KOYILANDY DIARY

The Perfect News Portal

ദിലീപ് സമര്‍പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി

കൊച്ചി: നടന്‍ ദിലീപ് സമര്‍പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുടെ മുഖ്യസൂത്രധാരന്‍ നടന്‍ ദിലീപ് തന്നെയാണെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ജാമ്യാപേക്ഷയിലെ വാദത്തിനിടെയാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്.

ഗൂഢാലോചനയുടെ ‘കിംഗ് പിന്‍’ ആണ് ദിലീപ്. അതുകൊണ്ട് തന്നെ ജാമ്യം ലഭിച്ചാല്‍ കേസിന്റെ തുടര്‍ന്നുള്ള അന്വേഷണത്തെ അത് ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

കേസിലെ എല്ലാ സാക്ഷിമൊഴികളും വിരല്‍ ചൂണ്ടുന്നത് ദിലീപിലേക്കാണ്. ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ നാലു തവണ കണ്ടതിന് തെളിവുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി എന്നു കരുതുന്ന മൊബൈല്‍ കണ്ടെത്താത്ത സാഹചര്യത്തില്‍ ദിലീപിന് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

Advertisements

ദിലീപിനെതിരെ നേരിട്ട് തെളിവുകളൊന്നും ഇല്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ രാംകുമാര്‍ വാദിച്ചു. ദിലീപിനെതിരായ ഗൂഢാലോചന കുറ്റം നിലനില്‍ക്കില്ലെന്നും രാംകുമാര്‍ വാദിച്ചു. അറസ്റ്റിന് ശേഷം ദിലീപിന് കേസില്‍ പങ്കുണ്ടെന്ന രീതിയില്‍ മാധ്യമങ്ങള്‍ പ്രചരണം നടത്തുന്നു. ഷൂട്ടിംഗ് ലൊക്കേഷനില്‍ സുനിയുമായി സംസാരിച്ചുവെന്നത് മതിയായ തെളിവല്ല. സെറ്റുകളില്‍ സ്ഥിരം സന്ദര്‍ശകനാണ് സുനി. സുനിക്കൊപ്പം ദിലീപ് നില്‍ക്കുന്ന ചിത്രം ഏങ്ങനെ ഗൂഢാലോചനക്കുള്ള തെളിവാകുമെന്നും രാംകുമാര്‍ വാദിച്ചു.

പരാതിക്കാരിയായ നടിയുടെ പ്രസ്താവനയിലും ദിലീപിനെ സംശയിക്കുന്നില്ലെന്നും അദ്ദേഹം വാദിച്ചു. ദിലീപ് കേസന്വേഷണത്തോട് പൂര്‍ണമായും സഹകരിച്ചിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യത്തിന് പോലും ശ്രമിച്ചില്ലെന്നും രാംകുമാര്‍ പറഞ്ഞു.

അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തളളിയ സാഹചര്യത്തിലായിരുന്നു ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. തിങ്കളാഴ്ച അപേക്ഷ പരിഗണിച്ച കോടതി സര്‍ക്കാരിന് നിലപാട് അറിയിക്കാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഹര്‍ജി പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെ ആവശ്യത്തെ തുടര്‍ന്നായിരുന്നു അന്ന് ജാമ്യാപേക്ഷ മാറ്റിയത്. ക്രിമിനലായ ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ദിലീപിനെതിരെ കേസെടുത്തിരിക്കുന്നതെന്നും ഗൂഢാലോചന തെളിയിക്കാന്‍ തെളിവുകള്‍ ഇല്ലെന്നുമാണ് പ്രതിഭാഗം അഭിഭാഷകന്‍ കെ രാംകുമാറിന്റെ വാദം.

Leave a Reply

Your email address will not be published. Required fields are marked *