KOYILANDY DIARY

The Perfect News Portal

കോഴിക്കോട് ഫെസ്റ്റിന് ഉജ്ജ്വല സമാപനം

കോഴിക്കോട്: ജനപങ്കാളിത്തം കൊണ്ടും പ്രദര്‍ശന സ്റ്റാളുകളുടെ മികവുകൊണ്ടും ശ്രദ്ധേയമായ കോഴിക്കോട് ഫെസ്റ്റിന് ഉജ്ജ്വല സമാപനം. സംസ്ഥാനസര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ ഏഴ് ദിവസങ്ങളിലായി നടന്ന ഉല്‍പ്പന്ന-പ്രദര്‍ശന-വിപണന-ഭക്ഷ്യമേള വൈവിധ്യം കൊണ്ടാണ് ജനശ്രദ്ധ നേടിയത്. സര്‍ക്കാര്‍വകുപ്പുകളുടെ സ്വഭാവവും പ്രവര്‍ത്തനവും പൊതുജനങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്ന വിധത്തിലുള്ള സ്റ്റാളുകളിലൂടെ രണ്ട് വര്‍ഷത്തെ സര്‍ക്കാറിന്റെ വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ മേളയിലൂടെ സാധിച്ചു.

ഏഴ് ദിവസങ്ങളിലായി വിവിധ വിഷയങ്ങളില്‍ സെമിനാറുകളും കലാപരിപാടികളും മേളയുടെ ഭാഗമായി സംഘടിപ്പിച്ചു. ഐ.ടി & അക്ഷയയുടെ സേവനങ്ങള്‍ നേരിട്ട് ജനങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള അവസരം മേളയിലുണ്ടായിരുന്നു. കുടുംബശ്രീ, ജില്ലാജയില്‍, തീരമൈത്രി തുടങ്ങിയവയുടെ ഫുഡ് കോര്‍ട്ടുകളും മേളക്ക് രുചിയേകി. സര്‍ക്കാരിന്റെ വിവിധ പദ്ധതികളും സേവനപ്രവര്‍ത്തനങ്ങളും ജനങ്ങളില്‍ എത്തിക്കുന്നതിലും മേള വിജയം കണ്ടു. ആധാര്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ സ്റ്റാളുകളില്‍ നല്‍കി. എല്ലാവര്‍ക്കും സര്‍ക്കാരിന്റെ സൗജന്യ വൈഫൈ സംവിധാനവും ഉണ്ടായിരുന്നു.

113 സ്റ്റാളുകളിലായി 71 സര്‍ക്കാര്‍ വകുപ്പുകളും പൊതുമേഖല സ്ഥാപനങ്ങളുമാണ് മേളയില്‍ പങ്കെടുത്തത്. സമാപനദിവസം നവകേരള ജാംബേ ബാംബൂ മ്യൂസിക് ബാന്റ് അവതരിപ്പിച്ച ദൃശ്യഗാന വിരുന്ന് ആഘോഷങ്ങള്‍ക്ക് പ്രൗഢമായ പരിസമാപ്തി നല്‍കി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *