KOYILANDY DIARY

The Perfect News Portal

ഡീഅഡിക്ഷന്‍ സെന്‍റര്‍ കോഴിക്കോട് ബീച്ച്‌ ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

കോഴിക്കോട്: ജില്ലാ തലത്തില്‍ മയക്കുമരുന്ന്‌,  മദ്യം ഡീഅഡിക്ഷന്‍ സെന്‍റര്‍ കോഴിക്കോട് ബീച്ച്‌ ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. മദ്യം മയക്കു മരുന്ന് തുടങ്ങിയ ലഹരി വസ്തുക്കളില്‍ നിന്നും വിമുക്തി നേടാനായി എക്സൈസ് ഡിപ്പാര്‍ട്ട്മെന്‍റ് ആണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ലഹരിക്കടിമപ്പെട്ടവരെ വിദഗ്ധ ഡോക്ടേഴ്സിന്‍റെ സഹായത്തോടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ച്‌ കൊണ്ടുവരികയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതോടൊപ്പം യുവതലമുറയ്ക്കും ലഹരിക്കടിമപ്പെട്ടുപോയവര്‍ക്കുമായുള്ള പ്രത്യേക കൗണ്‍സിലിങ് ക്ലാസുകളും ഇവിടെ നല്‍കുന്നുണ്ട്.

എക്സൈസിന്‍റേയും പോലീസിന്‍റേയും ശ്രദ്ധയില്‍പ്പെടുന്ന മയക്കുമരുന്നിന് അടിമപ്പെട്ടവരെ ഡീഅഡിക്ഷന്‍ സെന്‍ററില്‍ എത്തിച്ച്‌ ചികിത്സയ്ക്കുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.  ലഹരിക്കടിമപ്പെട്ട് പല തെറ്റുകളിലും എത്തുന്ന നിരവധി പേരെ സ്വകാര്യാശുപത്രികളിലെ ഡീഅഡിക്ഷന്‍ സെന്‍ററുകളിലേക്കും മാനസികാരോഗ്യകേന്ദ്രങ്ങളിലേക്കുമാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞയയ്ക്കുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമായതോടെ ഇതിനൊരു മാറ്റമുണ്ടാക്കാന്‍ ബീച്ച്‌ ഹോസ്പിറ്റലിനു സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

എല്ലാ ജില്ലകളിലും പദ്ധതി തുടങ്ങുവാനുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പഞ്ചായത്ത് തലത്തിലും പദ്ധതി ആരംഭിക്കാനുള്ള നടപടികള്‍ നടക്കുന്നുണ്ട്. സ്കൂള്‍ കോളജ് തലങ്ങളിലും കൂടാതെ അയല്‍ക്കൂട്ടം പോലുള്ള കൂട്ടായ്മകളിലും പദ്ധതി നടപ്പാക്കും. ലഹരി വസ്തുക്കളെ പൂര്‍ണ്ണമായി സമൂഹത്തില്‍ നിന്നും ഒഴിവാക്കലാണ് വിമുക്തി പ്രധാനമായും ലക്ഷ്യമിടുന്നത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *