KOYILANDY DIARY

The Perfect News Portal

രാജിവെക്കില്ലെന്ന് മാണി; പിന്തുണ പിന്‍വലിക്കുമെന്ന് ഭീഷണി

തിരുവനന്തപുരം> രാജിവെക്കില്ലെന്നും അതിനുള്ള സാഹചര്യമില്ലെന്നും കെ എം മാണി.ഒരു കാരണവശാലും രാജിവെക്കേണ്ടതില്ല. കോടതി വിധിയില്‍ തനിക്കെതിരെ വ്യക്തിപരമായ പാരമര്‍ശമില്ല. ടൈറ്റാനിയം കേസിലും പാമോലിന്‍ കേസിലും സമാന വിധികള്‍ വന്നിട്ടും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെച്ചിട്ടില്ല.ബാര്‍കോഴ കേസില്‍ മന്ത്രി ബാബുവിനെതിരെ സമാന ആരോപണമാണുള്ളത്. എന്നിട്ടും കേസില്‍ അന്വേഷണംപോലും നടത്തുന്നില്ല. വി എസ് ശിവകുമാറിന് എതിരെയും കോടതി പരാമര്‍ശമുള്ളതാണ്. ടൈറ്റാനിയം കേസില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കെതിരെ കോടതി പരാമര്‍ശം വന്നിട്ടും രാജിവെച്ചിട്ടില്ല. പിന്നെ താന്‍ മാത്രമെന്തിന് രാജിവെയ്ക്കണമെന്നും മാണി ചോദിച്ചു.

അതേസമയം രാജിക്കായി കൂടതല്‍ സമ്മര്‍ദ്ദം വരികയാണെങ്കില്‍ കേരള കോണ്‍ഗ്രസിലെ തനിക്കൊപ്പം നില്‍ക്കുന്ന അഞ്ച് എംഎല്‍എമാരെകൂടി രാജിവെയ്പ്പിക്കാനാണ് തീരുമാനം. എന്നാല്‍ പിന്തുണ പിന്‍വലിക്കുന്നതിനോട് ജോസഫ് ഗ്രൂപ്പിന് യോജിപ്പില്ല. ഇത് പാര്‍ടിക്കുള്ളില്‍ ഭിന്നതയായിട്ടുണ്ട്. മാണിക്കൊപ്പം സര്‍ക്കാര്‍ തന്നെ രാജിവെയ്ക്കണമെന്ന ആവശ്യവും മുന്നോട്ടുവെയ്ക്കണമെന്ന് മാണിഗ്രൂപ്പുകാര്‍ പറയുന്നു. അതിനിടെ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ രാജിസന്നദ്ധത മാണിയെ അറിയിച്ചതായും പറയുന്നു. പിന്തുണ പിന്‍വലിച്ച് സര്‍ക്കാരിനെ കൂടതല്‍ സമ്മര്‍ദ്ദത്തിലാക്കാനുള്ള തന്ത്രമാണ് മാണി സ്വീകരിക്കുക.