KOYILANDY DIARY

The Perfect News Portal

തച്ചങ്കരിയെമാറ്റി; മന്ത്രസഭായോഗത്തില്‍ തീരുമാനം, ഡിജിപി ആനന്ദകൃഷ്ണന്‍ പുതിയ ഗതാഗത കമ്മീഷണര്‍

തിരുവനന്തപുരം: ഗതാഗത കമ്മിഷണര്‍ സ്ഥാനത്തുനിന്ന് ടോമിന്‍ ജെ. തച്ചങ്കരിയെ മാറ്റി. മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്റെ ആവശ്യത്തെ തുടര്‍ന്നാണ് നടപടി. കമ്മിഷണര്‍ എടുക്കുന്ന തീരുമാനങ്ങള്‍ മന്ത്രി അറിയുന്നില്ലെന്നായിരുന്നു പരാതി. ഹെല്‍മറ്റ് ഇല്ലാത്തവര്‍ക്ക് പെട്രോളില്ല എന്ന തീരുമാനം മുതല്‍ തച്ചങ്കരിയുടെ ജന്മദിനാഘോഷം വരെയുള്ള കാര്യങ്ങളില്‍ മന്ത്രിയും കമ്മിഷണറും തമ്മില്‍ സ്വരചേര്‍ച്ചയില്ലായിരുന്നു. ജന്മദിനാഘോഷം സംബന്ധിച്ച്‌ സര്‍ക്കുലറിറക്കിയ നടപടി അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിയെ മന്ത്രി ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഡിജിപി ആനന്ദകൃഷ്ണന്‍ പുതിയ ഗതാഗത കമ്മീഷണറാകും.

എന്‍.സി.പി. സംസ്ഥാന നേതൃത്വവും തച്ചങ്കരിയെ മാറ്റണമെന്ന ആവശ്യം പരസ്യമായി ഉന്നയിച്ചിരുന്നു.
വകുപ്പുമന്ത്രിയായ തന്നോട് ആലോചിക്കാതെ തച്ചങ്കരി സ്വന്തംനിലയില്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നുവെന്നാണ് ശശീന്ദ്രന്‍ മുഖ്യമന്ത്രിക്കു മുന്നില്‍വെച്ച പ്രധാന ആരോപണം.

തച്ചങ്കരിയുടെ പ്രവര്‍ത്തനം ഗതാഗതവകുപ്പിനെക്കുറിച്ച്‌ ജനങ്ങളില്‍ മോശമായ കാഴ്ചപ്പാടുണ്ടാക്കുന്നുവെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. ഹെല്‍മെറ്റ് ധരിക്കാതെ എത്തുന്ന ഇരുചക്ര വാഹന ഉടമകള്‍ക്ക് ആഗസ്ത് ഒന്നുമുതല്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ പെട്രോള്‍ പമ്ബുകളില്‍ നിന്ന് ഇന്ധനം ലഭിക്കില്ലെന്ന് തച്ചങ്കരി വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവ് താനറിയാതെയാണെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞത് വിവാദമായിരുന്നു.

Advertisements

ഉത്തരവ് ജനങ്ങളെ പീഡിപ്പിക്കുന്നതാണെന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഉത്തരവുകള്‍ ഇറക്കും മുന്‍പ് സര്‍ക്കാരുമായി ആലോചിക്കണമായിരുന്നുവെന്നും അന്ന് മന്ത്രി പറഞ്ഞിരുന്നു.
ഇതുമായി ബന്ധപ്പെട്ടുണ്ടായ വിവാദം കത്തിനില്‍ക്കുന്നതിനിടെയായിരുന്നു തച്ചങ്കരിയുടെ ജന്മദിനത്തില്‍ ആര്‍.ടി. ഓഫീസുകളില്‍ മധുരം വിതരണം ചെയ്തത്. ഇതും കടുത്ത വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തിയതോടെയാണ് തച്ചങ്കരിയുമായി വകുപ്പിന് മുന്നോട്ട് പോവാനാവില്ലെന്ന് ശശീന്ദ്രന്‍ മുഖ്യമന്ത്രിയെ അറിയിച്ചത്.