KOYILANDY DIARY

The Perfect News Portal

നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയ ഗാന്ധിക്കും രാഹുല്‍ഗാന്ധിക്കും ജാമ്യം

ന്യൂഡല്‍ഹി : നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും മകനും പാര്‍ട്ടി ഉപാധ്യക്ഷനുമായ രാഹുല്‍ഗാന്ധിക്കും പട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചു. കോടതിയുടെ നിര്‍ദേശമനുസരിച്ച്‌ ഹാജരായ സോണിയയും രാഹുലും നല്‍കിയ ജാമ്യാപേക്ഷ കോടതി സ്വീകരിക്കുകയായിരുന്നു. കേസില്‍ ഇരുവരും ഇനി ഫെബ്രുവരി 20ന് വീണ്ടും ഹാജരാകണം. ഇരുവര്‍ക്കും 50,000 രൂപയുടെ ബോണ്ടിലും ഒരാളുടെ ഈടിലുമാണ് ജാമ്യം. സോണിയയ്ക്കു വേണ്ടി എ.കെ. ആന്റണിയും രാഹുലിനു വേണ്ടി പ്രിയങ്കയും ആള്‍ജാമ്യം നിന്നു. ജാമ്യാപേക്ഷയെ എതിര്‍ക്കാതിരുന്ന സുബ്രഹ്മണ്യന്‍ സ്വാമി പക്ഷെ, കേസ് കാലയളവില്‍ ഇരുവരുടെയും സഞ്ചാരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതായി കപില്‍ സിബല്‍ പറഞ്ഞു. ഇതു പക്ഷെ, കോടതി അനുവദിച്ചില്ല. അസുഖബാധിതനായതിനാല്‍ സാം പിത്രോദയ്ക്ക് കേസില്‍ ഹാജരാവുന്നതില്‍ കോടതി ഇളവ് അനുവദിച്ചു. ഫെബ്രുവരി 20ന് കോടതിയില്‍ ഹാജരാകുന്നതിനെതിരെ സോണിയയും രാഹുലും തടസവാദങ്ങള്‍ ഉന്നയിച്ചില്ലെന്നും സിബല്‍ അറിയിച്ചു.