KOYILANDY DIARY

The Perfect News Portal

കോഴിക്കോട് റെയില്‍വെ ക്വാട്ടേഴ്സിലെ കൊലപാതകം: പ്രതി അറസ്റ്റിൽ

കോഴിക്കോട്: റെയില്‍വെസ്റ്റേഷനു മുന്‍വശത്തുള്ള റെയില്‍വെ ക്വാട്ടേഴ്സിന്റെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെ ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തു. കണ്ണൂര്‍ ആറളം കീഴ്പള്ളി ചീരംവേലില്‍ വീട്ടില്‍ ദേവസ്യയുടെ മകന്‍ അനീഷ് (30)ആണ് പിടിയിലായത്. ടൗണ്‍ സി.ഐ പി.എം. മനോജും സംഘവും പാളയത്തു വച്ചാണ് ഇയാളെ അറസ്റ്റു ചെയ്തത്.

ഈ മാസം 11നാണ് കാടു മൂടിക്കിടക്കുന്ന റെയില്‍വെ ക്വാട്ടേഴ്സിലെ സ്റ്റോര്‍ റൂമില്‍ ജീര്‍ണിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പല ഭാഗങ്ങളിലും മാംസമെല്ലാം നഷ്ടപ്പെട്ട് എല്ലു മാത്രമായിരുന്നു. മരിച്ചയാളെ തിരിച്ചറിയുന്നതും പ്രതിയെ കണ്ടെത്തുന്നതും പൊലീസിനു വലിയ വെല്ലു വിളിയായിരുന്നു.എന്നാല്‍ കൊല്ലപ്പെട്ടത് കൊണ്ടോട്ടി സ്വദേശിനി അസ്മാബി ആണെന്ന് തൊട്ടടുത്ത ദിവസം തന്നെ പൊലീസ് കണ്ടെത്തി. പിന്നീട് അസ്മാബി എങ്ങനെ കൊല്ലപ്പെട്ടുവെന്നും എങ്ങനെ ആളൊഴിഞ്ഞ റയില്‍വെ ക്വാട്ടേഴ്സില്‍ എത്തിയെന്നും കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പൊലീസ്.

മരിച്ചത് അസ്മാബി ആണെന്ന് തിരിച്ചറിഞ്ഞതോടെ രാത്രി കാലങ്ങളില്‍ നഗരത്തിലുള്ളവരെ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ നഗരത്തില്‍ സ്ഥിരമായി ഉണ്ടാവാറുള്ള അനീഷും സുഹൃത്തായ ബിജുവും മുങ്ങിയതായി കണ്ടെത്തി. തുടര്‍ന്ന് ഇവരെ കുറിച്ച്‌ കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഇവര്‍ അസ്മാബിയുമായി അടുത്ത ബന്ധമുള്ളവരാണെന്നും പൊലീസ് കണ്ടെത്തി.

Advertisements

സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെ;

കോഴിക്കോട് മാരിയമ്മന്‍ കോവിലിലെ പൂജാ സ്റ്റോറില്‍ അരയാല്‍ മൊട്ടുകള്‍ ശേഖരിച്ചു വില്‍പന നടത്തുന്ന ജോലിയാണ് കണ്ണൂര്‍ സ്വദേശി അനീഷിനും കാസര്‍കോട് സ്വദേശി ബിജുവിനും. മരിച്ച അസ്മാബിയുടെ ഭര്‍ത്താവിനെപ്പോലെ കഴിഞ്ഞിരുന്ന ബിജു ഒരു അടിപിടി കേസുമായി ബന്ധപ്പെട്ട് ജയിലിലായതോടെ അനീഷ് ആയിരുന്നു അസ്മാബിയെ സഹായിച്ചിരുന്നത്. അങ്ങനെ ബിജുവിന്റെ അഭാവത്തില്‍ അനീഷ് അസ്മാബിയുമായി ഗാഢമായ പ്രണയത്തിലായി. എന്നാല്‍ ബിജു ജയിലില്‍ നിന്നു വന്നതോടെ അസ്മാബി അനീഷിനെ തഴഞ്ഞ് ബിജുവുമായി വീണ്ടും അടുപ്പത്തിലായി.

ഇതോടെ അസ്മാബിയുടെ പേരില്‍ അനീഷും ബിജുവുമായി പല തവണ സംഘട്ടനം നടക്കുകയും അനീഷ് അസ്മാബിയെ പല തവണ ഭീഷണിപ്പെടുത്തുകയുമുണ്ടായി. അങ്ങനെയിരിക്കെ ഒരിക്കല്‍ ബിജു ഇല്ലാത്ത സമയം അനീഷ് അസ്മാബിയെ മദ്യപിക്കാന്‍ ക്ഷണിക്കുകയും റെയില്‍വെയുടെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ വച്ച്‌ ഇരുവരും മദ്യപിക്കുകയും ചെയ്തു. ഇതിനിടെ ഇരുവരും തമ്മില്‍ ബിജുവുമായി ബന്ധപ്പെട്ട വിഷയം പറഞ്ഞ് വഴക്കിടുകയും അനീഷ് അസ്മാബിയുടെ കഴുത്തു ഞെരിച്ച്‌ കൊലപ്പെടുത്തുകയുമായിരുന്നു.

കൃത്യത്തിനു ശേഷം ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത് മുങ്ങിയ പ്രതി താമരശ്ശേരിയിലെ ഒരു സ്ത്രീയുടെ സഹായത്തോടെ പുതിയൊരു സിം കാര്‍ഡ് തരപ്പെടുത്തി ബത്തേരി വഴി കണ്ണൂരേക്കും പിന്നീട് മംഗലാപുരം, ഷിമോഗ, ദാവണ്‍ഗരെ എന്നിവിടങ്ങളിലേക്കും കടന്നു. പുതിയ ഫോണ്‍ നമ്ബര്‍ രഹസ്യമായി കൈക്കലാക്കിയ പൊലീസ് ആ നമ്ബറില്‍ നിന്നു വിളിച്ചതോടെ ടവര്‍ ലൊക്കേഷന്‍ തിരിച്ചറിയുകയായിരുന്നു.

ഇതിനകം ടൗണ്‍ പൊലീസിന്റെ സമഗ്രമായ അന്വേഷണത്തില്‍ പ്രതിയെ കുറിച്ച്‌ വ്യക്തമായ വിവരം പൊലീസിനു ലഭിച്ചിരുന്നു.പൊലീസിന്റെ അന്വേഷണം സജീവമല്ലെന്നു കരുതി പ്രതി തിരികെ കോഴിക്കോട്ടെത്തിയപ്പോള്‍ പൊലീസ് തന്ത്രപൂര്‍വ്വം പിടികൂടുകയായിരുന്നു.

കോഴിക്കോട് ഡി.സി.പി. ജയദേവിന്റെ നിര്‍ദ്ദേശപ്രകാരം ടൗണ്‍ സി.ഐ. പി.എം. മനോജ്, എസ്.ഐ ഇ.കെ. ഷിജു,എ.സി.പി അബ്ദുള്‍ റസാഖ്, സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ സജി ഷിനോബ്,സി.പി.ഒമാരായ ജയചന്ദ്രന്‍,സജില്‍ കുമാര്‍,ഷജുല്‍, രണ്‍ദീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *