KOYILANDY DIARY

The Perfect News Portal

പളളിമുറ്റത്ത് ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്റെ അമ്മയെ കണ്ടെത്തി: എയർപോർട്ട് ജീവനക്കാരി അറസ്റ്റിൽ

കോഴിക്കോട്: നാലു ദിവസം പ്രായമുള്ള കുഞ്ഞിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍. കരിപ്പൂര്‍ വിമാനത്താവളത്തിലെ ജീവനക്കാരിയായ 21 വയസുകാരിയാണ് കൂഞ്ഞിന്റെ അമ്മ. പന്നിയങ്കര പൊലീസാണ് യുവതിയെ അറസ്റ്റുചെയ്തത്. ബെംഗളൂരുവിലെ ആശുപത്രിയില്‍ പ്രസവത്തിനുശേഷം കോഴിക്കോട്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കുഞ്ഞിന്റെ പിതാവും വിമാനത്താവളത്തിലെ ജീവനക്കാരനാണെന്ന് പൊലീസ് പറയുന്നു. തിരുവണ്ണൂര്‍ മാനാരിയിലെ പള്ളിക്കുമുന്നിലാണ് കുട്ടിയെ ഉപേക്ഷിച്ചത്.

കഴിഞ്ഞ ദിവസമാണ് പള്ളിയുടെ പടിക്കെട്ടില്‍ കുഞ്ഞിനെ പുതപ്പിനകത്ത് പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ ഉപേക്ഷിച്ചപ്പോള്‍ പൊതിഞ്ഞ പുതപ്പിനകത്ത് നീലപ്പേന കൊണ്ടെഴുതിയ ഒരു കുറിപ്പുമുണ്ടായിരുന്നു. ഈ കുഞ്ഞിന് നിങ്ങള്‍ ഇഷ്ടമുള്ള പേരിടണം. അള്ളാഹു തന്നതാണെന്നു കരുതി നിങ്ങള്‍ ഇതിനെ നോക്കണം. ഞങ്ങള്‍ക്കു തന്നത് അള്ളാഹുവിനു തന്നെ തിരികെ കൊടുക്കുന്നു. കുഞ്ഞിന് ബിസിജിയും പോളിയോ വാക്‌സിനും ഹെപ്പറ്റൈറ്റിസ് ബി1 വാക്‌സിനും കൊടുക്കണം. എന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്.

പള്ളിയുടെ പടികളില്‍ ചെരിപ്പുകള്‍ സൂക്ഷിക്കുന്ന ഭാഗത്താണ് കുഞ്ഞിനെ കിടത്തിയിരുന്നത്. രാവിലെ പള്ളി പരസത്തുള്ള സ്‌കൂള്‍ വിദ്യാര്‍ഥികളാണ് കുഞ്ഞിനെ കണ്ടത്. തുടര്‍ന്ന് വനിതാ പൊലീസും ശിശുസംരക്ഷണ സമിതി പ്രവര്‍ത്തകരുമെത്തി കുഞ്ഞിനെ ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ കോട്ടപ്പറമ്പ്  ജില്ലാ വനിതാ ശിശു ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *