KOYILANDY DIARY

The Perfect News Portal

ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിനേഷന് ജില്ലയിൽ തുടക്കമായി

കോഴിക്കോട്: ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിനേഷന് ജില്ലയിൽ തുടക്കമായി. സാർവത്രിക പ്രതിരോധ ചികിത്സാ പരിപാടിയുടെ ഭാഗമായി കുഞ്ഞുങ്ങള്‍ക്കുള്ള ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിനേഷന് ജില്ലയിൽ തുടക്കമായി. ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിൻ കുഞ്ഞുങ്ങളെ ന്യൂമോകോക്കൽ ബാക്റ്റീരിയ മൂലമുള്ള രോഗങ്ങളിൽ നിന്ന് പ്രതിരോധിക്കുന്നു. സ്‌ട്രെപ്‌റ്റോ കോക്കസ് ന്യുമോണിയ അഥവാ ന്യൂമോ കോക്കസ് എന്ന രോഗാണു പരത്തുന്ന ഒരുകൂട്ടം രോഗങ്ങളാണ് ന്യൂമോകോക്കല്‍ രോഗങ്ങൾ. ചെറിയ കുഞ്ഞുങ്ങളില്‍ ഈ രോഗം മൂലമുണ്ടാകുന്ന രോഗതീവ്രത കൂടുതലാണ്. കുഞ്ഞുങ്ങളുടെ മരണത്തിന് പോലും ഇത് ഇടയാക്കിയേക്കും.

ചുമ, കഫക്കെട്ട്, ശ്വാസം എടുക്കാന്‍ പ്രയാസം, പനി, ശ്വാസംമുട്ടല്‍, നെഞ്ചുവേദന എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. ഒപ്പം ഹൃദയാഘാതം, അബോധാവസ്ഥ തുടങ്ങി സങ്കീര്‍ണമായ സാഹചര്യങ്ങളിലേക്ക് പോകുകയും ചെയ്തേക്കാം. ന്യൂമോകോക്കൽ കോൺ ജുഗേറ്റ് വാക്സിൻ ഇത്തരം രോഗങ്ങൾക്കെതിരെ മികച്ച പ്രതിരോധമാണ് തീര്‍ക്കുന്നത്. അതിനാലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ നിര്‍ദേശമനുസരിച്ച് സാർവത്രിക രോഗ പ്രതിരോധ ചികിത്സാ പരിപാടിയുടെ ഭാഗമായി ഈ വാക്‌സിനെ ഉള്‍പ്പെടുത്തിയത്. കുഞ്ഞിന് ഒന്നരമാസം പ്രായമാകുമ്പോഴാണ് ആദ്യ ഡോസ് നൽകേണ്ടത്.

അതിനു ശേഷം മൂന്നര മാസം, 9 മാസം എന്നിങ്ങനെയാണ് വാക്‌സിന്‍ നല്‍കേണ്ട സമയക്രമം. മറ്റ് വാക്‌സിന്‍ എടുക്കുന്നതിനൊപ്പം തന്നെയാണ് ഈ വാക്‌സിനും നല്‍കുന്നത്. ഒരു വയസുവരെ ഈ വാക്‌സിന്‍ എടുക്കുന്നതിനുള്ള സമയപരിധിയുമുണ്ട്. എല്ലാ മാതാപിതാക്കളും അവരുടെ കുഞ്ഞുങ്ങൾക്ക് ഷെഡ്യൂൾ പ്രകാരം ന്യൂമോകോക്കൽ കോൺജുഗേറ്റ് വാക്സിനേഷൻ (പി സി വി ) കൂടി നൽകി രോഗ പ്രതിരോധ ശേഷി ഉറപ്പാക്കണം.

Advertisements

Leave a Reply

Your email address will not be published. Required fields are marked *