KOYILANDY DIARY

The Perfect News Portal

ഡി. വൈ. എഫ്. ഐ. നിർമ്മിച്ചു നൽകുന്ന വീടുകളുടെ താക്കോൽ തിങ്കളാഴ്ച കൈമാറും

കൊച്ചി :  അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ നിര്‍മിച്ചു നല്‍കുന്ന 13 വീടുകളില്‍ മൂന്നു വീടുകളുടെ താക്കോല്‍ കൈമാറ്റം തിങ്കളാഴ്ച കളമശേരി, വൈറ്റില, നോര്‍ത്ത് പറവൂര്‍ എന്നിവിടങ്ങളില്‍ നടക്കും. കളമശേരിയില്‍ നിര്‍മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ കൈമാറ്റം വൈകീട്ട് ആറിന് പി രാജീവും ആഷിക് അബുവും ചേര്‍ന്ന് നിര്‍വഹിക്കും. വൈറ്റിലയില്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ എം സ്വരാജ് എം എല്‍ എ വൈകീട്ട് ഏഴ് മണിക്ക് കൈമാറും. വൈകീട്ട് മൂന്നിന് പറവൂര്‍ മൂത്തകുന്നത്ത് മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ താക്കോല്‍ കൈമാറും.
വൈറ്റിലയില്‍ ചെലവന്നൂര്‍ കായനിനടുത്ത് വേലിയേറ്റത്തില്‍ വെള്ളംകയറുന്ന ചായ്പില്‍ താമസിച്ചിരുന്ന പണ്ടാരച്ചിറ വാകയില്‍ വി എം ജോര്‍ജ് എന്ന വര്‍ഗീസിനാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വീട് നിര്‍മിച്ചു നല്‍കിയത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകരും തൊഴിലാളി സംഘടനാ പ്രവര്‍ത്തകരും ചേര്‍ന്ന് പൂര്‍ണമായും ശ്രമദാനമായാണ് വീടിന്റെ നിര്‍മാണം മാതൃകാപരമായി പൂര്‍ത്തീകരിച്ചത്. ജോലികഴഞ്ഞ് വന്ന് വൈകുന്നേരങ്ങളിലും രാത്രിയിലുമായിരുന്നു നിര്‍മാണം. അതു കൊണ്ടു തന്നെ വളരെ കുറഞ്ഞ ചെലവില്‍ 480 സ്‌ക്വയര്‍ ഫീറ്റിന്റെ വീട് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. കൂലിപ്പണിക്കാരനായ വര്‍ഗീസിന് ഭാര്യയും രണ്ടു പെണ്‍മക്കളുമാണുള്ളത്. ഡിസംബര്‍ 15ന് റവ. ഫാ. സെബാസ്റ്റ്യനും എന്‍ സതീഷും ചേര്‍ന്നാണ് വീടിന് തറക്കല്ലിട്ടത്.
നോര്‍ത്ത് പറവൂര്‍ മൂത്തകുന്നത്തിന് സമീപം പുഴയോരത്ത് വഖഫ് ബോര്‍ഡ് പുറമ്പോക്കില്‍ 60 വര്‍ഷമായി താമസിക്കുന്ന വാഴപ്പറമ്പില്‍ വി ആര്‍ സുമക്കാണ് ഡിവൈഎഫ്ഐ വീട് വെച്ചു നല്‍കുന്നത്. രണ്ട് മക്കളുള്ള സുമ ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് അമ്മയോടൊപ്പമായിരുന്നു താമസം. അമ്മ മരിച്ചതോടെ ജീര്‍ണിച്ച ഓലപ്പുരയില്‍ അമ്മയും മക്കളും അരക്ഷിതാവസ്ഥയിലാണ് ജീവിച്ചു പോന്നത്. മൂത്തകുന്നം ക്ഷേത്രത്തില്‍ മുറ്റമടിച്ചു കിട്ടുന്ന തുച്ഛമായ പ്രതിഫലം കൊണ്ടാണ് ജീവിതം. പുറമ്പോക്ക് ഭൂമിക്ക് കൈവശ രേഖ കിട്ടിയിട്ടില്ലാത്തതിനാല്‍ റേഷന്‍ പോലും ഇവര്‍ക്ക് ലഭിക്കുന്നില്ല. ആറര ലക്ഷം രൂപ ചെലവില്‍ 450 സ്‌ക്വയര്‍ ഫീറ്റിന്റെ വീടാണ് ഇവര്‍ക്കായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നിര്‍മിച്ചിരിക്കുന്നത്. ഡിസംബര്‍ ഒമ്പതിന് കല്ലിടലും 16ന് കട്ടിളവെപ്പും നടന്ന വീട് തടസങ്ങളെല്ലാം അതിജീവിച്ച് പൂര്‍ത്തിയാക്കാന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് സാധിച്ചു.
എലൂര്‍ വടക്കുംഭാഗം മേപ്പാടത്ത് ദിവാകരന്റെ ജീര്‍ണിച്ച് പൊളിഞ്ഞു തുടങ്ങിയ വീടിരുന്ന സ്ഥാനത്താണ് കളമശേരിയിലെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ 490 സ്‌ക്വയര്‍ ഫീറ്റില്‍ പുതിയ വീട് നിര്‍മിച്ചിരിക്കുന്നത്. രോഗം മൂലം ജോലിക്ക് പോകാന്‍ കഴിയാത്ത ദിവാകരന്റെ കുടുംബത്തിന്റെ ഏക വരുമാനം ഭാര്യ രതി പച്ചക്കറി കടയില്‍ സഹായിയി ജോലി ചെയ്ത് കിട്ടുന്ന തുച്ഛമായ വേതനമാണ്. രോഗശയ്യിലായ വൃദ്ധമാതാവും ഇവര്‍ക്കൊപ്പമുണ്ട്. ജീവിതം വഴിമുട്ടി നിന്ന ഘട്ടത്തില്‍ കൈത്താങ്ങുമായി ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ഇവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കാന്‍ തയ്യാറായി മുന്നോട്ടു വരികയായിരുന്നു.

ചൊവ്വാഴ്ച രാവിലെ 9ന് എന്‍ എന്‍ കൃഷ്ണദാസ് കൊച്ചിയിലെ വീടിന്റെ താക്കോല്‍ കൈമാറും. കൊച്ചിയില്‍ മേരി എന്ന 83 വയസുകാരിക്കാണ് വീട് നിര്‍മിച്ചു നല്‍കുന്നത്. ഇവരോടൊപ്പമുള്ള രണ്ടു മക്കളില്‍ 60 വയസുള്ള മകന്‍ മാനസിക രോഗിയാണ്. സംസാരശേഷിയും കേള്‍വിശക്തിയുമില്ലാത്ത മകളും കൂടെയുണ്ട്. പ്ലാസ്റ്റിക് കവറുകളിട്ട് മൂടിയ ഷെഡില്‍ മറ്റുള്ളവരുടെ കാരുണ്യം കൊണ്ടാണ് ഇവര്‍ ജീവിതം തള്ളിനീക്കിയിരുന്നത്. 440 സ്‌ക്വയര്‍ ഫീറ്റ് വീടാണ് ഇവര്‍ക്കു വേണ്ടി ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ നിര്‍മിച്ചിരിക്കുന്നത്. ഡിസംബര്‍ 16ന് കെ ജെ മാക്‌സിയാണ് വീടിന് തറക്കല്ലിട്ടത്.

 

Leave a Reply

Your email address will not be published. Required fields are marked *