KOYILANDY DIARY

The Perfect News Portal

നിയമോപദേശം മാധ്യമങ്ങളുടെ ‘പുക’; ഗവർണറുമായി പോരെന്ന്‌ വരുത്താൻ ശ്രമം

തിരുവനന്തപുരം: നിയമസഭ പാസാക്കി ഗവർണറുടെ അംഗീകാരത്തിനയച്ച ബില്ലുകളിന്മേൽ നിയമോപദേശം തേടിയെന്ന വാർത്ത മാധ്യമങ്ങളുടെ ‘പുക’ മാത്രം. ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാനെത്തി ബില്ലുകൾ പരിശോധിക്കാതെ ഒരുതരത്തിലുള്ള ആലോചനയും നടക്കില്ലെന്ന്‌ രാജ്‌ഭവൻ വ്യക്തമാക്കി. 18ന്‌ തിരുവനന്തപുരത്ത്‌ എത്തുന്ന ഗവർണർ ബില്ലുകൾ പരിശോധിക്കും. ഭരണഘടനാ ചുമതല നിർവഹിക്കുമെന്നാണ്‌ ഗവർണർ വ്യക്തമാക്കിയതും.

എന്നാൽ, ഗവർണറും സർക്കാരും തമ്മിൽ വലിയ പോരാണെന്ന്‌ സ്ഥാപിക്കുകയാണ്‌ ചില മാധ്യമങ്ങൾ. ഗവർണറെ നിരന്തരം പ്രകോപിപ്പിക്കാനും അതുവഴി സർക്കാരിനെതിരെ നിലപാട്‌ എടുപ്പിക്കാനുമാണ്‌  ശ്രമം. ഇതിനായി ‘ഔദ്യോഗിക വിവരം’ എന്ന നിലയിൽ ചിലർ വാർത്തയുണ്ടാക്കാനുള്ള വിഭവങ്ങളും നൽകുന്നു. ഗവർണറുമായി ഏറ്റുമുട്ടലിന്‌ ഇല്ലെന്ന്‌ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്‌. ഗവർണർ വ്യക്തിയല്ല, ഭരണഘടനാ സ്ഥാപനമാണ്‌. വ്യവസ്ഥാപിത മാർഗങ്ങളിലൂടെ പ്രവർത്തിക്കാനുള്ള ബാധ്യത അതിനുണ്ടെന്നാണ്‌ സർക്കാർ നിലപാട്‌.

നിയമോപദേശം ഗവർണറോ ബന്ധപ്പെട്ട മറ്റാരെങ്കിലുമോ ആലോചിച്ചിട്ടില്ലെങ്കിലും അതിലേക്ക്‌ നയിക്കുകയാണ്‌ വാർത്തകളുടെ ലക്ഷ്യം. നേരത്തേ മുഖ്യമന്ത്രി ഗവർണർക്ക്‌ അയക്കാത്ത ഫയലിൽ ‘നിയമോപദേശം’ തേടിയെന്ന്‌ വാർത്ത നൽകിയതും ഇതേ മാധ്യമങ്ങളാണ്‌.

Advertisements

കീഴ്‌വഴക്കം പാലിക്കുമെന്ന് ഗവർണർ
ഭരണഘടനയും കീഴ്‌വഴക്കങ്ങളും അനുസരിച്ച്‌ മാത്രമേ ബില്ലുകളിൽ ഒപ്പിടുന്നതിലടക്കം തീരുമാനങ്ങളെടുക്കൂവെന്ന്‌ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ. കോട്ടയത്ത്‌ മാധ്യമപ്രവർത്തകരോട്‌ പ്രതികരിക്കുകയായിരുന്നു ഗവർണർ. സർവകലാശാലകളുമായി ബന്ധപ്പെട്ട്‌ ഭരണഘടനാപരമായി മാത്രമേ തീരുമാനങ്ങളെടുക്കൂ.

സർവകലാശാലകളുടെ സ്വയംഭരണാവകാശം പരിപാവനമാണ്‌. അതിൽ വെള്ളംചേർക്കാൻ അനുവദിക്കില്ല. എക്‌സിക്യൂട്ടീവിന്റെ ഇടപെടലുകൾക്ക്‌ കൂട്ടുനിൽക്കാനാകില്ല. ഒരു ബില്ലും തന്റെ മുന്നിലെത്തിയിട്ടില്ലെന്നും ഗവർണർ പറഞ്ഞു.