KOYILANDY DIARY

The Perfect News Portal

സോളാര്‍ അഴിമതി : മുഖ്യമന്ത്രി 7 കോടി ആവശ്യപ്പെട്ടു 1 കോടി 10 ലക്ഷം നല്‍കി സരിത

കൊച്ചി > മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കായി ഒരുകോടി പത്ത് ലക്ഷംരൂപ കോഴപ്പണം തോമസ് കുരുവിളയ്ക്ക് ഡല്‍ഹിയില്‍ കൈമാറിയെന്ന് സരിത സോളാര്‍ കമ്മീഷന് മൊഴിനല്‍കി. പണം ഡല്‍ഹിയിലെത്തിക്കാനാണ് മുന്‍ പേഴ്സണല്‍ സ്റ്റാഫ് ജിക്കുമോന്‍ ജോസഫ് ആവശ്യപ്പെട്ടത്.  ഏഴ് കോടി രൂപ നല്‍കേണ്ടിവരുമെന്ന് ജിക്കുമോന്‍ ജോസഫ് പറഞ്ഞു. ഡല്‍ഹിയിലെത്തി തോമസ് കുരുവിളയെ വിളിക്കാനും നിര്‍ദ്ദേശിച്ചു.

പണവുമായി എത്തി തോമസ് കുരുവിളയെ വിളിച്ചപ്പോള്‍ വിജ്ഞാന്‍ ഭവനില്‍ എത്തി കാത്തിരിക്കാന്‍ പറഞ്ഞു. അവിടെയെത്തി 45 മിനിട്ട് കാത്തിരുന്നശേഷം മുഖ്യമന്ത്രിയെ കണ്ടു. മുഖ്യമന്ത്രി ‘എന്തായി’ എന്നു ചോദിച്ചു. ശേഷം ചാന്ദിനിചൌക്കില്‍ കാത്തുനില്‍ക്കാന്‍ തോമസ് കുരുവിള ആവശ്യപ്പെട്ടു, അവിടെയെത്തിയ തോമസ് കുരുവിളയുടെ കൈയ്യില്‍ മുഖ്യമന്ത്രിക്കായി പണം കൈമാറിയെന്നും സരിത കമ്മീഷനില്‍ മൊഴിനല്‍കി.

2012 ഡിസംബര്‍ 27ന് ഡല്‍ഹിയിലാണ് ആദ്യ ഗഡുവായി ഒരുകോടി 10ലക്ഷം നല്‍കിയത്. 80 ലക്ഷം തിരുവനന്തപുരം ഇടപഴഞ്ഞിയിലുള്ള സരിതയുടെ വീട്ടില്‍വെച്ചും കൈമാറി. പണം കൈമാറിയ വിവരം ജിക്കുമോനെ അറിയിച്ചിരുന്നതായും സരിത കമ്മീഷനോട് പറഞ്ഞു. പണമിടപാടിന്റെ കാര്യം ജോപ്പന്‍ അറിയരുതെന്ന് ജിക്കുമോന്‍ നിര്‍ദ്ദേശിച്ചു.

Advertisements

2012 ഫെബ്രുവരി 26ന് സെക്രട്ടറിയറ്റില്‍ എത്താന്‍ ആവശ്യപ്പെട്ടു. അന്ന് ഒരു അവധി ദിവസമായിരുന്നു. അവിടെ ജോപ്പന്‍ ഉണ്ടായിരുന്നതിനാല്‍ പണമിടപാടിന്റെ കാര്യം സംസാരിച്ചില്ല. ബിജു രാധാകൃഷ്ണനെതിരെ നടപടിയെടുക്കില്ലെന്നും തന്നോട് മുഖ്യമന്ത്രിപറഞ്ഞെന്നും സരിത മൊഴിയില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ സ്വകാര്യ ലാന്റ്ഫോണില്‍ വിളിച്ചിട്ടുണ്ട്. അതില്‍ സലിംരാജിനോടും ജിക്കുമോനോടും സംസാരിച്ചു.

ശ്രീധരന്‍ നായര്‍ക്കൊപ്പവും ഉമ്മന്‍ചാണ്ടിയെ കണ്ടെന്ന്സരിത കമ്മീഷനെ അറിയിച്ചു. 2012 ജൂലൈ ഒന്‍പതിനായിരുന്നു കൂടിക്കാഴ്ച. അന്ന് മുഖ്യമന്ത്രിയുടെ ക്യാബിനില്‍ ആര്‍ ശെല്‍വരാജ് എംഎല്‍എയും ഉണ്ടായിരുന്നു. എല്ലാ സഹായവും ഉമ്മന്‍ചാണ്ടി വാഗ്ദാനം ചെയ്തു.

തട്ടിപ്പിന് വിധേയനായെന്ന് ടി സി മാത്യു മുഖ്യമന്ത്രിയുടെ വീട്ടിലെത്തി പരാതി പറഞ്ഞത് മുഖ്യമന്ത്രി നേരിട്ട് തന്നെ വിളിച്ചറിയിക്കുകയായിരുന്നുവെന്നും സരിത വെളിപ്പെടുത്തി.

2011 ജൂണിലും ഉമ്മന്‍ചാണ്ടിയെ കണ്ടു. മുഖ്യമന്ത്രിയെ പലതവണ നേരിട്ടു കണ്ടിട്ടുണ്ടെന്നും ഫോണില്‍ പലതവണ സംസാരിച്ചിട്ടുണ്ടെന്നും സരിത മൊഴിനല്‍കി. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഒരുക്കിതന്നത് കെ ബി ഗണേഷ്കുമാറിന്റെ പേഴ്സണല്‍ അസിസ്റ്റന്റാണെന്നും സരിത പറഞ്ഞു.

കമ്മീഷനില്‍ നല്‍കിയ മൊഴിയില്‍ പൊരുത്തക്കേടുണ്ടെങ്കില്‍  ആരോപണവിധേയര്‍ക്ക് പറയാമെന്ന് തെളിവെടുപ്പിനുശേഷം പുറത്തിറങ്ങിയ സരിത മാധ്യമങ്ങളോട് പറഞ്ഞു. നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് തെളിവുനല്‍കാന്‍ തയാറാണ്. നുണപരിശോധനയ്ക്ക് വിധേയയാകാന്‍ തയാറാണെന്നും സരിത പറഞ്ഞു.