KOYILANDY DIARY

The Perfect News Portal

ക്യാന്‍സറില്ലാത്ത രോഗിക്ക് കീമോ ചെയ്ത സംഭവം: വിശദീകരണവുമായി മെഡിക്കല്‍ കോളേജ് സൂപ്രണ്ട്

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ക്യാന്‍സറില്ലാതെ കീമോ ചെയ്ത രോഗിക്ക് അപൂര്‍‍വ്വമായ രോഗാവസ്ഥയായിരുന്നുവെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട്. അതിനാലാണ് സ്വകാര്യലാബില്‍ കൂടി പരിശോധിച്ച്‌ പെട്ടെന്ന് ഫലം ലഭ്യമാക്കാന്‍ നിര്‍ദ്ദേശിച്ചതെന്ന് സൂപ്രണ്ട് വ്യക്തമാക്കി. മെഡിക്കല്‍കോളേജിലെ തിരക്ക് കാരണമാണ് ക്യാന്‍സര്‍ സംശയിച്ച്‌ വരുന്ന രോഗികളെ സ്വകാര്യ ലാബുകളേക്ക് വിടുന്നതെന്നും മന്ത്രിക്ക് നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും സൂപ്രണ്ട് പറഞ്ഞു.

ആലപ്പുഴ സ്വദേശി രജനിക്ക് മാമോഗ്രാമിലും ക്ലിനിക്കല്‍ പരിശോധനയിലും ക്യാന്‍സറിന്‍റെ ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നുവെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതരുടെ വിശദീകരണം. അഞ്ച് സെന്‍റിമീറ്റര്‍ വലിപ്പത്തിലുള്ള മുഴയാണ് രജനിയില്‍ കണ്ടെത്തിയത്. ലോകത്ത് ഇതുവരെ 200 പേരില്‍ മാത്രം കണ്ടിട്ടുള്ള രോഗാവസ്ഥയാണ് ഇത്. ഈ അവസ്ഥയുണ്ടായിരുന്നതില്‍ 50 ശതമാനവും ക്യാന്‍സറായി മാറിയിട്ടുണ്ട്.

അതിനാലാണ് മെഡിക്കല്‍ കോളേജിലെ ലാബിനൊപ്പം സ്വകാര്യ ലാബിലേക്കും അയച്ചത്. ഇത് സാധാരണ ചെയ്യാറുണ്ടെന്നും കോളേജ് സൂപ്രണ്ട് പറഞ്ഞു. മെഡിക്കല്‍ കോളേജില്‍ നിന്നും വിരമിച്ച അധ്യാപകനാണ് സ്വകാര്യ ലാബില്‍ പരിശോധിച്ച്‌ റിപ്പോര്‍ട്ട് നല്‍കിയത്. അതിന് വിശ്വാസ്യതയുള്ളതിനാലാണ് ചികിത്സ തുടങ്ങിയതെന്നും മന്ത്രിക്ക് സമര്‍പ്പിച്ച വിശദീകരണത്തില്‍ വ്യക്തമാക്കുന്നു.

Advertisements

എന്നാല്‍, രണ്ട് മാസം മുന്‍പ് ഇതേ റിപ്പോര്‍ട്ട് മന്ത്രിക്ക് നല്‍കിയിട്ടും ഒരു നടപടിയുമുണ്ടായില്ല. വീണ്ടും ആ റിപ്പോര്‍ട്ട് തന്നെയാണ് സമര്‍പ്പിച്ചിരിക്കുന്നത്. മെഡിക്കല്‍ കോളേജില്‍ നിന്നും വിരമിച്ചവര്‍ പ്രവര്‍ത്തിക്കുന്ന രണ്ട് സ്വകാര്യ ലാബുകളെയാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ആശ്രയിക്കുന്നത്. അവരുടെ പ്രവര്‍ത്തനപരിചയമാണ് ഇതിന് കാരണമെന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം.

എന്നാല്‍ അധ്യാപകരും ജൂനിയര്‍ ഡോക്ടര്‍മാരുമുള്‍പ്പടെ 38 പേരുള്ള പത്തോളജി വിഭാഗത്തില്‍ നിന്ന് വേഗം ഫലം കിട്ടേണ്ടതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മെഡിക്കല്‍കോളേജില്‍ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം സ്വകാര്യലാബുകളെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *