ചെന്നിത്തലയുടെ കത്ത് കിട്ടിയിട്ടില്ലെന്ന് മുകുള്‍ വാസ്നിക്

ന്യൂഡല്‍ഹി: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ കത്ത് ഹൈക്കമാന്‍ഡിന് കിട്ടിയിട്ടില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്. കത്ത് ലഭിച്ചതായി എ.ഐ.സി.സി സ്ഥിരീകരിച്ചുവെന്ന തരത്തില്‍ ദൃശ്യമാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്ത തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തില്‍ അനാവശ്യ വിവാദങ്ങളിലേക്ക് പോകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയെയും വി.എം സുധീരനെയും വിമര്‍ശിച്ചുകൊണ്ട് മന്ത്രി രമേശ് രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിന് അയച്ചുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കത്ത് മാധ്യമങ്ങള്‍ പുറത്തുവിടുകയും ചെയ്തിരുന്നു. എന്നാല്‍, കത്ത് വ്യാജമാണെന്ന് രമേശ് ചെന്നിത്തല കെ.പി.സി.സി യോഗത്തില്‍ വിശദീകരിച്ചിരുന്നു.

അതിനിടെ, കത്ത് വിവാദത്തില്‍ ഒളിയമ്പുകളുമായി എ – ഐ ഗ്രൂപ്പുകള്‍ രംഗത്തെത്തി. പരാതികള്‍ പാര്‍ട്ടി വേദികളില്‍ ഉന്നയിച്ച് പരിഹാരം കണ്ടെത്താനാണ് നേതാക്കള്‍ ശ്രമിക്കേണ്ടതെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കോട്ടയത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു. ജനങ്ങളെ ഹരംകൊള്ളിക്കുന്ന പ്രസ്താവനകള്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

തൊട്ടുപിന്നാലെ തിരുവഞ്ചൂരിന് മറുപടിയുമായി ജോസഫ് വാഴയ്ക്കന് രംഗത്തെത്തി. അച്ചടക്കത്തെക്കുറിച്ച് പറയാന്‍ പത്രസമ്മേളനം നടത്തിയത് ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു. കത്തില്‍ ഗൂഢാലോചനയുണ്ടെന്ന സംശയം ബലപ്പെടുന്നു. വൈകിയാണെങ്കിലും അച്ചടക്കത്തെക്കുറിച്ച് വെളിപാടുണ്ടായത് നന്നായെന്നും അദ്ദേഹം പറഞ്ഞു.

