ഗര്‍ഭിണിയായ യുവതി അപകടത്തില്‍ മരിച്ചു

മൂവാറ്റുപുഴ: നീണ്ടനാളത്തെ ചികിത്സയ്ക്കുശേഷം ഗര്‍ഭിണിയാണെന്ന അത്യാഹ്ലാദത്തില്‍ വീട്ടിലേക്ക് പോകാനായി ആശുപത്രിക്കു മുന്നില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കയറിയ ഉടനെ യുവതി അപകടത്തില്‍ മരിച്ചു.
മാലി ലൈറ്റ്നിങ് വില്ലയില്‍ കെ. മെയില്‍ മുഹമ്മദ് അസ്സമിന്റെ ഭാര്യ ഐഷത്ത് റൈഹ (25) യാണ് മരിച്ചത്. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സബൈന്‍സ് ആശുപത്രിയില്‍ വന്ധ്യതാ ചികിത്സാരംഗത്തെ അറിയപ്പെടുന്ന ഡോക്ടറായ എസ്. സബൈന്റെ ചികിത്സയിലായിരുന്നു മൂന്നു മാസവും. വാടകയ്ക്ക് താമസിച്ച് ചികിത്സ നടത്തുകയായിരുന്നു ഇവര്‍. ഇതിനിടെ ചൊവ്വാഴ്ച രാത്രി പന്ത്രണ്ട് അന്പതോടെയാണ് അപകടം. വീട്ടിലേക്ക് പോകാനായി ആശുപത്രിക്കു മുന്നില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കയറിയ ഉടനെയാണ് അപകടം നടന്നത്.

ഓട്ടോറിക്ഷയിലേക്ക് ആദ്യം ഐഷത്തും പിന്നാലെ ബന്ധു ഐഷത്ത് അബ്ദുള്ളയും കയറിയപ്പോഴേയ്ക്കും എതിരെ വന്ന കാറ് നിയന്ത്രണം വിട്ട് ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഓട്ടോയുമായി മുന്നോട്ടു കുതിച്ച കാറ് പോസ്റ്റിലിടിച്ചാണ് നിന്നത്. ഉടന്‍ സബൈന്‍സ് ആശുപത്രിയിലും പിന്നീട് കോലഞ്ചേരി മെഡിക്കല്‍ കോളേജിലും എത്തിച്ചങ്കിലും ഐഷത്തിനെ രക്ഷിക്കാനായില്ല.

കണ്മുന്നിലെ ദുരന്തത്തില്‍ മരവിച്ചു പോകാതെ വണ്ടിയില്‍ ചോരയില്‍ കുളിച്ച് കിടന്ന ഐഷത്തിനെയും എടുത്തുകൊണ്ട് അസം മുഹമ്മദാണ് ആശുപത്രിയിലേക്ക് ഓടിയത്. പക്ഷേ, അപ്പോഴേയ്ക്കും ഉള്ളില്‍ പേറിയ ജീവന്റെ തുടിപ്പിനൊപ്പം ഐഷത്തിനെ മരണം റാഞ്ചിയിരുന്നു. ഓട്ടോഡ്രൈവര്‍ മൂവാറ്റുപുഴ പായിപ്ര ചെളിക്കണ്ടത്തില്‍ മുഹമ്മദിനും കാര്‍യാത്രക്കാരായ രണ്ട് പേര്‍ക്കും പരിക്കുണ്ട്.

മൂന്നു വര്‍ഷം മുമ്പ് വിവാഹിതരായ മാലി സ്വദേശികളായ ഐഷത്ത് റൈഹയും അസം മുഹമ്മദും മൂന്നു മാസം മുമ്പാണ് ഒരു കുഞ്ഞിക്കാല് കാണാനുള്ള മോഹവുമായി മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയിലെ സബൈന്‍ ആശുപത്രിയിലെത്തിയത്.
മൂവാറ്റുപുഴ പള്ളിച്ചിറങ്ങരയില്‍ വാടകയ്ക്ക് താമസിച്ചായിരുന്നു ചികിത്സ. ആദ്യ ഘട്ടങ്ങള്‍ പിന്നിട്ടപ്പോള്‍ ഫലം കിട്ടുമെന്ന വിശ്വാസത്തിലേക്ക് ഇവര്‍ വന്നു കഴിഞ്ഞിരുന്നു. ചൊവ്വാഴ്ച രാത്രിയോടെ പരിശോധനാ ഫലം വന്നപ്പോഴാണ് ഐഷത്ത് ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചത്. ഈ സന്തോഷം ഡോക്ടര്‍ തന്നെയാണ് ഇവരെ അറിയിച്ചതും. വിവരം അറിഞ്ഞ നിമിഷത്തില്‍ നിറഞ്ഞ സന്തോഷത്തോടെ ഐഷത്തും അസം മുഹമ്മദും കെട്ടിപ്പിടിച്ചു. കണ്ണുകള്‍ നനഞ്ഞു… ദൈവത്തിന് നന്ദി പറഞ്ഞു. ഡോക്ടറോടും നന്ദി പറഞ്ഞ് പുറത്തിറങ്ങി.
ആശുപത്രിയിലെ കഫെയില്‍ നിന്ന് കാപ്പി കുടിച്ചു. സന്തോഷം പങ്കിടാന്‍ മധുരപലഹാരങ്ങളും വാങ്ങിയാണ് ഇവര്‍ പുറത്തേക്ക് പോയത്. അപ്പോള്‍ സമയം ചൊവ്വാഴ്ച രാത്രി 12.45. ആശുപത്രിയുടെ മുന്നിലെ ഓട്ടോ സ്റ്റാന്‍ഡില്‍ നിന്ന് താമസ സ്ഥലത്തേക്ക് പോകാന്‍ ഓട്ടോറിക്ഷയില്‍ കയറി. ആദ്യം ഐഷത്ത്, പിന്നാലെ ബന്ധു ഐഷത്ത് അബ്ദുള്ള. അതിനു പിറകില്‍ ഭര്‍ത്താവ് അസം മുഹമ്മദ് വണ്ടിയിലേക്ക് കയറാന്‍ ഒരുങ്ങിയതേയുള്ളു. അപ്പോഴേയ്ക്കും പാഞ്ഞെത്തിയ കാര്‍ ഓട്ടോയെ ഇടിച്ച് തെറിപ്പിച്ച് ഇലക്ട്രിക് പോസ്റ്റിലേക്ക് ഞെരുക്കിയിരുന്നു. എല്ലാം കണ്ണടച്ചു തുറക്കും മുമ്പേ കഴിഞ്ഞു.
