KOYILANDY DIARY

The Perfect News Portal

തൊടുപുഴയില്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച അരുണ്‍ ആനന്ദ് കൊലക്കേസില്‍ ഉള്‍പ്പടെ പ്രതി

തിരുവനന്തപുരം: തൊടുപുഴയില്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതി അരുണ്‍ ആനന്ദ് സ്ഥിരം കുറ്റവാളി. 2008- ല്‍ തിരുവനന്തപുരം മ്യൂസിയം സ്റ്റേഷന്‍ പരിധിയില്‍ റജിസ്റ്റര്‍ ചെയ്ത വിജയരാഘവന്‍ കൊലക്കേസിലെ പ്രതിയാണ് അരുണ്‍ ആനന്ദ്. തിരുവനന്തപുരം നന്തന്‍ കോട് സ്വദേശിയായ ഇയാള്‍ മദ്യപാനത്തിനിടെ സുഹൃത്തായ വിജയരാഘവനെ ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിച്ചു കൊന്നു എന്നതാണ് കേസ്.

ആകെ നാല് കേസുകളാണ് തിരുവനന്തപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം ഇയാള്‍ക്കെതിരെ ഉള്ളത്. കൊലപാതകം, ഭീഷണിപ്പെടുത്തല്‍, പണം തട്ടല്‍ എന്നിവയാണ് ഇയാള്‍ക്കെതിരെയുള്ള കേസുകള്‍. 2008 – ലാണ് അരുണ്‍ ആനന്ദിനെതിരെ ചുമത്തിയ വധക്കേസിന് ആസ്പദമായ സംഭവം. ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ സുഹൃത്തായ തിരുവനന്തപുരം സ്വദേശിയായ വിജയരാഘവനുമായി വാക്കേറ്റമുണ്ടായി. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഇയാളുടെ തലയ്ക്ക് മുന്നിലിരുന്ന ബിയര്‍ കുപ്പി കൊണ്ട് അടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. ആകെ എട്ട് പ്രതികളാണ് കേസിലുള്ളത്. ഇതില്‍ മുഖ്യപ്രതികളിലൊരാളാണിയാള്‍.

മറ്റൊരു കേസ് ഒരു സ്ത്രീയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചു എന്നതാണ്. മറ്റ് രണ്ട് കേസുകളും ഭീഷണിപ്പെടുത്തി എന്നത് തന്നെ. സ്ഥിരം കുറ്റവാളിയും അക്രമവാസനയുമുള്ളയാളാണ് അരുണ്‍ ആനന്ദെന്ന് തെളിയിക്കുന്നതാണ് ഈ കേസുകളെല്ലാം.

Advertisements

വ്യാഴാഴ്ച പുലര്‍ച്ചെയാണ് തലയോട്ടി പൊട്ടിയ നിലയില്‍ കുഞ്ഞിനെ അമ്മയും സുഹൃത്തായ അരുണ്‍ ആനന്ദും ചേര്‍ന്ന് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുവരുന്നത്. രക്തത്തില്‍ കുളിച്ച കുഞ്ഞിന്‍റെ തലച്ചോറ് പുറത്തു വന്ന നിലയിലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ ചോദിച്ചപ്പോള്‍ കുട്ടിയുടെ അമ്മ ആദ്യം സോഫയില്‍ നിന്ന് വീണ് തല പൊട്ടിയെന്നാണ് പറഞ്ഞത്. എന്നാല്‍ കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നി. ബലമുള്ള എന്തോ വസ്തു വച്ച്‌ തലയിലടിച്ച പോലെയായിരുന്നു കുട്ടിയുടെ പരിക്കുകള്‍.

കുട്ടിയുടെ പരിചരണത്തിനായിരുന്നു ആദ്യ പരിഗണന നല്‍കേണ്ടത് എന്നതിനാല്‍ ആദ്യം ഡോക്ടര്‍മാര്‍ കുഞ്ഞിന് അടിയന്തരശസ്ത്രക്രിയ നടത്തി. തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി കുട്ടിയുടെ അമ്മയുടെ സുഹൃത്തായ അരുണ്‍ ആനന്ദിനോട് വിശദാംശങ്ങള്‍ ചോദിച്ചു. എന്നാല്‍ ചോദ്യം ചെയ്യലിനോട് ശരിക്ക് സഹകരിക്കാനോ പൊലീസ് നിര്‍ദേശിച്ചതു പോലെ ആംബുലന്‍സില്‍ കയറാനോ ഇയാള്‍ തയ്യാറായില്ല. അപ്പോഴും അരുണ്‍ ലഹരിയിലായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം.

എട്ട് മാസമായി അരുണ്‍ ആനന്ദിനൊപ്പം താമസിക്കുകയായിരുന്നു ഈ യുവതിയും രണ്ട് കുട്ടികളും. കുട്ടികളുടെ അച്ഛന്‍ ഒരു വര്‍ഷം മുമ്ബ് മരിച്ചിരുന്നു. ഇതിന് ശേഷമാണ് അരുണിനൊപ്പം യുവതി തൊടുപുഴയില്‍ വന്ന് താമസമാക്കിയത്. ഏഴ് വയസ്സുകാരനെ ഒരു മാസം മുമ്ബ് മാത്രമാണ് സ്കൂളില്‍ ചേര്‍ത്തത്.

തന്നെയും കുട്ടികളെയും ഇയാള്‍ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടെന്നാണ് യുവതി മൊഴി നല്‍കിയത്. ആദ്യം ഉണ്ടായ കാര്യങ്ങള്‍ പൊലീസിനോട് പറയാതിരുന്നത് അരുണ്‍ ആനന്ദിനെ ഭയന്നാണ്. ഇയാള്‍ മാരകമായി ഉപദ്രവിക്കാറുണ്ടെന്നും തുറന്ന് പറയാന്‍ ഭയമായിരുന്നെന്നും യുവതി പറയുന്നു. ഇവരുടെ മുഖത്തും കണ്ണിലും അടി കൊണ്ട് നീര് വന്ന് വീര്‍ത്ത പാടുകളുണ്ട്. അന്ന് രാത്രി യുവതിയും അരുണും പുറത്ത് പോയി വന്നപ്പോള്‍ ഇളയ കുഞ്ഞ് സോഫയില്‍ മൂത്രമൊഴിച്ചത് കണ്ടു. അരുണ്‍ മദ്യപിച്ച നിലയിലായിരുന്നു. മൂത്ത കുട്ടിയോട് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചു. ഉത്തരം കിട്ടാതായതോടെ കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

തടയാന്‍ ശ്രമിച്ചപ്പോള്‍ അമ്മയെയും ഇളയ കുഞ്ഞിനെയും ഇയാള്‍ വലിച്ചിട്ട് തല്ലി. അരുണിനെ ഭയമായിരുന്നു. മാരകമായി മര്‍ദ്ദിക്കുമായിരുന്നു. കുട്ടിയെ അന്ന് രാത്രി ഇയാള്‍ താഴെയിട്ട് പല തവണ ചവിട്ടി. അലമാരയ്ക്കുള്ളില്‍ വച്ച്‌ ഞെരിച്ചുവെന്നും കുട്ടികളുടെ അമ്മ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *