KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഫയർ സ്റ്റേഷൻ യാഥാർത്ഥ്യമാകുന്നു

കൊയിലാണ്ടി: പിണറായി സർക്കാർ ആദ്യ ബജറ്റിൽ പ്രഖ്യാപിച്ച കൊയിലാണ്ടി ഫയർ സ്റ്റേഷൻ യാഥാർത്ഥ്യമാകുന്നു. കൊയിലാണ്ടി സ്‌പോർട്‌സ്‌കൗൺസിൽ സ്റ്റേഡിയത്തിൽ താൽക്കാലിക ഷെഡ്ഡ് നിർമ്മിച്ച് വാഹനസൗകര്യം ഒരുക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനം ശനിയാഴ്ച കാലത്ത് 9 മണിക്ക് നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യന്റെ സാന്നിധ്യത്തിൽ എം. എൽ്. എ. കെ. ദാസൻ നിർവ്വഹിക്കും. സ്‌പോർട്‌സ് കൗൺസിൽ സ്റ്റേഡിയത്തിന്റെ കിഴക്ക് വശമുള്ള അഞ്ച് പീടികമുറികൾ ഇതിന് വേണ്ടി വിട്ടുകൊടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഉദ്യോഗസ്ഥതലത്തിൽ പൂർത്തിയായി. 17 ജീവനക്കാർക്കുള്ള സൗകര്യമാണ് ആദ്യഘട്ടത്തിൽ ഒരുക്കുന്നത്.
കൊയിലാണ്ടി നഗരസഭയുടെ കൈവശമുള്ള ഹോമിയോ ആശുപത്രി കോംബൗണ്ടിൽ 29.6 സെന്റ് സ്ഥലം ഫയർ സ്റ്റേഷന് വേണ്ടി നഗരസഭ സർക്കാരിന് കൈമാറികഴിഞ്ഞു. സർക്കാരിന്റെ അനുമതി ലഭിക്കുന്നമുറക്ക് നിർദ്ധിഷ്ട സ്ഥലത്ത് കെട്ടിടത്തിന്റെ പണിതുടങ്ങാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കൊയിലാണ്ടിയിലെ പൊതുസമൂഹം. എം. എൽ. എ. കെ. ദാസന്റെയും, നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യന്റെയും നിരന്തരമായ ഇടപെടലിന്റെ ഭാഗമായാണ് ഇത്ര പെട്ടന്ന് ഫയർ സ്റ്റേഷൻ യാഥാർത്ഥ്യമാകാൻ കാരണം.

സമീപകാലത്ത് നിരവധി വ്യാപാര സ്ഥാപനങ്ങാണ് ഫയര്‍‌സ്റ്റേഷനില്ലാത്തതിന്റെ ഭാഗമായി കത്തിയമർന്നത്. ഒരു ദുരന്തമുണ്ടായാൽ വടകരയിൽ നിന്നും പേരാമ്പ്രയിൽ നിന്നും അല്ലെങ്കിൽ കോഴിക്കോട് നിന്നോ ഫയർ വണ്ടി വരുമ്പൊഴേക്കും തീപിടിച്ച വസ്തുവകകൾ കത്തിയമരുന്നതും കോടിക്കണക്കിന് രൂപ നഷ്ടപപെടുന്നതും കൊയിലാണ്ടിയിൽ വലിയ വിവാദങ്ങൾക്കാണ് കാരണമായത്.