KOYILANDY DIARY

The Perfect News Portal

നെൽകൃഷിയുടെ തിരിച്ചു വരവും കാത്ത് അത്തറച്ചാൽ പാടശേഖരം

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിലെ അത്തറച്ചാൽ പാടശേഖരം നെൽക്കൃഷിയുടെ തിരിച്ചു വരവിന് കാത്തിരിക്കുന്നു. മുമ്പൊക്കെ സമൃദ്ധമായി നെല്ലുത്‌പാദനം നടന്ന പാട ശേഖരമായിരുന്നു ഇത്. പിന്നീട് പലവിധ കാരണങ്ങളാൽ കർഷകർ നെൽക്കൃഷിയിൽ നിന്ന് പിന്നാക്കം പോയതോടെ പാടത്ത് പുല്ലും പായലും നിറയാൻ തുടങ്ങി. വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങളും ഇല്ലാതായതോടെ പാടശേഖരം നിറയെ വെള്ളം നിറഞ്ഞു കിടപ്പാണ്. വിസ്തൃതമായ കൊണ്ടംവെള്ളി പാടശേഖരത്തിന്റെ ഭാഗമാണ് അത്തറച്ചാൽ വയലും. ആയിരം ഏക്കറോളം വിസ്തൃതമായ പാടശേഖരമാണ് കൊണ്ടംവെള്ളി. അത്തറച്ചാൽ പാടശേഖരത്തിൽ കർഷകക്കൂട്ടായ്മയിലൂടെ വലിയതോതിൽ നെൽക്കൃഷി നടത്തിയിരുന്നു.

വെള്ളപുണാരൻ, ആനക്കോടൻ തുടങ്ങിയ നെല്ലിനങ്ങൾ ഇവിടെ കൃഷി ചെയ്തിരുന്നു. കന്നി, മകരം കൃഷി നന്നായി ഈ പാടശേഖരത്തിൽ ഉണ്ടായിരുന്നു. നല്ല ഫലഭൂയിഷ്ഠമായ മണ്ണാണ് അത്തറച്ചാലിലേത്. അതുകൊണ്ടുതന്നെ മികച്ച വിളവായിരുന്നു ലഭിച്ചത്‌. എന്നാൽ, പിന്നീട് എപ്പോഴോ കർഷകർ കൃഷിയിൽനിന്ന് പിന്നോട്ടുപോയി. കൃഷിവകുപ്പ് ശാസ്ത്രീയമായ പഠനം നടത്തി നെൽക്കൃഷി ഈ മേഖലയിൽ തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യമുയരുന്നുണ്ട്. ഒള്ളൂർ എളാട്ടേരി പുഴയിൽനിന്ന് പാടശേഖരത്തിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാൻ വി.സി.ബി.യടക്കമുള്ള സംവിധാനം വേണം.

സ്വകാര്യവ്യക്തികളുടെ സ്ഥലം അളന്നുതിട്ടപ്പെടുത്താനും നടപടി വേണം. പാടശേഖരത്തിൽ സ്ഥലത്തിന്റെ അതിരിടുന്ന വരമ്പുകളെല്ലാം നാമാവശേഷമായിപ്പോയിട്ടുണ്ട്. പാട വരമ്പുകൾ തിരികെ നിർമിക്കണം. പാടശേഖരത്തിലേക്ക് വളം, വിത്ത്, കൊയ്‌തെടുക്കുന്ന നെൽക്കറ്റ എന്നിവ കൊണ്ടുപോകാൻ ട്രാക്ടർപാതയും വേണം. മുമ്പ് ഉണ്ടായിരുന്ന പാളപ്പുറത്ത് താഴക്കുനി വലിയതോടും പൂർവസ്ഥിതിയിലാക്കണം. കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ വലിയ യന്ത്രങ്ങളുടെ സഹായത്തോടെയായിരിക്കണം ഇവിടെ കൃഷിയിറക്കേണ്ടത്.

Advertisements

അത്തറച്ചാൽ പാടശേഖരത്തിന്റെ മധ്യത്തിലായി ഒരിക്കലും വറ്റാത്ത ജലാശയമുണ്ട്. മത്സ്യങ്ങളുടെ പ്രധാന കേന്ദ്രമാണിത്. മുമ്പൊക്കെ അത്തറച്ചാൽ ജലാശയത്തിലെ മീൻപിടിക്കൽ നാടിന്റെ ആഘോഷമായാണ് നടന്നിരുന്നതെന്ന് നാട്ടുകാർ പറയുന്നു. നെല്ലിനോടൊപ്പം മത്സ്യക്കൃഷിക്കും ഇവിടെ സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *