KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡണ്ട്: ഷീബ മലയിലിന് സാധ്യത

കൊയിലാണ്ടി: ഇടതുമുന്നണി ചരിത്ര വിജയം കൊയ്ത ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ പ്രസിഡണ്ടായി ഷീബ മലയിലിനെ തീരുമാനിക്കാൻ ഇന്ന് ചേർന്ന സിപിഐഎം ഏരിയാ കമ്മിറ്റി യോഗത്തിൽ ഏകദേശ ധാരണയായതായി അറിയുന്നു. സിപിഐഎം ജില്ലാ കമ്മിറ്റി യോഗത്തിൻ്റെ അംഗീകാരം കിട്ടിയശേഷമാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ചേലിയ ഈസ്റ്റ് 8-ാം വാർഡിൽ നിന്ന് 127 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് ഷീബ മലയിൽ വിജയിച്ചത്. വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് സിപഐഎം ഏരിയാ കമ്മിറ്റി അംഗം പി. വേണു മാസ്റ്ററെ പരിഗണിക്കാനാണ് കൂടുതൽ സാധ്യത എന്നറിയുന്നു.

പതിറ്റാണ്ടുകളായി യു.ഡി.എഫ്. കൈവശം വെച്ച് വരുന്ന പഞ്ചായത്താണ് ചെങ്ങോട്ടുകാവ്. 15 വർഷം മുമ്പ് ഡിക്കിൻ്റെ പിന്തുണയോടെ 3 വർഷം സഹദേവൻ കണക്കാശ്ശേരിയും, എൽ.ഡി.എഫ്.നെ പ്രതിനിധീകരിച്ച് കന്മന ശ്രീധരൻ മാസ്റ്റർ 2 വർഷവും പ്രസിഡണ്ടായിരുന്നു. കോൺഗ്രസിൻ്റെ ഉരുക്കു കോട്ട എന്ന് വിശേഷിപ്പിക്കുന്ന പഞ്ചായത്തായിരുന്നു ചെങ്ങോട്ടുകാവ്. അവിടെയാണ് സി.പി.ഐ.(എം) ചരിത്ര വിജയം നേടിയത്. ആകെയുള്ള 17 വാർഡിൽ 9 വാർഡിലും ചരിത്രത്തിലാദ്യമായി സിപിഐഎം തനിച്ച് ജയിച്ചിരിക്കുകയാണ്. കോൺഗ്രസിന് 4 സീറ്റും മുസ്ലിം ലീഗിന് 2 സീറ്റുമാണ് ലഭിച്ചത്.

കഴിഞ്ഞ തവണ 3 സീറ്റിൽ വിജയിച്ചിരുന്ന ബിജെപിക്ക് ഇത്തവണ കനത്ത തിരിച്ചടിയാണ് ഉണ്ടായത്. ബിജെപി.യുടെ സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രൻ പ്രചാരണത്തിനെത്തിയ ഇവിടെ 9 സീറ്റ് അധികാരം പിടിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഒരു സീറ്റ് നഷ്ടപ്പെട്ട് 2 സീറ്റ് മാത്രമാണ് ലഭിച്ചത്. സീറ്റ് കുറഞ്ഞതും വോട്ട് ചോർച്ച ഉണ്ടായതിലും ബിജെപിയിൽ ചൂടേറിയ ചർച്ച നടക്കുകയാണ്. എൽഡി.എഫ്.ൻ്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറായിരുന്ന അനിൽ പറമ്പത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ ചിട്ടയായ പ്രവർത്തനമാണ് ചെങ്ങോട്ടുകാവിൽ ചരിത്രവിജയം നേടാൻ കഴിഞ്ഞതെന്ന് നേതാക്കളുടെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നു.

Advertisements

കഴിഞ്ഞ തവണ എടക്കുളം ഡിവിഷനിൽ നിന്ന് പന്തലായനി ബ്ലോക്കിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് 5 വർഷം നടത്തിയ പ്രവർത്തന അനുഭവ സമ്പത്തുമായാണ് ഷീബ മലയിൽ പുതിയ ചുമതല ഏറ്റെടുക്കാനായി തയ്യാറായിരിക്കുന്നത്. അംഗൻവാടി ഹെൽപ്പേഴ്സ് അസോസിയേഷൻ സിഐടിയും വൈസ് പ്രസിഡണ്ടും പ്രൊജക്ട് സെക്രട്ടറിയുമായ ഷീബ നിലവിൽ സിപിഐഎം പൊയിൽക്കാവ് ലോക്കൽ കമ്മിറ്റി അംഗം, മഹിളാ അസോസിയേഷൻ പഞ്ചായത്ത് സെക്രട്ടരി, ബാലസംഘം രക്ഷാധികാരി, ചെങ്ങോട്ടുകാവ് വനിതാ സഹകരണസംഘം ഡയറക്ടർ എന്നീ നിലകളിൽ രാഷ്ട്രീയ സാമൂഹ്യ സേവന രംഗത്ത് സജീവ സാന്നിദ്ധ്യം ഉറപ്പിച്ച വ്യക്തിത്വമാണ് ഷീബ മലയിൽ.

Share news

Leave a Reply

Your email address will not be published. Required fields are marked *