KOYILANDY DIARY

The Perfect News Portal

അഞ്ജു ബോബി ജോര്‍ജ് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം ഒളിമ്ബ്യന്‍ അഞ്ജു ബോബി ജോര്‍ജ് രാജിവെച്ചു. അപമാനം സഹിച്ച്‌ തുടരാനാകില്ലെന്ന് അവര്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അഞ്ജുവിനൊപ്പം സ്പോര്‍ട്സ് കൗണ്‍സില്‍ ഭരണസമതിയിലെ മുഴുവന്‍ അംഗങ്ങളും രാജി പ്രഖ്യാപിച്ചു.

പല ഫയലുകളിലും ക്രമക്കേട് കണ്ടെത്തിയതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയതെന്ന് അഞ്ജു പറഞ്ഞു. ക്രമക്കേട് അന്വേഷിക്കാന്‍ എത്തിക്സ് കമ്മിറ്റി കൊണ്ടു വരാന്‍ ശ്രമിച്ചത് കടുത്ത എതിര്‍പ്പിന് ഇടയാക്കി. തന്റെ മെയില്‍ ചിലര്‍ ചോര്‍ത്തുന്നുവെന്ന് മനസിലാക്കിയപ്പോള്‍ പരാതി നല്‍കി. സ്പോര്‍ട്സ് മതത്തിനും പാര്‍ട്ടിക്കും അതീതമാണെന്ന് ധരിച്ചുവെന്നും അഞ്ജു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സ്പോര്‍ട്സിനെ തോല്‍പ്പിക്കാം എന്നാല്‍ കായിക താരങ്ങളെ തോല്‍പ്പിക്കാനാവില്ല. ജി.വി രാജയെ കരയിപ്പിച്ചവര്‍ക്ക് മുന്നില്‍ തങ്ങളുടെ വിഷമം ഒന്നുമല്ലെന്ന് അഞ്ജു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്പോര്‍ട്സ് താരങ്ങളുടെ ഭാവി തന്നെ അടിസ്ഥാന വികസനങ്ങളില്ലാതെ നശിക്കുകയാണ്.

Advertisements

സഹോദരന്‍ അജിത് മാര്‍ക്കോസിനെ നിയമിച്ചത് സര്‍ക്കാരാണ്, സ്പോര്‍ട്സ് കൗണ്‍സിലല്ല. എന്നാല്‍ തെറ്റിധാരണയുണ്ടായ സ്ഥിതിക്ക് തന്റെ സഹോദരനും പരിശീലക സ്ഥാനം രാജി വെയ്ക്കുകയാണ്. അഞ്ച് മെഡല്‍ കിട്ടിയ കോച്ചെന്ന നിലയിലാണ് അജിത്തിനെ നിയമിച്ചത്.

കഴിഞ്ഞ 10 വര്‍ഷം കായിക രംഗത്ത് നടന്ന അഴിമതികള്‍ അന്വേഷിക്കണം. മാധ്യമങ്ങളും ജനങ്ങളും ചേര്‍ന്ന് പ്രശ്നങ്ങള്‍ പുറത്തുകൊണ്ടുവരണം. കൗണ്‍സിലിലെ അഴിമതികള്‍ വിജിലന്‍സ് അന്വേഷിക്കണമെന്നും അഞ്ജു ബോബി ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

കായികമന്ത്രി ഇ.പി ജയരാജന്‍ തന്നോട് പരുഷമായി പെരുമാറിയെന്ന് നേരത്തെ അഞ്ജു പരാതിപ്പെട്ടിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കായികമന്ത്രിയെ സന്ദര്‍ശിക്കാന്‍ ആദ്യം തിരുവനന്തപുരത്ത് എത്തിയപ്പോള്‍ തനിക്ക് ദുരനുഭവം ഉണ്ടായെന്നാണ് അഞ്ജു പരാതിപ്പെട്ടത്. സ്പോര്‍ട്സ് കൗണ്‍സില്‍ മുഴുവന്‍ അഴിമതിക്കാരാണെന്ന് കായികമന്ത്രി ഇ.പി ജയരാജന്‍ ആരോപിച്ചതായി അഞ്ജു പരാതിപ്പെട്ടു.

തുടര്‍ന്ന് അവര്‍ കായികമന്ത്രിക്ക് അയച്ച കത്ത് മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. താനും ഒപ്പമുള്ളവരും പണത്തിനുവേണ്ടി കായികരംഗത്തെ വഞ്ചിക്കില്ലെന്ന് അവര്‍ കത്തില്‍ വ്യക്തമാക്കിയിരുന്നു. ആദരിച്ചില്ലെങ്കിലും അപമാനിക്കരുതെന്നും അവര്‍ പറഞ്ഞിരുന്നു.