KOYILANDY DIARY

The Perfect News Portal

നിപ: യുവാവിന്‍റെ ആരോഗ്യനിലയില്‍ പുരോഗതി

കൊച്ചി: നിപ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്‍റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഈ ഘട്ടത്തില്‍ വലിയ ആശങ്കയ്ക്ക് വഴിയില്ല. രോഗിയെ ഡിസ്‍ചാര്‍ജ് ചെയ്യാനായിട്ടില്ല. എങ്കിലും നില മോശമാകാതെ തുടരുന്നുണ്ട്. ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയില്‍ കരുതുന്ന അഞ്ചുപേരുടെ രക്തപരിശോധനാഫലം പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് നാളെ വൈകുന്നേരമോ മറ്റന്നാളോ എത്തുമെന്നാണ് കരുതുന്നത്. ഇവരുടെ പരിശോധനാഫലം നെഗറ്റീവ് ആകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു.

ഫലം വരുന്നതുവരെ നിപ ആണെന്ന് കരുതുന്ന ചികിത്സയിലുള്ളവര്‍ക്ക് പരിചരണം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ഇവര്‍ക്ക് റിബാവറിന്‍ ഗുളികകള്‍ കൊടുക്കുന്നുണ്ട്. ചികിത്സയിലുള്ള എല്ലാവരും ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്തേക്കാള്‍ മെച്ചപ്പെട്ട അവസ്ഥയിലാണെന്നും മന്ത്രി പറഞ്ഞു. നിപ ബാധിതനായ വിദ്യാര്‍ത്ഥിയുമായി ഇടപെട്ടിട്ടില്ലാത്ത ചാലക്കുടി സ്വദേശി നിപ ലക്ഷണങ്ങളുമായി ചികിത്സയ്ക്ക് എത്തിയിട്ടുണ്ട്. അദ്ദേഹത്തിന് നിപ ബാധയ്ക്കുള്ള സാധ്യത കുറവാണെങ്കിലും നേരിയ സംശയം പോലുമുള്ള കേസുകള്‍ പോലും ശ്രദ്ധിക്കുന്നതുകൊണ്ടാണ് ഐസൊലേഷന്‍ വാ‍ര്‍ഡില്‍ അഡ്മിറ്റ് ചെയ്തത്.

311 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. എന്നാല്‍ ഇത്രയും പേര്‍ രോഗബാധിതനായ വിദ്യാര്‍ത്ഥിയുമായി അടുത്ത് ഇടപഴകിയവരല്ല. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള വിലയിരുത്തലുകള്‍ക്ക് ശേഷം ഡയറക്‌ട് കോണ്ടാക്‌ട് ഉണ്ടായവര്‍ എത്രപേരെന്ന് ഇന്ന് വൈകുന്നേരം ആകുമ്ബോഴേക്കും തീര്‍ച്ചപ്പെടുത്തും. ഇതൊക്കെയാണെങ്കിലും വൈറസ് ശരീരത്തില്‍ പ്രവേശിച്ച്‌ ഇന്‍ക്യുബേഷന്‍ പീരീഡ് അവസാനിക്കുന്ന സമയത്ത് ഒരുപക്ഷേ പെട്ടെന്ന് കേസുകള്‍ ഒരുമിച്ച്‌ വന്നേക്കാം. അതും നേരിടാന്‍ സംവിധാനങ്ങള്‍ സജ്ജമാണ്.

Advertisements

ഇപ്പോഴത്തെ നിലയില്‍ കാര്യങ്ങള്‍ വഷളാകാതെ പോവുകയാണെങ്കില്‍ ഇന്ന് വൈകിട്ട് കേന്ദ്ര ആരോഗ്യമന്ത്രിയെ നേരിട്ട് കാണാന്‍ ദില്ലിക്ക് തിരിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടെങ്കില്‍ യാത്ര റദ്ദാക്കി കൊച്ചിയില്‍ തുടരും. നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ അവലോകന യോഗം നടക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. സംസ്ഥാന വ്യാപകമായി സ്കൂളുകള്‍ക്ക് അവധി നല്‍കേണ്ട സാഹചര്യമില്ല. എന്നാല്‍ ഏതെങ്കിലും മേഖലകളില്‍ സ്കൂളുകള്‍ക്ക് അവധി കൊടുക്കണോ എന്ന് ഇന്ന് വൈകിട്ടോടെ തീരുമാനിക്കും. വൈകിട്ട് ഏഴരയുടെ പ്രസ് ബ്രീഫിംഗില്‍ കൂടുതല്‍ വിവരങ്ങള്‍ പറയാമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *