KOYILANDY DIARY

The Perfect News Portal

നടുവത്തൂർ സൗത്ത് എൽ. പി. സ്‌കൂളിൽ ‘ഉണർവ് ‘ പദ്ധതിക്ക് തുടക്കമായി

കൊയിലാണ്ടി : മേലടി സബ്ബ്ജില്ലയിലെ നടുവത്തൂർ സൗത്ത് എൽ. പി. സ്‌കൂൾ വികസനം ലക്ഷ്യമാക്കി രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ഉണർവ് പദ്ധതിക്ക് തുടക്കമാകുന്നു. മാർച്ച് 13ന് ഞായറാഴ്ച വൈകീട്ട് 3.30ന് പദ്ധതിയുടെ ഉദ്ഘാടനം പേരാമ്പ്ര എം. എൽ. എ. കെ. കുഞ്ഞമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിലൂടെ അറിയിച്ചു. സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ രൂപരേഖ പ്രകാശനം കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. പി. ഗോപാലൻ നായർ നിർവ്വഹിക്കും. മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രജേഷ് കീഴരിയൂർ ലോഗോ പ്രകാശനം നിർവ്വഹിക്കും. ഗ്രാമപഞ്ചായത്ത് അംഗം ഒ. കെ. കുമാരന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പരിപാടിയിൽ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടിയുടെ ഭാഗമായി വിദ്യാഭ്യാസ സെമിനാർ, ആരോഗ്യ പരിശോധനാ ക്യാമ്പുകൾ സ്മൃതിപഥം, വയോജന സംഗമം, സഹവാസ ക്യാമ്പ്, കലാസന്ധ്യ എന്നിവ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പത്രസമ്മേളനത്തിൽ ഒ. കെ. കുമാരൻ, ബി. ഉണ്ണികൃഷ്ണൻ, രാജൻ നടുവത്തൂർ, ടി. കെ. വിജയൻ, ശ്രീനി നടുവത്തൂർ, ഇ. കെ. ഷാജി, കെ. പി. നാരായണൻ, പി. ദിവ്യ എന്നിവർ പങ്കെടുത്തു.