താലൂക്കിൽ വിവിധ വർക്കുകൾക്ക് വികസന സമിതി യോഗം നിർദ്ദേശം നൽകി

കൊയിലാണ്ടി: താലൂക്കിൽ വിവിധ വർക്കുകൾക്ക് വികസന സമിതി യോഗം നിർദ്ദേശം നൽകി. നഗരത്തിൽ ദേശീയ പാതയിലെ സീബ്രാലൈൻ മാഞ്ഞു പോയത് കാലവർഷത്തിന് മുമ്പ് പുന:സ്ഥാപിക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് താലൂക്ക് വികസന സമിതി യോഗം നിർദേശം നൽകി. നടുവണ്ണൂർ പഞ്ചായത്തിൽ നിത്യവും അപകടങ്ങൾ നടക്കുന്ന കരുവണ്ണൂർ യു.പി.സ്കൂളിനു സമീപം പുതിയ അധ്യയന വർഷം ആരംഭിക്കും മുമ്പ് കൈവരി സ്ഥാപിക്കാനും സീബ്രാലൈൻ മാർക്ക് ചെയ്യാനും ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകി.
കൂരാചുണ്ട് പഞ്ചായത്തിൽ പ്രകൃതിക്ഷോഭത്തിൽ വീട് നഷ്ട്ടപ്പെട്ടവർക്കും, ഡെങ്കിപ്പനി ബാധിച്ച് കിടപ്പിലായവർക്കും. അടിയന്തര ധനസഹായം നൽകുവാനും, സൗജന്യ റേഷൻ ഏർപ്പെടുത്തുന്നതിനും നിർദേശം നൽകി.

ദേശീയ പാതയിൽ ചേമഞ്ചേരി സ്റ്റേഷൻ മുതൽ അരങ്ങാടത്തു വളവു വരെ അപകടങ്ങൾ തുടർക്കഥയാകുന്നതിനെതിരെ നാട്ടുകാരുടെ ഉപരോധത്തെ തുടർന്ന് അധികാരികൾ നൽകിയ ഉറപ്പുകൾ പാലിക്കപ്പെടാത്തതിൽ തുടർ നടപടികൾ അടിയന്തിരമായി സ്വീകരിക്കാൻ നിർദ്ദേശം നൽകി.

യോഗത്തിൽ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിൻസി തോമസ് അദ്ധ്യക്ഷത വഹിച്ചു. തഹസിൽദാർ എൻ.റംല, ഡെപ്യൂട്ടി തഹസിൽദാർ ലതീഷ് കുമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.

