KOYILANDY DIARY

The Perfect News Portal

നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ മോഷണം: നാല് യുവാക്കൾ പിടിയില്‍

കോഴിക്കോട്: നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ രാത്രി മോഷണവും, വാഹനക്കവര്‍ച്ചയും, പിടിച്ചുപറിയും പതിവാക്കിയ കുട്ടിക്കള്ളന്മാര്‍ ഉള്‍പ്പെടെ നാലു പേരെ നോര്‍ത്ത് അസിസ്റ്റന്റ് കമ്മിഷണര്‍ കെ. അഷ്റഫിൻ്റെ നേതൃത്വത്തില്‍ കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡും പന്നിയങ്കര ഇന്‍സ്‌പെക്ടര്‍ അനില്‍കുമാറും ചേര്‍ന്ന് പിടികൂടി.

കുറ്റിച്ചിറ തലനാര്‍തൊടിക വീട്ടില്‍ പുള്ളി എന്ന അറഫാന്‍ (18), മുഖദാര്‍ സ്വദേശി ഗാന്ധി എന്ന അജ്മല്‍ ബിലാല്‍ ( 18) എന്നിവരും പ്രായപൂര്‍ത്തിയാവാത്ത രണ്ടു നടുവട്ടം സ്വദേശികളുമാണ് കുടുങ്ങിയത്.

നഗരത്തില്‍ രാത്രി കുട്ടിക്കള്ളന്‍മാര്‍ ഉള്‍പ്പെടുന്ന സംഘം മോഷണം നടത്തുന്നതായി പൊലീസിന്റെ ശ്രദ്ധയില്‍പെട്ടിരുന്നു. സിറ്റിയിലെ വിവിധ സ്റ്റേഷന്‍ പരിധികളിലായുള്ള ഫ്ലിപ്പ് കാര്‍ട്ട് , ആമസോണ്‍ ഓണ്‍ലൈന്‍ സ്ഥാപനങ്ങളിലെ ഹബ്ബുകളിലും മറ്റ് കൊറിയര്‍ സര്‍വീസ് സ്ഥാപനങ്ങളിലും മോഷണം നടത്തിയത് ഇവരാണെന്ന് സി.സി ടി.വി കാമറ ദൃശ്യങ്ങളില്‍ വ്യക്തമായതാണ്. സിറ്റി പൊലീസ് ചീഫ് എ.വി ജോര്‍ജ്ജ് പിന്നീട് സിറ്റി ക്രൈം സ്‌ക്വാഡിനെ വിശദമായ അന്വേഷണത്തിന് നിയോഗിച്ചു.

Advertisements

സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഒ.മോഹന്‍ദാസ്, എം ഷാലു, ഹാദില്‍ കുന്നുമ്മല്‍, എ പ്രശാന്ത് കുമാര്‍, ഷാഫി പറമ്ബത്ത്, ശ്രീജിത്ത് പടിയാത്ത്, ഷഹീര്‍ പെരുമണ്ണ, എ വി സുമേഷ് എന്നിവര്‍ മോഷണങ്ങള്‍ നടന്ന സ്ഥലങ്ങള്‍ പരിശോധിച്ച്‌ പരമാവധി തെളിവുകള്‍ ശേഖരിക്കുകയായിരുന്നു. രാത്രി സ്വകാര്യ വാഹനങ്ങളിലും അല്ലാതെയും പരിശോധന നടത്തിയ സംഘത്തിന് മോഷണം നടത്തിയവരെ കുറിച്ച്‌ വ്യക്തമായ ധാരണ ലഭിച്ചു. പിന്നീടുള്ള അന്വേഷണം ഇവരെ കേന്ദ്രീകരിച്ചായിരുന്നു. ടീം ലീഡര്‍ അറഫാനെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തു.

ചോദ്യം ചെയ്യലിനു പിറകെ മറ്റുള്ളവരും പിടിയിലായി. കുട്ടിക്കള്ളന്‍മാരെ രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ വിളിച്ചു വരുത്തുകയായിരുന്നു. നിയമത്തിന്റെ പരിരക്ഷ കിട്ടുമെന്ന രീതിയില്‍ പറഞ്ഞു തെറ്റിദ്ധരിപ്പിച്ച്‌ അറഫാന്‍ പ്രായപൂര്‍ത്തിയാവാത്ത ചങ്ങാതിമാരെ ഉപയോഗിച്ച്‌ മോഷണം നടത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ക്രൈം സ്‌ക്വാഡ് അംഗങ്ങളെ കൂടാതെ പന്നിയങ്കര പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ കെ.എം സന്തോഷ് മോന്‍, ശശീന്ദ്രന്‍ നായര്‍, സീനിയര്‍ സി.പി.ഒ കെ.എം. രാജേഷ് കുമാര്‍ എന്നിവരുമുണ്ടായിരുന്നു പൊലീസ് സംഘത്തില്‍. അറഫാനെയും അജ്മല്‍ ബിലാലിനെയും കോടതി റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *