ജിഷവധക്കേസില്‍ അന്തിമവാദം ഇന്ന്

കൊച്ചി: പെരുമ്പാവൂര്‍ ജിഷവധക്കേസില്‍ അന്തിമവാദം ഇന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും. കേസില്‍ പ്രതിഭാഗം സാക്ഷി വിസ്താരം പൂര്‍ത്തിയായി. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കെ, ജിഷക്കകേസിലെ അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് ഇന്ന് പ്രതിഭാഗത്തിന്റെ ആവശ്യപ്രകാരം കോടതിയില്‍ ഹാജരാക്കുന്നുണ്ട്.
ഈ റിപ്പോര്‍ട്ട് ജിഷവധക്കേസില്‍ തിരിച്ചടിയായേക്കുമെന്ന ഭീതി പ്രോസിക്യൂഷനുണ്ട്. അന്വേഷണം തുടക്കംമുതല്‍ പാളിയതിനു പിന്നിലെ കാരണങ്ങളെപ്പറ്റി കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

വിജിലന്‍സ് റിപ്പോര്‍ട്ട് വിളിച്ചുവരുത്താന്‍ നിര്‍ദേശം നല്‍കണമെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം പരിഗണിച്ചാണ് കോടതി ഈ റിപ്പോര്‍ട്ട് വിളിച്ചുവരുത്തുന്നത്. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതില്‍ ഗുരുതര വീഴ്ചയുണ്ടായെന്നും കേസ് കോടതിയില്‍ നിലനില്‍ക്കില്ലെന്നുമാണു വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിന്റെ നിര്‍ദേശാനുസരണം സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടിലുള്ളത്.

പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും സാക്ഷികളുടെ വിസ്താരം നേരത്തെ പൂര്‍ത്തിയായിരുന്നു. 2016 ഏപ്രില്‍ 28നു വൈകുന്നേരം 5.30 നും ആറിനുമിടയില്‍ പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടിയിലെ ഒറ്റമുറി വീട്ടിലേക്ക് അതിക്രമിച്ചുകയറിയ പ്രതി അമീറുള്‍ ഇസ് ലാം ജിഷയെ മാനഭംഗശ്രമത്തിനിടെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

