KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ട് കാവ് മേല്‍പ്പാലം അവഗണനയുടെ പാതയില്‍

കൊയിലാണ്ടി> കോഴിക്കോട് ജില്ലയിലെ ചെങ്ങോട്ട് കാവ് മേല്‍പ്പാലം അവഗണനയിലായിട്ട് മാസങ്ങളോളമായി. നാട്ടുകാരുടേയും യുവജന സംഘടനകളുടേയും പ്രതിഷേധങ്ങളെ അധികൃതര്‍ അവഗണിക്കുകയാണ്. പാലം പൊട്ടിപ്പൊളിഞ്ഞതുമൂലം പാലത്തിനു മുകളില്‍ ഗതാഗതക്കുരുക്ക് പതിവായിരിക്കയാണ്. അങ്ങനെ മണിക്കൂറുകളോളം പാലത്തില്‍ കുടുങ്ങുന്ന വാഹനങ്ങള്‍ ലക്ഷ്യ സ്ഥാനത്തെത്താന്‍ അമിതവേഗതയില്‍ പോകുമ്പോള്‍ വലിയ ദുരന്തങ്ങളാണ് സമീപഭാവിയില്‍ ഉണ്ടായിട്ടുളളത്. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ചെങ്ങോട്ട് കാവിലെ ഡി.വൈ.എഫ്.ഐ നേതാവിന്റെ ജീവന്‍ പാലത്തിനു മുകളില്‍ ഹോമിക്കപ്പെട്ടത്. കൂടാതെ പാലത്തിനു മുകളിലെ കുഴികള്‍ വെട്ടിക്കുമ്പോള്‍ നിരവധി അപകടങ്ങളാണ് സമീപകാലത്ത് ഉണ്ടായത്. പൊട്ടിപ്പൊളിഞ്ഞ നടപ്പാതയുടെ ഇരു ഭാഗങ്ങളിലൂടെ സഞ്ചരിക്കാന്‍ കാല്‍നടക്കാര്‍ക്ക് വലിയ സാഹസികത തന്നെ വേണ്ടിവരുന്ന സ്ഥിതിയാണുളളത്. പത്തുവര്‍ഷം പഴക്കമുളള പാലം ഉദ്ഘാടനത്തിനു ശേഷം അതിന്റെ മെയിന്റനന്‍സ് വര്‍ക്കിന്റെ ചുമതല ആര്‍.ബി.ഡി.സിക്കായിരുന്നു. തുടര്‍ന്നുളള വര്‍ഷങ്ങളില്‍ നാമമാത്രമായ സംഖ്യയാണ് എന്‍.എച്ച് വിഭാഗം അനുവദിക്കാറുളളത്. അതിന്റെ വര്‍ക്കില്‍ തന്നെ വന്‍ അഴിമതിയാണ് നടക്കുന്നതെന്ന് നാട്ടുകാരില്‍ പരക്കെ ആക്ഷേപമുണ്ട്. ഇതിനെതിരെ കഴിഞ്ഞ ദിവസം ഡി.വൈ.എ.ഫ്.ഐ. മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ പാലം ഉപരോധിച്ചിരുന്നു. വിളക്കുകാലുകള്‍ പ്രകാശിക്കാത്തത് രാത്രികാലങ്ങളില്‍ കാല്‍നടയാത്ര ദുഷ്‌ക്കരമായിരിക്കുയാണ്. സ്ത്രീകളും കുട്ടികളും വലിയ ഭീതിയോടുകൂടിയാണ് ഇതുവഴി സഞ്ചരിക്കുന്നത്. പാലത്തിനടിയിലാണെങ്കില്‍ രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധശല്യം പതിവാണ്. ഇത്തരം പ്രശ്‌നങ്ങള്‍ അടിയന്തിരമായി പരിഹരിച്ച് മേല്‍പ്പാലം പൂര്‍ണ്ണതോതില്‍ ഗതാഗത യോഗ്യമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Share news