KOYILANDY DIARY

The Perfect News Portal

ജീവിത വഴികളില്‍ ഒറ്റപ്പെട്ടുപോയവര്‍ക്ക് തണലിടമായി കല്‍പ്പറ്റയിലെ പീസ് വില്ലേജ്

കല്‍പ്പറ്റ: ജീവിത വഴികളില്‍ ഒറ്റപ്പെട്ടുപോയവര്‍ക്ക് തണലിടമായി മാറുകയാണ് വയനാട്ടിലെ വെങ്ങപ്പള്ളി പഞ്ചായത്തിലെ പിണങ്ങോട് പുഴക്കരയിലെ പീസ് വില്ലേജ്. തെരുവ് ബാല്യങ്ങള്‍ മുതല്‍ യാതന അനുഭവിക്കുന്ന ഭിന്നശേഷിക്കാരും ഉപേക്ഷിക്കപ്പെട്ട വൃദ്ധജനങ്ങളും ഉള്‍പ്പെടെ സമൂഹത്തില്‍ അനാഥത്വം പേറുന്നവര്‍ക്ക് ജാതി, മത പരിഗണനകള്‍ക്കതീതമായി സംരക്ഷണമൊരുക്കുകയാണ് ഇവിടം.

പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍, കൗണ്‍സിലിംഗ് സെന്റര്‍, സേവന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ തല്‍പരരായ വിദ്യാര്‍ത്ഥി- യുവജനങ്ങള്‍ക്കായി പരിശീലനം, സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ പരിശീലനകേന്ദ്രം, സേവനമനസ്സുകള്‍ക്ക് കുടുംബസമേതം താമസിക്കാവുന്ന കോട്ടേജുകള്‍ തുടങ്ങിയ ബഹൃദ്‌  പദ്ധതികളാണ് പീസ് വില്ലേജ് വിഭാവനം ചെയ്യുന്നത്. 2018 ജനുവരി നാലിനാണ് പീസ് വില്ലേജെന്ന സ്വപ്നം പ്രാവര്‍ത്തികമാവുന്നത്. പീസ് വില്ലേജ് ഫൗണ്ടേഷന്‍ എന്ന ട്രസ്റ്റാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിവിധ ആവശ്യങ്ങള്‍ക്കായി ഇവിടെയെത്തി പിന്നീട് തീര്‍ത്തും ഒറ്റപ്പെട്ടുപോയ നിരവധി പേരാണ് ഇവിടുത്തെ അന്തേവാസികളായി ജീവിക്കുന്നത്. മുകേഷും, ഗണേശുമെല്ലാം അവരില്‍ ചിലര്‍ മാത്രം. സാമ്ബത്തികമായി ഏറെ മുന്നോക്കം നില്‍ക്കുന്ന മക്കളുണ്ടായിട്ടും ഉപേക്ഷിക്കപ്പെട്ട മാതാപിതാക്കളും പീസ് വില്ലേജിലുണ്ട്. ഇതിനെല്ലാമപ്പുറം പീസ് വില്ലേജിനെ ശ്രദ്ധേയമാക്കുന്ന മറ്റൊന്നുണ്ട്.

Advertisements

കേരളത്തിലെ ആദ്യ ടെസ്റ്റ്യൂബ് ശിശുവിന് ജന്മം നല്‍കിയ ഭവാനിയമ്മ പീസ് വില്ലേജിലെ അന്തേവാസിയായിരുന്നു. മൂവാറ്റുപുഴ സ്വദേശിയായിരുന്ന ഭവാനിയമ്മയുടെ കുഞ്ഞ് വെള്ളത്തില്‍ വീണ് മരിച്ചതോടെയാണ് അവര്‍ വയാനാട്ടിലെത്തുന്നത്. ഏകാന്തജീവിതം നയിച്ചുവന്ന അവര്‍ ആശുപത്രിയില്‍ ദൈന്യജീവിതം നയിക്കുന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെ പുറംലോകമറിഞ്ഞപ്പോഴാണ് പീസ് വില്ലേജ് അവരെ ഏറ്റെടുക്കുന്നത്. പിന്നീട് ഭവാനിയമ്മ മരിക്കുന്നത് വരെ അവര്‍ പീസ് വില്ലേജിലെ അന്തേവാസിയായിരുന്നു. അനാഥര്‍ക്കും ആശ്രയമില്ലാത്തവര്‍ക്കും നിയമപരമായ രീതിയിലൂടെ ജാതിമത ഭേദമെന്യെ ഈ സമാധാനഗ്രാമത്തിലേക്ക് വരാം. പിന്നീട് മരിക്കുന്നത് വരെ അവര്‍ സുരക്ഷിതരുമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *