KOYILANDY DIARY

The Perfect News Portal

കോഴിക്കോട് ജില്ലയിൽ എക്സൈസ് സംഘം  ഇന്ന് നടത്തിയ റെയ്ഡിൽ 4 കേസുകൾ റജിസ്റ്റർ ചെയ്തു.

കോഴിക്കോട്: ജില്ലയിൽ എക്സൈസ് സംഘം  ഇന്ന് നടത്തിയ റെയ്ഡിൽ 4 കേസുകൾ റജിസ്റ്റർ ചെയ്തു. എക്സൈസ് എൻഫോഴ്‌സ്മെന്റ് & ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡിൻ്റെ നേതൃത്വത്തിൽ ലോക്ക് ഡൌൺ കാലയളവിൽ നടത്തിവരുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് ഇന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും 4 കേസുകൾ റജിസ്റ്റർ ചെയ്തത്. മോരിക്കര ഭാഗത്ത് നിന്ന് സർക്കിൾ ഇൻസ്പെക്ടർ സജിത് കുമാറിന്റെ നേതൃത്വത്തിൽ 70 ലിറ്റർ വാഷാണ് കണ്ടെടുത്ത് നശിപ്പിച്ചത്.
കൊയിലാണ്ടി പൂക്കാട് ഭാഗത്ത് നിന്നും റെയിൽവേയുടെ പുറംപോക്കിൽ സൂക്ഷിച്ചിരുന്ന 70 ലിറ്റർ വാഷും കണ്ടെടുത്ത് നശിപ്പിച്ചു.  പ്രിവന്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ട്, സി.ഇ.ഒമാരായ ദീനദയാൽ, പ്രജിത്ത് ഡ്രൈവർ സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് വാഷ് കണ്ടെടുത്ത് നശിപ്പിച്ചത്.
മദ്യശാലകൾ അടച്ചിട്ടതിനാൽ വിഷുക്കാലത്ത് വൻതോതിൽ വ്യാജവാറ്റ് ചാരായം നിർമിക്കുന്നതായി രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്. ഇതിനായി രൂപീകരിച്ച സ്പെഷൽ സ്ക്വാഡിലെ ഷാഡോ ടീമിലുള്ള പ്രിവന്റീവ് ഓഫീസർ ബിജുമോൻ, സിവിൽ എക്സൈസ് ഓഫീസർ ദിനദയാൽ എന്നിവർ ചേർന്ന് കൊയിലാണ്ടി തൂവക്കോട് ഭാഗത്ത് നിന്നും 50 ലിറ്റർ വാഷും, സ്പെഷൽ സ്ക്വാഡിലെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ട്, വി. ഷാഫി എന്നിവർ ചേർന്ന് ചേളന്നൂർ ഊട്ടുകുളം ഭഗവതി ക്ഷേത്രത്തിന്റെ അടുത്ത് നിന്നും 200 ലിറ്റർ വാഷും ഇന്ന് കണ്ടെടുത്ത് നശിപ്പിച്ചു.
വ്യാജമദ്യ നിർമാണം കൂടി വരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ശക്തമായ റെയ്ഡ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിൽ വരുത്തുമെന്ന് എക്സൈസ് സ്പെഷൽ സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *