KOYILANDY DIARY

The Perfect News Portal

നാളികേരാധിഷ്ഠിത പ്രത്യേക കാര്‍ഷിക മേഖല രൂപവത്കരിക്കും

കോഴിക്കോട്: ജില്ലയില്‍ തെങ്ങുകൃഷിയുടെ ഉന്നമനം ലക്ഷ്യമിട്ട് നാളികേരാധിഷ്ഠിത പ്രത്യേക കാര്‍ഷിക മേഖല രൂപവത്കരിക്കും. കര്‍ഷകര്‍ക്ക് കൂടുതല്‍ ആദായം ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് പ്രത്യേക കാര്‍ഷികമേഖല രൂപവത്കരിക്കുന്നത്.

നാളികേരക്കൃഷി കൂടുതല്‍ നടക്കുന്ന പഞ്ചായത്തുകളെ ഉള്‍പ്പെടുത്തിയാവും മേഖല രൂപപ്പെടുത്തുക. പ്രത്യേക മേഖലയ്ക്കായി വിവിധ ബ്ലോക്കുകളെ പരിഗണിച്ചെങ്കിലും ഇതില്‍ അന്തിമ തീരുമാനമായിട്ടില്ല. പ്രത്യേക കാര്‍ഷിക മേഖലയില്‍ ഉള്‍പ്പെടുത്തേണ്ട പഞ്ചായത്തുകള്‍ നിശ്ചയിക്കുന്നതിനായി സെപ്റ്റംബര്‍ 27-ന് വീണ്ടും യോഗം ചേരും.

കാര്‍ഷികരംഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യത്യസ്ത സംവിധാനങ്ങളെ ഏകോപിപ്പിച്ചായിരിക്കും പദ്ധതി. വിളവര്‍ധനയ്ക്കും വിപണനത്തിനും ആവശ്യമായ സൗകര്യങ്ങളും സംവിധാനങ്ങളുമൊരുക്കും. നാളികേരക്കൃഷി ശാസ്ത്രീയവും സാങ്കേതികവുമായ ഘടകങ്ങള്‍ ഉപയോഗപ്പെടുത്തി വ്യാപിപ്പിക്കും. മണ്ണിന്റെ ഗുണനിലവാരം, നല്ലയിനം വിത്തുതേങ്ങയുടെ ലഭ്യത, മണ്ണ് പരിശോധിച്ച്‌ കാര്‍ഡ് നല്‍കല്‍, ജലസേചനസൗകര്യം, വിദഗ്ധസേവനം ലഭ്യമാക്കല്‍, വിളവെടുപ്പ് വിപണന സൗകര്യങ്ങള്‍ തുടങ്ങിയവയില്‍ ശ്രദ്ധയൂന്നിക്കൊണ്ടുള്ള പദ്ധതിആസൂത്രണമാണ് ഉണ്ടാവുക.

Advertisements

ഇതുമായി ബന്ധപ്പെട്ട ആലോചനായോഗത്തില്‍ സംസ്ഥാന പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി.കെ. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പ്ലാനിങ് ബോര്‍ഡ് അംഗം ഡോ.ആര്‍. രാംകുമാര്‍, കളക്ടര്‍ യു.വി. ജോസ്, സി.പി.സി.ആര്‍.ഐ. പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. സി. തമ്പാന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ എം.എ. ഷീല, നബാര്‍ഡ് എ.ജി.എം. ജയിംസ് പി. ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *