KOYILANDY DIARY

The Perfect News Portal

ജയില്‍ ചാടുന്നതിനായി ദിവസങ്ങള്‍ നീണ്ട ആസൂത്രണം നടത്തിയതായി യുവതികള്‍: മതില്‍ ചാടികടന്നത് കമ്പിയില്‍ സാരി ചുറ്റി

തിരുവനന്തപുരം : അട്ടക്കുളങ്ങരയിലെ വനിത ജയിലില്‍ നിന്നും മതിലുചാടി രക്ഷപ്പെട്ട യുവതികള്‍ പിടിയിലായതോടെ സംഭവത്തിന് പിന്നില്‍ മറ്റാരുടേയെങ്കിലും കൈകളുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്. പിടിയിലായ തടവ്പുള്ളികളെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ നിരവധി വിവരങ്ങളാണ് ലഭിച്ചത്. ജയില്‍ ചാടുന്നതിനായി ദിവസങ്ങള്‍ നീണ്ട ആസൂത്രണം നടത്തിയതായി യുവതികള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. അതേ സമയം സംഭവത്തില്‍ ഉദ്യോഗസ്ഥ വീഴ്ചയുള്ളതായി ജയില്‍ ഡിഐജി സന്തോഷ് കുമാറിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗിന് നല്‍കും. മോഷണ തട്ടിപ്പ് കേസുകളില്‍ പ്രതികളായി പൊലീസ് പിടികൂടിയതോടെയാണ് സന്ധ്യയും ശില്‍പയും അട്ടക്കുളങ്ങരയിലെ വനിത ജയിലിലെത്തുന്നത്. അഭിഭാഷകനുമായി സംസാരിക്കവേ ആറ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് മനസിലായതോടെയാണ് രക്ഷപ്പെടാന്‍ തീരുമാനിച്ചതെന്ന് യുവതികള്‍ പൊലീസിനോട് പറഞ്ഞു. രക്ഷപ്പെടാനായി ജയിലിലെ മൂന്നാമത്തെ നിലയില്‍ കയറി പരിസരം നിരീക്ഷിച്ചിരുന്നു. മാലിന്യം കൂട്ടിയിട്ടിരുന്ന ബയോഗ്യാസ് പ്ലാന്റിന് സമീപത്തെ കമ്ബിയില്‍ തുണി ചുറ്റിയാണ് രക്ഷപ്പെട്ടത്.

അട്ടക്കുളങ്ങരജയില്‍ മതിലില്‍ കയറി റോഡിലേക്ക് ചാടിയ ഇവര്‍ അതുവഴി വന്ന ഓട്ടോറിക്ഷ കൈകാണിച്ച്‌ നിര്‍ത്തി. അതില്‍ കയറി എസ്.എ.ടി. ആശുപത്രിയിലെത്തി. കൈവശം പണമില്ലാതിരുന്ന ഇവര്‍ പണവുമായി ഉടനെത്താമെന്ന് പറഞ്ഞ് ആട്ടോക്കാരനെ പറ്റിച്ച്‌ മുങ്ങി. തിരിച്ചറിയാതിരിക്കാന്‍ രോഗികളുടെ വസ്ത്രങ്ങള്‍ കൈക്കലാക്കി ഡ്രസ് മാറി. ജയില്‍ ചാടിയ വേഷത്തില്‍ കറങ്ങി നടന്നാല്‍ പിടിക്കപ്പെടുമെന്ന് കരുതിയായിരുന്നു ഇത്. മെഡിക്കല്‍ കോളേജിലും എസ്.എ.ടിയിലും നിന്ന് ചികിത്സയ്ക്കും മരുന്നിനും പണമില്ലെന്ന് പറഞ്ഞ് പലരില്‍ നിന്നായി പൈസ പിരിച്ചു. രണ്ടായിരത്തിലധികം രൂപയുമായി അവിടെ നിന്ന് ഓട്ടോയില്‍ കയറി നഗരത്തിലെത്തി.ഹോട്ടലില്‍ നിന്ന് ആഹാരം കഴിച്ചു. രാത്രിയില്‍ ബസില്‍ പാരിപ്പള്ളി വഴി വര്‍ക്കലയിലെത്തിയ ഇവര്‍ വീടിന്റെ ടെറസില്‍ കിടന്നുറങ്ങി. പുലര്‍ച്ചെ വര്‍ക്കല റെയില്‍വേ സ്റ്റേഷനിലെത്തിയ ഇവര്‍ അവിടെ നിന്ന് അയിരൂര്‍ സ്വദേശി വൈശാഖിന്റെ ആട്ടോയില്‍ പാരിപ്പള്ളി ഭാഗത്തെത്തി. ആട്ടോ ഡ്രൈവര്‍ വൈശാഖിന്റെ ഫോണില്‍ നിന്ന് സന്ധ്യ ആരെയോ വിളിച്ചു.

Advertisements

ഫോണ്‍ സംഭാഷണത്തില്‍ സംശയം തോന്നിയ വൈശാഖ് ഇവരെ പാരിപ്പള്ളിയില്‍ ഇറക്കിയശേഷം അതേ നമ്പറിലേക്ക് തിരിച്ചുവിളിച്ചു. സന്ധ്യയുടെ പുരുഷ സുഹൃത്തായിരുന്നു ഫോണെടുത്തത്. ഇയാളില്‍ നിന്ന് ജയില്‍ ചാടിയ യുവതികളായിരുന്നു ആട്ടോയില്‍ യാത്രചെയ്തതെന്ന് തിരിച്ചറിഞ്ഞ ആട്ടോഡ്രൈവര്‍ ഇക്കാര്യം ഉടന്‍ ഫോര്‍ട്ട് സി.ഐയെ അറിയിച്ചു.ഉടന്‍ ഫോര്‍ട്ട് അസി. കമ്മിഷണറുടെ നിര്‍ദേശാനുസരണം തിരുവനന്തപുരം റൂറല്‍ പൊലീസ് ഷാഡോ സംഘവും അയിരൂര്‍, കല്ലമ്ബലം , ഫോര്‍ട്ട് എസ്.ഐ മാരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്ത് കുതിച്ചെത്തി.

പാരിപ്പളളി, വര്‍ക്കല, കല്ലമ്പലം ഭാഗങ്ങള്‍ അരിച്ചുപെറുക്കി. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നതിനിടെ കൊച്ചുപാരിപ്പള്ളി ഭാഗത്ത് സന്ധ്യയെ കണ്ടതായി ഇവരുടെ ആദ്യഭര്‍ത്താവിന്റെ അയല്‍വാസിയായ ബാഹലേയന്‍ പൊലീസിനെ അറിയിച്ചു. പൊലീസ് ഇവിടേക്ക് പാഞ്ഞെങ്കിലും വലയില്‍പ്പെടാതെ യുവതികള്‍ കടന്നു.സ്‌കൂട്ടറുമായി മുങ്ങി ,പൊക്കികൈവശമുള്ള പണം തീരുകയും പൊലീസ് തങ്ങള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് മനസിലാക്കുകയും ചെയ്ത ഇരുവരും തമിഴ്നാട്ടിലേക്ക് കടക്കാന്‍ തീരുമാനിച്ചു.

ഇതിനുള്ള മാര്‍ഗങ്ങള്‍ ആലോചിക്കുന്നതിനിടെയാണ് പാരിപ്പള്ളിയില്‍ സെക്കന്റ് ഹാന്റ് വാഹന ഷോറൂമില്‍ വില്‍ക്കാന്‍ വച്ചിരുന്ന സ്‌കൂട്ടര്‍ ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്. സ്‌കൂട്ടര്‍ വാങ്ങാനെന്നവ്യാജേന സന്ധ്യയെത്തി. വൈകിട്ട് പണവുമായി വരാമെന്ന് പറഞ്ഞപോയി. വൈകിട്ട് മൂന്നുമണിയോടെ ഇരുവരും പാരിപ്പള്ളി ജംഗ്ഷനിലെ സെക്കന്റ് ഹാന്റ് ടൂവീലറുകള്‍ വില്‍ക്കുന്ന കടയിലെത്തി. അവിടെ വില്‍പ്പനയ്ക്ക് വച്ചിരുന്ന സ്‌കൂട്ടര്‍ ഓടിച്ച്‌ നോക്കാനായി എടുത്തു. ഇരുവരും സ്‌കൂട്ടറില്‍ കയറി ഓടിച്ചു പോയി.

ഏറെ നേരമായിട്ടും സ്‌കൂട്ടറില്‍ പോയവര്‍ തിരികെ വരാത്തതിനെ തുടര്‍ന്ന് കടക്കാരന്‍ വിവരം പൊലീസിനെ അറിയിച്ചു. പാരിപ്പളളി പൊലീസെത്തി അന്വേഷണം നടത്തിയപ്പോഴാണ് ജയിലില്‍ നിന്ന് രക്ഷപ്പെട്ട സ്ത്രീകളാണ് സ്‌കൂട്ടറുമായി കടന്നതെന്ന് തിരിച്ചറിഞ്ഞത്. പാരിപ്പള്ളിയില്‍ നിന്ന് പാലോട് ഭാഗത്തേക്ക് ഇവര്‍ പോയതായി വിവരം ലഭിച്ച അന്വേഷണ സംഘം പാങ്ങോട്, പാലോട് പൊലീസ് സ്റ്റേഷനുകളില്‍ അറിയിച്ചു.

പാങ്ങോട് ശില്‍പ്പയുടെ വീട്ടിലും പരിസരത്തും പാലോട് പ്രദേശത്തും നിരീക്ഷണം തുടരുന്നതിനിടെ അടപ്പുപാറ വനത്തിന്റെ ഭാഗത്ത് വച്ച്‌ സ്‌കൂട്ടറില്‍ യാത്രചെയ്ത ഇവരെ പൊലീസ് കണ്ടെത്തുകയും പിന്തുടര്‍ന്ന് പിടികൂടുകയുമായിരുന്നു. പാലോട് പൊലീസ് സ്റ്റേഷനിലെത്തിച്ച ഇരുവരെയും രാത്രി തന്നെ വനിതാ സ്റ്റേഷനില്‍ നിന്നുള്ള പൊലീസ് സംഘം ഇവരെ നഗരത്തിലെത്തിച്ചു. ഇന്ന് വിശദമായി ചോദ്യം ചെയ്യും.ജയില്‍ചാടിയതിന് പുറമേ പാരിപ്പള്ളിയില്‍ സ്‌കൂട്ടര്‍ തട്ടിയെടുത്ത് മുങ്ങിയതിനും ഇവര്‍ക്കെതിരെ കേസെടുത്തു. ഒളിവില്‍ കഴിഞ്ഞ സമയത്ത് പണമോ സാധനങ്ങളോ മോഷ്ടിച്ചതിനും ആട്ടോക്കാരനെ കബളിപ്പിച്ച്‌ മുങ്ങിയതിനും പരാതിലഭിച്ചാല്‍ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *