KOYILANDY DIARY

The Perfect News Portal

തിരിച്ചറിയല്‍പരേഡ് ഇന്ന് ഉണ്ടായേക്കും

കൊച്ചി > ജിഷവധക്കേസില്‍ നിര്‍ണായകമായ തിരിച്ചറിയല്‍പരേഡ്  ഇന്ന് ഉണ്ടായേക്കും. ഇതിനായുള്ള മജിസ്ട്രേട്ടിന്റെ ഉത്തരവ് പൊലീസ് ജയില്‍ സൂപ്രണ്ടിന് കൈമാറി. മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തില്‍ ഉച്ചയ്ക്കുശേഷമാകും തിരിച്ചറിയല്‍പരേഡ്.

സാക്ഷികള്‍ക്ക് സമന്‍സ് നല്‍കി വിളിപ്പിച്ചശേഷം പ്രതി അമീറുള്‍ ഇസ്ളാം റിമാന്‍ഡില്‍ കഴിയുന്ന കാക്കനാട് ജില്ലാ ജയിലില്‍ മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തിലാണ് പരേഡ് നടത്തുക. പ്രതിക്കൊപ്പം മറ്റ് ഇതര സംസ്ഥാന തൊഴിലാളികളെയും നിര്‍ത്തിയാണ് തിരിച്ചറിയല്‍ പരേഡ്. കൊലപാതകത്തിനുശേഷം ജിഷയുടെ വീടിനുചേര്‍ന്നുള്ള കനാല്‍വഴി പ്രതി ഇറങ്ങിപ്പോകുന്നത് കണ്ടതായിപ്പറയുന്ന അയല്‍വാസി സ്ത്രീയാണ് പ്രധാന സാക്ഷി. തിരിച്ചറിയല്‍ പരേഡിനുമുമ്പ് പ്രതിയുടെ ചിത്രം പുറത്തുപോകാതിരിക്കാനുള്ള കര്‍ശനനടപടികള്‍ ജയിലധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്.

കൊലപാതകദിവസം പ്രതിക്കൊപ്പമിരുന്ന് മദ്യപിച്ചിരുന്നതായി പറയുന്ന സുഹൃത്തിനെ പൊലീസ് ചോദ്യംചെയ്ത് വിട്ടയച്ചു. അസമിലേക്കു പോയ പൊലീസ്സംഘം അമീറുള്‍ ഇസ്ളാമിന്റെ ബന്ധുക്കളില്‍നിന്നു വിശദമായ മൊഴിയെടുക്കും. അമീറുളാണ് കൊല നടത്തിയതെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ടെങ്കിലും കേസ് കോടതിക്കുമുമ്പാകെ എത്തുമ്പോള്‍ പഴുതടച്ചുള്ള പ്രോസിക്യൂഷന് ആവശ്യമായ തെളിവുകളാണ് തേടുന്നത്. തിരിച്ചറിയല്‍പരേഡിനുശേഷം എത്രയുംവേഗം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവ് ശേഖരിക്കും. കൊല നടത്താനുപയോഗിച്ച കത്തിയും രക്തംപുരണ്ട വസ്ത്രവും മറ്റാരോ മാറ്റിയെന്ന് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്.

Advertisements