KOYILANDY DIARY

The Perfect News Portal

നവകേരള മിഷന്‍ സംസ്ഥാനതല സെമിനാര്‍ ഗവര്‍ണര്‍ പി സദാശിവം ഉദ്ഘാടനംചെയ്തു

തിരുവനന്തപുരം > കേരളപ്പിറവിയുടെ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടപ്പാക്കുന്ന നാല് ബൃഹത് പദ്ധതികള്‍ക്ക് സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളില്‍നിന്നുമുള്ള ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ തുടക്കമായി. ഹരിതകേരളം, ആര്‍ദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നീ ബൃഹദ് പദ്ധതികള്‍ ഉള്‍ക്കൊള്ളുന്ന നവകേരള മിഷന്‍ സംസ്ഥാനതല സെമിനാര്‍ ഇന്ന്‌ രാവിലെ ഗവര്‍ണര്‍ പി സദാശിവം ഉദ്ഘാടനംചെയ്തു. നാലാഞ്ചിറ മാര്‍ ഇവാനിയോസ് കോളേജ് ഗിരിദീപം ഓഡിറ്റോറിയത്തില്‍ രാവിലെ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനായി. ഗ്രാമ-ബ്ളോക്ക്- ജില്ലാ പഞ്ചായത്ത് അധ്യക്ഷന്മാര്‍, മുനിസിപ്പല്‍- കോര്‍പറേഷന്‍ ചെയര്‍മാന്മാര്‍ എന്നിവര്‍ ഉള്‍പ്പെടെ രണ്ടായിരത്തിലേറെ ജനപ്രതിനിധികളാണ് പരിപാടിയില്‍ പങ്കെടുത്തത്.

മന്ത്രിമാര്‍, ആസൂത്രണ ബോര്‍ഡ് വൈസ്ചെയര്‍മാന്‍, നിയമസഭയിലെ കക്ഷിനേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന ഹരിതകേരളം മിഷന്‍ സെമിനാറില്‍ മന്ത്രിമാരായ മാത്യു ടി തോമസ്, വി എസ് സുനില്‍ കുമാര്‍, ഡോ. കെ ടി ജലീല്‍ എന്നിവര്‍ പങ്കെടുക്കുന്നു. കാര്‍ഷിക വികസനവും കര്‍ഷകക്ഷേമവും, സുജലം സുഫലം ടാസ്ക്ഫോഴ്സ്, ശുചിത്വ മാലിന്യ സംസ്കരണം ടാസ്ക്ഫോഴ്സ്, ജലസമൃദ്ധി ടാസ്ക്ഫോഴ്സ് എന്നീ വിഷയങ്ങള്‍ സെമിനാറില്‍ അവതരിപ്പിക്കുന്നുണ്ട്.

ഉച്ചയ്ക്ക് സമ്ബൂര്‍ണ പാര്‍പ്പിട സുരക്ഷാമിഷന്‍ സെമിനാറാണ്. തുടര്‍ന്ന് ആര്‍ദ്രം മിഷന്‍: ജനസൌഹൃദ സര്‍ക്കാര്‍ ആശുപത്രികള്‍ സെമിനാറില്‍ മന്ത്രി കെ കെ ശൈലജയാണ് അധ്യക്ഷ. സമഗ്ര വിദ്യാഭ്യാസ നവീകരണ മിഷനില്‍ മന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷനാകും. വൈകിട്ട് പ്ളീനറി സമ്മേളനത്തില്‍ നവകേരളം മിഷന്‍ പരിപ്രേക്ഷ്യം പ്രഭാഷണം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷനാകും. മിഷന്‍ ചര്‍ച്ചകളുടെ ക്രോഡീകരണം മന്ത്രി ടി എം തോമസ് ഐസക് നിര്‍വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *