KOYILANDY DIARY

The Perfect News Portal

ന്യൂജെന്‍ പിള്ളേര്‍ പ്രശസ്തമാക്കിയ കേരളത്തിലെ 15 സ്ഥലങ്ങള്‍

യാ‌‌ത്രയെ ഒരു ഹരമായി കണ്ടിരുന്ന ആളുകള്‍ പണ്ടുമുതലെ ഉണ്ടായിരുന്നു. സോഷ്യല്‍ മീഡിയയുടെ കാലം വന്നതോടെ യാത്ര ഒരു ആഘോഷമായി മാറുകയായിരുന്നു. യാത്രകള്‍ക്ക് വേണ്ടി നിരവധി ഗ്രൂപ്പുകളും സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞതോടെ ന്യൂജെന്‍ സഞ്ചാരികള്‍ക്ക് ആവേശമായി. യാത്ര പോകുന്ന സ്ഥലങ്ങളുടെ ചിത്രങ്ങളും വിവര‌ണങ്ങളുമായി അവര്‍ ഗ്രൂപ്പുകളില്‍ സജീ‌വമായി.

സോഷ്യല്‍ മീഡിയകളുടെ വരവോടെ അറിയപ്പെടാതിരുന്ന പല സ്ഥലങ്ങളും സഞ്ചാരികള്‍ അറിഞ്ഞ് തുടങ്ങി. ചില സ്ഥലങ്ങള്‍ അങ്ങ് പ്രശസ്തമാകാന്‍ തുടങ്ങി. അങ്ങനെ ന്യൂജെന്‍ പിള്ളേര്‍ പ്രശസ്തമാക്കിയ കേരളത്തിലെ 15 സ്ഥലങ്ങള്‍ നമുക്ക് പരിചയപ്പെടാം.

01.മലക്കപ്പാറ

ഒരുകാലത്ത് അണ്‍നോണ്‍ ഡെസ്റ്റിനേഷനുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന സ്ഥലമായിരുന്നു തൃശൂര്‍ ജില്ലയിലെ മലക്കപ്പാറ. ഇപ്പോള്‍ മലക്കപ്പാറ അറിയാത്ത സഞ്ചാരികള്‍ ഇല്ല. തേയി‌ലത്തോട്ടങ്ങള്‍ക്ക് പേരുകേട്ട മലക്കപ്പാറ അതിരപ്പള്ളി വെള്ളച്ചാട്ടം സന്ദര്‍ശിക്കുന്നവര്‍ സാധരണ പോകാറുള്ള സ്ഥലമാണ്. അതിരപ്പള്ളിയില്‍ നിന്ന് മലക്കപ്പാറ വഴി വാല്‍പ്പാറയില്‍ ബൈക്ക് യാത്ര ചെയ്തിട്ടുള്ളവരുടെ യാത്ര ‌വിവരണങ്ങള്‍ ദിവസേന സോഷ്യല്‍ മീഡിയകളില്‍ കാണാം.

Advertisements

മലക്കപ്പാറയില്‍ എത്തിച്ചേരാന്‍

ചാലക്കുടിയില്‍ നിന്ന് അതിരപ്പള്ളി വഴി മലക്കപ്പാറയില്‍ എത്തിച്ചേരാം. സഞ്ചാരികള്‍ക്കായി ഒന്നു രണ്ട് റിസോര്‍ട്ടുകള്‍ ഇവിടെയുണ്ട്. ചാലക്കുടിയില്‍ നിന്ന് 80 കിലോമീറ്റര്‍ ആണ് ഇവിടേയ്ക്കുള്ള ദൂരം.

02. ഇ‌ല്ലിക്കല്‍ കല്ല്

സോഷ്യല്‍ മീഡിയകളിലെ യാത്ര ഗ്രൂപ്പുകളില്‍ അടുത്തിടെ ഏറ്റവും തരംഗം ഉണ്ടാക്കിയ സ്ഥലമാണ് ഇല്ലിക്കല്‍ കല്ല്. നിരവധി സഞ്ചാ‌രികളാണ് ഇല്ലിക്കല്‍ കല്ലിലേക്ക് ഇതിനോടകം സന്ദര്‍ശി‌ച്ചത്. കോട്ടയം ജില്ലയിലാണ് ഇല്ലിക്കല്‍ കല്ല് സ്ഥിതി ചെയ്യുന്നത് കോട്ടയം ജില്ലയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയാണ് ഇല്ലിക്കല്‍ കല്ല്.

ഇല്ലിക്കല്‍ കല്ലില്‍ എത്തിച്ചേരാന്‍

കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയ്ക്ക് അടുത്തായാണ് ഇല്ലിക്കല്‍ കല്ല് സ്ഥിതി ചെയ്യുന്നത്. ഈരാറ്റുപേട്ടയില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം.

03. മീശപ്പുലിമല

ചാര്‍ളിയെന്ന സിനിമയില്‍ മീശപ്പുലിമലയെന്ന സ്ഥലത്തേക്കുറിച്ച് പരാമര്‍ശം ഉണ്ടായിരുന്നെങ്കിലും അതിന് മുന്‍പെ സോഷ്യ‌ല്‍ മീഡിയകളില്‍ ഹിറ്റായ ഒരു സ്ഥലമാണ് മീശപ്പുലിമല. പശ്ചിമഘട്ടത്തിന്റെ ഭാഗമാ‌യ ഒരു കൊടുമുടിയാണ് ഇത്. മൂന്നാറിന് സമീപത്തായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 2600 മീറ്ററോള ഉയരത്തിലാണ് ഈ കൊടുമുടി.

മീശപ്പുലിമലയില്‍ എത്തിച്ചേരാന്‍

മീശപ്പുലിമലയിലേക്ക് ട്രെക്ക് ചെയ്ത് വേണം എത്തിച്ചേരാന്‍. മൂന്നാറില്‍ നിന്ന് മാട്ടുപ്പെട്ടി വഴി അരുവിക്കാട് എസ്റ്റേറ്റില്‍ എത്തിച്ചേരാം. അതിന് സമീപത്തായാണ് മീശപ്പുലിമലയിലേക്കിള്ള ബേസ് ക്യാമ്പ്. മൂന്നാറില്‍ നിന്ന് 24 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേയ്ക്ക്. വനംവകുപ്പാണ് ഇവിടെ ട്രെക്കിംഗ് ആക്റ്റിവിറ്റികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

04. ചൊക്രമുടി

ഇടുക്കി ജില്ലയിലെ മറ്റൊരു കൊടുമുടിയായ ചൊക്രമുടിയെ സഞ്ചാരികള്‍ക്കിടയില്‍ പ്രിയങ്കരമാക്കിയ‌ത് സോഷ്യല്‍ മീഡിയയിലെ ട്രാവല്‍ ഗ്രൂപ്പുകളാണ്. ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല താലൂക്കില്‍ ബൈസണ്‍ വാലി പഞ്ചായത്തിലാണ് ചൊക്രമുടി മല.

ചൊക്രമുടിയില്‍ എത്തിച്ചേരാ‌ന്‍

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ ഗ്യാപ്പ്‌ റോഡില്‍ നിന്ന്‌ ചെങ്കുത്തായ മലകയറിയാല്‍ ചൊക്രമുടിയുടെ നെറുകയില്‍ എത്താം. ഇടുക്കി ജില്ലയിലെ ‌രാജക്കാട് നിന്ന് 15 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം.

05. മരോട്ടിച്ചാല്‍ വെ‌ള്ളച്ചാട്ടം

തൃശൂര്‍ നഗരത്തില്‍ നിന്ന് 15 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മരോട്ടിച്ചാല്‍ വെള്ളച്ചാട്ടം കാണാന്‍ കഴിയും. മഴക്കാലത്താണ് ഇവിടെ സന്ദര്‍ശിക്കാന്‍ അനുയോജ്യം. തൃശൂര്‍ ജില്ലയിലെ പുത്തൂര്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടത്തിന് സമീപത്തെത്താന്‍ മൂന്ന് കിലോമീറ്റര്‍ വനത്തിലൂടെ യാത്ര ചെയ്യണം.

06. തുഷാരഗിരി

കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയിലാണ് തുഷാരഗിരി വെള്ളച്ചാട്ടം. സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളാണ് തുഷാരഗിരി സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. കോഴിക്കോട് നിന്ന് 50 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഇവിടെയെത്താം. അപൂര്‍വയിനം ചിത്രശലഭങ്ങളുടെ കേന്ദ്രം കൂടിയാണ് തുഷാരഗിരി.

07. ചെമ്പ്രപീക്ക്

കല്‍പ്പറ്റയിലെ മാത്രമല്ല, വയനാട്ടിലെ തന്നെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ചെമ്പ്ര പീക്ക്. സമുദ്രനിരപ്പില്‍ നിന്നും 2100 മീറ്ററാണ് ചെമ്പ്രാ പീക്കിന്റെ ഉയരം. ട്രക്കിംഗ് പ്രിയരുടെ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണിത്. സാഹസികരായ ട്രെക്കിംഗ് പ്രിയര്‍ കെട്ടിയുണ്ടാക്കിയ താല്‍ക്കാലിക ക്യാംപുകള്‍ അവിടവിടെയായി കാണാന്‍ സാധിക്കും.

08. റാണിപുരം

കാസര്‍കോട് ജില്ലയിലാണ് റാണിപുരം സ്ഥിതി ചെയ്യുന്നത്. സുന്ദരമായ പച്ചപ്പുല്‍ത്തകിടികളിലൂടെ മനംമയക്കുന്ന മഴക്കാടുകള്‍ക്കിടയിലൂടെ ട്രെക്കിംഗ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും റാണിപുരം ഒരു സ്വര്‍ഗമായിരിക്കും. നിരവധി സസ്യജന്തു വൈവിധ്യങ്ങളുടെ കലവറയാണ് റാണിപുരത്തെ വന്യജീവി സങ്കേതം. ഇവിടെ നിന്ന് ഒന്നര മണിക്കൂര്‍ യാത്ര ചെയ്താല്‍ കര്‍ണാടകയിലെ പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രമായ തലക്കാവേരിയില്‍ എത്താം.

09. പൈതല്‍ മല

കണ്ണൂരില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയായി കൂര്‍ഗ് വനനിരകള്‍ക്ക് അതിര്‍ത്തി പങ്കിടുന്ന പൈതല്‍ മലയെ കേരളത്തിന്റെ കൂര്‍ഗ് എന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. കണ്ണൂരില്‍ നിന്ന് തളിപ്പറമ്പ് വഴി പൈതല്‍ മലയില്‍ എളുപ്പത്തില്‍ എത്തിച്ചേരാം. തളിപറമ്പില്‍ നിന്ന് 35 കിലോമീറ്റര്‍ ആണ് ഇവിടേയ്ക്കുള്ള ദൂരം. ട്രെക്കിംഗ് പ്രിയരുടെ ഇഷ്ട സ്ഥലമായ പൈതല്‍മലയില്‍ കുടുംബങ്ങളോടൊപ്പം വീക്കെന്‍ഡ് ട്രിപ്പിന് എത്തുന്നവര്‍ ധാരാളമുണ്ട്.

10. ധോണി വെ‌‌ള്ളച്ചാട്ടം

അധികം പ്രശസ്തമല്ലാത്ത എന്നാല്‍ കാണാന്‍ ഏറെ ഭംഗിയുള്ളൊരു വെള്ളച്ചാട്ടമാണിത്. പാലക്കാട്ടെത്തിയാല്‍ ധോണി വെള്ളച്ചാട്ടം കാണാതെ പോകരുത്. പാലക്കാട്ടുനിന്നും 15 കിലോമീറ്റര്‍ അകലെ കിടക്കുന്ന ഒരു ചെറുമലയോരപ്രദേശമാണ് ധോണി. വെള്ളച്ചാട്ടവും ചുറ്റുമുള്ള വനവും ഒരുക്കുന്ന കാഴ്ച മനോഹരമാണ്.

11. ക‌വ

പാലക്കാട് ജില്ലയിലെ മലമ്പുഴക്ക് സമീപത്തുള്ള സുന്ദരമായ ഒരു സ്ഥലമാണ് കവ. സോഷ്യല്‍ മീഡിയകളിലെ ട്രാവല്‍ ഗ്രൂപ്പുകളിലൂടെയാണ് ഈ സ്ഥ‌ലം പ്രശസ്തമായത്. പാലക്കാട് നിന്ന് കവയിലേക്ക് ബസുകള്‍ ലഭ്യമാണ്.

12. ഇലവീഴാപൂഞ്ചിറ

സമുദ്ര നിരപ്പില്‍ നിന്ന് 3200 അടി ഉയരത്തിലായി സ്ഥിതി ചെയ്യുന്ന ഇലവീഴാപൂഞ്ചിറ കോട്ടയം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. തൊടുപുഴയാണ് അടുത്തുള്ള ബസ് സ്റ്റാന്‍ഡ്. 20 കിലോമീറ്റര്‍ ആണ് തൊടുപുഴയില്‍ നിന്നുള്ള ദൂരം. നവംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ഇലവീഴപൂഞ്ചിറ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം.

13. ഗവി

പത്തനംതിട്ട ജില്ലയിലെ സുന്ദരമായ ഒരു ഗ്രാമമാണ് ഗവി. ഗവിയുടെ ഗ്രാമീണ ഭംഗിയാണ് സഞ്ചാരികള്‍ക്കിടയില്‍ ഗവിയെ പ്രിയപ്പെട്ടതാക്കിയത്. ഗ്രാമീണ ഭംഗികൂടാതെ ഗവിയിലെ വന്യജീവി സങ്കേതവും സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിപ്പിക്കുന്നുണ്ട്. പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ഭാഗമാണ് ഈ ടൂറിസ്റ്റ് കേന്ദ്രം.

14. തെന്മല

കേരളത്തിലെ കൊല്ലം ജില്ലയിലാണ് തെന്മല സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ട മലനിരകളിലാണ് തെന്മലയെന്ന സുന്ദര സ്ഥലം സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്ത് നിന്ന് 72 കിലോമീറ്ററും, കൊല്ലത്ത് നിന്ന് അറുപത്താറ് കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം. ദേശീയ പാത 208 കടന്നുപോകുന്നത് തെന്മലയ്ക്ക് സമീപത്തുകൂടിയാണ്.

15. നിലമ്പൂര്‍

സോഷ്യല്‍ മീഡിയ പ്രശസ്തമാക്കിയ പിക്നിക്ക് കേന്ദ്രങ്ങളില്‍ ഒന്നാണ് നിലമ്പൂര്‍. മലപ്പുറം ജില്ലയുടെ കിഴക്കേ അറ്റത്താണ് നിലമ്പൂര്‍ സ്ഥിതി ചെയ്യുന്നത്. മലപ്പുറത്ത് നിന്ന് 40 കിലോമീറ്ററും കോഴിക്കോട് നിന്ന് 72 കിലോമീറ്ററും തൃശൂരില്‍ നിന്ന് 120 കിലോമീറ്ററും ഗുഡല്ലൂരില്‍ നിന്ന് 50ഉം ഊട്ടിയില്‍ നിന്ന് 100ഉം കിലോമീറ്ററാണ് നിലമ്പൂരിലേക്കുള്ളത്.