KOYILANDY DIARY

The Perfect News Portal

തെരഞ്ഞെടുപ്പ് കലാശക്കൊട്ട് ഇടതുമുന്നണിക്ക് മേല്‍ക്കൈ

കൊയിലാണ്ടി: നഗരസഭാ തെരഞ്ഞെടുപ്പില്‍ ഒരു 3 ആഴ്ചത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ട് കഴിഞ്ഞപ്പോള്‍ ഇടതുമുന്നണി വലിയ പ്രതീക്ഷയിലാണ്. ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ ഇത്തവണ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് കലാശക്കൊട്ട് നടന്നത്. റോഡ് ഷോയും, മൈക്ക് അനൗണ്‍സ്‌മെന്‌റും, സ്ത്രീകളും കുട്ടികളുമടങ്ങിയ വലിയ പ്രകടനങ്ങള്‍ 44 വാര്‍ഡുകളും ഇളക്കിമറിച്ചുള്ള പ്രചരണം എല്‍. ഡി. എഫ്.ന് വലിയ പ്രതീക്ഷ നല്‍കുന്നു. യു. ഡി. എഫ്. ബഹുഭൂരിപക്ഷം വാര്‍ഡുകളിലും മൈക്ക് അനൗണ്‍സ്‌മെന്റില്‍ ഒതുങ്ങി എങ്കിലും നഗരസഭാ ഭരണം കൈയ്യിലെത്തുമെന്ന തികഞ്ഞ പ്രതീക്ഷ ഓരോ പ്രവര്‍ത്തകരിലുമുണ്ട്. ബി. ജെ. പി. യാകട്ടെ പ്രചാര പ്രവര്‍ത്തനത്തില്‍ മുന്നേട്ട് പോകാന്‍ കഴിഞ്ഞെങ്കിലും എത്രശതമാനം വോട്ട് കിട്ടും എന്ന് കൃത്യമായി പറയാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. നിലവില്‍ നഗരസഭയില്‍ ബി. ജെ. പി.ക്ക് 3 വാര്‍ഡാണുള്ളത്. എസ്. എന്‍. ഡി. പി. യുമായി സംഖ്യം ഉണ്ടാക്കി നേരിടുന്ന ഈ തെരഞെടുപ്പില്‍ ഗുണത്തേക്കാളേറെ ദോഷം ഉണ്ടാക്കുമോ എന്നാണ് പേടി. കാരണം കൊയിലാണ്ടി നഗരസഭാ പ്രദേശത്ത് എസ്. എന്‍. ഡി. പി. യുടെ ഓരോ യൂണിറ്റിനും നേതൃത്വം കൊടുക്കുന്നത് കോണ്‍ഗ്രസ്സിന്റെ ലീഡര്‍ഷിപ്പിലുള്ള പ്രവര്‍ത്തകരാണ്. കൂടാതെ എസ്. എന്‍. ഡി. പി. രാഷ്ട്രീയ പാര്‍ട്ടിയാക്കുന്നതിനെതിരെയും, ബി. ജെ. പി. യുടെ തൊഴുത്തില്‍ കെട്ടാനുള്ള നീക്കത്തിനെതിരെയും പ്രതിഷേധിച്ച് പതിനാലോളം ശാഖാ കമ്മിറ്റികള്‍ നേതൃത്വത്തിനെതിരെ പ്രമേയം പസാക്കിയിരിക്കുകയാണ്. എന്നാല്‍ തെരഞ്ഞെടുപ്പിന് പ്രഖ്യാപനത്തിന് മുമ്പേ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഏകദേശ ധാരണയെത്തിയതും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ബഹുദൂരം മുന്നോട്ട് പോകാന്‍ സാധിച്ചതും ഇടതു മുന്നണിക്ക് ആത്മവിശ്വാസം പകരുന്നു. കടലോര മേഖലയില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയ ഐ. എന്‍. എല്‍. – എല്‍. ഡി. എഫ് സ്ഥാനാര്‍ഥി ഫാസില കെ. വി. ഇത്തവണ വിജയം ഉറപ്പിക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ്. കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിനാണ് ഇവിടെ ലീഗ് സ്ഥാനാര്‍ത്ഥി വിജയിച്ചത്. പെരുവട്ടൂര്‍ 16-ാം വാര്‍ഡില്‍ കനത്ത പോരാട്ടമാണ്. അവിടെ ചരിത്രം മാറ്റി എഴുതും എന്ന് ഇടതുമുന്നണി ഉറച്ച് വിശ്വസിക്കുന്നു. യു. ഡി. എഫ്.ന്റെ കുത്തക സീറ്റായ ഇവിടെ മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് വായനാരി രാമകൃഷ്ണന്റെ സഹോദരനും കോണ്‍ഗ്രസ്സ് നേതാവുമായ വായനാരി സോമന്‍ മാസ്റ്റരാണ് ഇടത് പിന്തുണയോട്കൂടി യു. ഡി. എഫ് നെതിരെ മത്സരിക്കുന്നത്. ഇത് യു. ഡി. എഫ്ല്‍ ചില്ലറ കുഴപ്പങ്ങളൊന്നുമല്ല ഉണ്ടാക്കിയത്. കഴിഞ്ഞ തവണ യു. ഡി. എഫ്‌ന് ലഭിച്ച ഭൂരിപക്ഷം ഇത്തവണ നിഷ്പ്രയാസം മറികടക്കാന്‍ സാധിക്കും എന്നാണ് കണക്ക് കൂട്ടല്‍. ബി. ജെ. പി. സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മുരളീധരഗോപാലന്റെ വോട്ട് സ്വന്തം പെട്ടിയില്‍ വീണാല്‍ ഇടത് വിജയം സുനിശ്ചിതം എന്നാണ് എല്‍. ഡി. എഫ്. കണക്ക്കൂട്ടല്‍. നഗരസഭയുടെ എല്‍. ഡി. എഫ്. ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായ 18-ാം ഡിവിഷനില്‍ നിന്നും മത്സരിക്കുന്ന എഡ്വ: കെ. സത്യനെ വിജയിപ്പിക്കാന്‍ നാട്ടുകാര്‍ തീവ്ര ശ്രമത്തിലാണ്. കഴിഞ്ഞ തവണ എല്‍. ഡി. എഫ്‌ലെ കെ. വി. ഷീജ 250ഓളം വോട്ടുകള്‍ക്കാണ് ഇവിടെനിന്നും വിജയിച്ചത്. സ്വന്തം നാട്ടില്‍ നിന്ന് നഗരസഭയ്ക്ക് ചെയര്‍മാന്‍ ലഭിക്കുമെന്ന പ്രതീക്ഷയും വോട്ടര്‍മാരെ ആഹ്ലാദത്തിലാക്കുന്നു. യു. ഡി. എഫ് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ്സ് നേതാവ് സി. പി. മോഹനനും വലിയ വിജയപ്രതീക്ഷയിലാണ്. 20 വര്‍ഷത്തെ കൊയിലാണ്ടിയിലെ വികസനമുരടിപ്പില്‍ ജനങ്ങളുടെ പ്രതിഷേധം വോട്ടായിമാറുമെന്ന കണക്കുകൂട്ടലിലാണ് യു. ഡി. എഫ്. തൊട്ടു പിറകിലായി വിജയം അവകാശപ്പെട്ട് ബി. ജെ. പി. സ്ഥാനാര്‍ത്ഥി രാജനും രംഗത്തുണ്ട്. 44 വാര്‍ഡുകളുള്ള നഗരസഭയില്‍ എല്‍. ഡി, എഫ്. 27, യു.ഡി.എഫ്. 14, ബി. ജെ. പി. 3 എന്നിങ്ങനെയാണ്. കക്ഷിനില. നിലവിലുള്ള വാര്‍ഡുകള്‍ നിലനിര്‍ത്തി യു. ഡി. എഫ്-ല്‍ നിന്ന് 4ഉം, ബി. ജെ. പി. യുടെ വാര്‍ഡുകള്‍ രണ്ടെണ്ണവും പിടിച്ചെടുക്കാമെന്നാണ് എല്‍. ഡി. എഫ്. കണക്ക്കൂട്ടല്‍. യു. ഡി. എഫ്. ആകട്ടെ വലിയ അട്ടിമറി പ്രതീക്ഷയിലാണ്. 20 വര്‍ഷത്തെ എല്‍. ഡി. എഫ്. ഭരണത്തെ കുഴിച്ചുമൂടി ഡി. സി. സി. വൈ. പ്രസിഡണ്ട് യു. രാജീവന്‍ മാസ്റ്ററെ ചെയര്‍മാനാക്കി കണക്കുതീര്‍ക്കാന്‍ കാത്തിരിക്കുകയാണ്. ബി. ജെ. പി. യാകട്ടെ എല്‍. ഡി. എഫ്‌ന്റെയും, യു. ഡി. എഫ്‌ന്റെയും കൈകളിലുള്ള 10 സീറ്റുകള്‍ പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് കണക്ക് കൂട്ടുന്നത്.