാള്‍ കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കാസര്‍കോഡ് ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. കാസര്‍കോഡ് ഒരാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ചിടും. രണ്ടാഴ്ച എല്ലാ ആരാധനായലങ്ങളും അടച്ചിടും. ജില്ലയിലെ ക്ലബ്ബുകളും രണ്ടാഴ്ച അടച്ചിടും. കടകള്‍ രാവിലെ 11 മുതല്‍ 5 വരെ തുറക്കാന്‍ പാടുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisements

ആഘോഷങ്ങളും മറ്റ് പരിപാടികളും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കാസര്‍കോഡ് ജില്ലയില്‍ ജുമ നമസ്‌ക്കാരവും ഒഴിവാക്കണം. ജില്ലയില്‍ രണ്ട് എംഎല്‍എമാര്‍ നിരീക്ഷണത്തിലാണ്. 22ന് പ്രധാനമന്ത്രി നിര്‍ദേശിച്ച ജനതാ കര്‍ഫ്യൂവിനോട് സംസ്ഥാനം പൂര്‍ണമായും സഹകരിക്കും. അന്ന് സര്‍ക്കാരിന് കീഴിലുളള വാഹനങ്ങളൊന്നും നിരത്തിലിറങ്ങില്ല. മെട്രോയും കെഎസ്‌ആര്‍ടിസിയും ഓടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഞായറാഴ്ച വീടുകളും പരിസരവും ശുചീകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അധ്യാപകര്‍ നാളെ മുതല്‍ സ്‌കൂളുകളില്‍ വരേണ്ടതില്ല. നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കടുത്ത നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *