KOYILANDY DIARY

The Perfect News Portal

പത്തുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫീസറെയും വില്ലേജ് അസിസ്റ്റന്റിനെയും അറസ്റ്റ് ചെയ്തു

താമരശ്ശേരി: കരിങ്കല്‍ ക്വാറി നടത്തിപ്പുകാരോട് പത്തുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറെയും വില്ലേജ് അസിസ്റ്റന്റിനെയും വിജിലന്‍സ് അറസ്റ്റ് ചെയ്തു. താമരശ്ശേരി രാരോത്ത് വില്ലേജ് ഓഫീസിലെ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ മുക്കം കാരശ്ശേരി മല്ലിശ്ശേരിയില്‍ പരവതാനി വീട്ടില്‍ എം. ബഷീര്‍ (49), ചൂലൂര്‍ കുറുമ്ബ്രത്തൊടികയില്‍ രാഗേഷ്‌കുമാര്‍ (38) എന്നിവരെയാണ് കോഴിക്കോട് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ യൂണിറ്റ് ഡിവൈ.എസ്.പി. ജി. സാബുവും സംഘവും പിടികൂടിയത്. ബഷീറിന്റെ വീട്ടിലും വിജിലന്‍സ് സംഘം പരിശോധന നടത്തി.

താമരശ്ശേരി ചുങ്കത്തിന് സമീപമുള്ള രണ്ട് കരിങ്കല്‍ ക്വാറികള്‍ക്ക് കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ പത്തുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പരാതി. ഇവിടെ പ്രവര്‍ത്തിച്ചുവന്നിരുന്ന മൂന്ന് ക്വാറികള്‍ക്ക് പാരിസ്ഥിതികാനുമതി ഇല്ലാത്തതിനാല്‍ 2016 ഡിസംബര്‍ മുതല്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതാണെന്ന് ക്വാറി നടത്തിപ്പുകാരന്‍ താമരശ്ശേരി ചുങ്കം വെഴുപ്പൂര്‍ ഷൈന്‍ വില്ലയില്‍ ശിവകുമാര്‍ പറഞ്ഞു.

മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പില്‍ നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാന്‍ വില്ലേജ് ഓഫീസില്‍ കൈവശാവകാശ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചു. ഇത് നല്‍കാന്‍ വില്ലേജ് അധികൃതര്‍ തയ്യാറായില്ല. തുടര്‍ന്ന് ക്വാറിയുടമ ഹൈക്കോടതിയെ സമീപിച്ചു. കോടതി കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വില്ലേജ് ഓഫീസറോട് നിര്‍ദേശിച്ചു. ഇതുപ്രകാരം കഴിഞ്ഞ ജനുവരിയില്‍ വീണ്ടും വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കിയപ്പോഴാണ് പത്തുലക്ഷം കൈക്കൂലി ആവശ്യപ്പെട്ടത്. മൂന്ന് ക്വാറികള്‍ക്കുമായി മൊത്തം 15 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഇതില്‍ അമ്ബതിനായിരം രൂപ തിങ്കളാഴ്ച വില്ലേജ് ഓഫീസില്‍ എത്തിക്കാനും ആവശ്യപ്പെട്ടു.

Advertisements

പരാതി നല്‍കിയതിനെത്തുടര്‍ന്ന് വിജിലന്‍സ് സംഘം നല്‍കിയ പണവുമായി തിങ്കളാഴ്ച ഉച്ചയ്ക്ക് ശിവകുമാര്‍ എത്തി. സ്‌പെഷ്യല്‍ വില്ലേജോഫീസറും രണ്ട് അസിസ്റ്റന്റുമാരുമാണ് ഓഫീസില്‍ ഉണ്ടായിരുന്നത്.

പണം ബഷീര്‍ വാങ്ങിയ ശേഷം രാഗേഷ്‌കുമാറിന്റെ കൈവശം കൊടുത്ത് അലമാരയില്‍ വെപ്പിക്കുകയായിരുന്നെന്ന് ഡിവൈ.എസ്.പി. പറഞ്ഞു. ഈ സമയം ഓഫീസില്‍ എത്തിയ വിജിലന്‍സ് സംഘം പണം കൈയോടെ പിടികൂടുകയായിരുന്നു. ബഷീര്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി പ്രാഥമിക പരിശോധനയില്‍ വ്യക്തമായതായി ഡിവൈ.എസ്.പി പറഞ്ഞു. കൂടുതല്‍ പരിശോധനയ്ക്കായി രേഖകള്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

വില്ലേജ് ഓഫീസര്‍ പരിശീലനത്തിലായതിനാല്‍ കഴിഞ്ഞ 31 മുതല്‍ അവധിയിലാണ്. സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ക്കായിരുന്നു പകരം ചുമതല. സി.ഐ.മാരായ സജീവ്കുമാര്‍, വിനോദ്, എസ്.ഐ.മാരായ പ്രേമാനന്ദന്‍, വേണുഗോപാലന്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *