പയ്യോളിയില്‍ വന്‍ തീപ്പിടുത്തം: ഓയില്‍മില്‍ കത്തി നശിച്ചു

പയ്യോളി: ഇരിങ്ങല്‍ കൊളാവിപ്പാലത്ത് പ്രവർത്തിക്കുന്ന റോളക്സ് അൽഫ ഓയിൽ മില്ലിൽ വൻ തീപിടിത്തം. 50 ലക്ഷത്തിന്റെ നഷ്ടമുണ്ടായി. മൂന്നുകെട്ടിടങ്ങളും ഒരു വാഹനവും കത്തിനശിച്ചു. തീപിടിത്തതിനുള്ള കാരണം വ്യക്തമല്ല. പതിറ്റാണ്ടുകളായി വാണിജ്യാടിസ്ഥാനത്തിൽ വെളിച്ചെണ്ണ ഉത്പാദിപ്പിക്കുന്ന ഓയിൽ മില്ലാണ് കത്തിയത്.
ഇന്നലെ പുലർച്ചെയാണ് സംഭവം. ഗോഡൗണും ലോറിയും കത്തി നശിച്ചു. ആളപായമില്ല. കൊപ്രയും വെളിച്ചെണ്ണയും അടക്കം ഗോഡൗണിൽ സൂക്ഷിച്ച സർവവും കത്തിനശിച്ചു. ഇതിനടുത്തു നിർത്തിയ ലോറിയിലേക്കു തീ പടർന്നു. യന്ത്രസാമഗ്രികളും കെട്ടിടത്തിന്റെ മേൽക്കൂരയും തീയെടുത്തു. എണ്ണയായതിനാൽ തീ നിയന്ത്രണവിധേയമാകാൻ ഏറെ സമയമെടുത്തു. പുലർച്ചെ അഞ്ചോടെ മില്ലിന് സമീപത്തെ താമസക്കാരാണ് തീ പടരുന്നത് ആദ്യം കണ്ടത്. നിമിഷങ്ങൾക്കകം തീ ആളി പടരുകയായിരുന്നു.

രാവിലെ 11ഓടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കോഴിക്കോട്, വടകര, പേരാന്പ്ര, നാദാപുരം, തലശേരി എന്നിവിടങ്ങളിൽ നിന്ന് അഗ്നിശമന സേനാ സംഘങ്ങൾ ആറുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ കെടുത്തിയത്. ജില്ലാ ഫയർ ഓഫീസർ അരുണ്‍ഭാസ്കർ, വടകര സ്റ്റേഷൻ ഓഫീസർ എം.കെ. ശ്രീജിത്ത്, പേരാമ്പ്ര ഓഫീസർ ബാസിത് എന്നിവർ നേതൃത്വം നൽകി. ഷോർട്ട് സർക്യൂട്ടല്ല തീപ്പിടിത്തത്തിനു കാരണമെന്നാണ് ഫയർഫോഴ്സിന്റെ നിഗമനം.

