KOYILANDY DIARY

The Perfect News Portal

കോഴിക്കോട് ജില്ലയിലെ സ്കൂളുകള്‍ 12 ന് തുറക്കും

കോഴിക്കോട്: നിപ്പാ ഭീതി ഒഴിഞ്ഞ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങള്‍ ജൂണ്‍ പന്ത്രണ്ട് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ജില്ല കലക്ടര്‍ യു വി ജോസ് അറിയിച്ചു. ജൂണ്‍ പന്ത്രണ്ട് മുതല്‍ പൊതു പരിപാടികള്‍ക്കും നിയന്ത്രണം ഉണ്ടാവില്ല. പകര്‍ച്ച വ്യാധികളും ഭക്ഷ്യ വിഷ ബാധയും തടയാനുള്ള മുന്നൊരുക്കം തുടങ്ങി .

വിദ്യാര്‍ത്ഥികളില്‍ പകര്‍ച്ച വ്യാധികളും ഭക്ഷ്യ വിഷ ബാധയും തടയാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി മാവൂര്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സമിതി സ്കൂളുകളില്‍ ശുചിത്വ പരിശോധനകള്‍ തുടങ്ങി .ഈ മാസം12 ന് നടക്കുന്ന പ്രവേശനോത്സവത്തിന് മുന്നോടിയായി സ്കൂളുകളിലെ ക്ലാസ് മുറികള്‍, പരിസരം, കിണര്‍, മുതലായവ ശുചിത്വമുള്ളതാണോ എന്നും, കുട്ടികളുടെ ആവശ്യത്തിന് ആനുപാതികമായി വൃത്തിയുള്ള ശുചി മുറികള്‍, മൂത്രപ്പുരകള്‍, എന്നിവ ഉണ്ടോ എന്നും, അടുക്കള, സ്റ്റോര്‍, എന്നിവ വൃത്തിയായി സൂക്ഷിക്കുന്നുണ്ടോ എന്നും ഉറപ്പുവരുത്തുകയാണ് പരിശോധനയുടെ ലക്ഷ്യം. സ്കൂളിലെ ജൈവ- അജൈവ മാലിന്യ സംസ്കരണ സംവിധാനങ്ങളും സംഘം പരിശോധിക്കുന്നുണ്ട്.

പനി, മഞ്ഞപ്പിത്തം, മുണ്ടിനീര്, ചിക്കന്‍പോക്സ് മുതലായ അസുഖ ലക്ഷണങ്ങളുള്ള വിദ്യാര്‍ത്ഥികള്‍ ക്ലാസ് മുറികളില്‍ എത്തുന്നത് ഒഴിവാക്കണമെന്ന് പ്രധാന അധ്യാപകരോട് സംഘം നിര്‍ദ്ദേശിച്ചിട്ടുണ്ട് – സ്കൂള്‍ പരിസരങ്ങളില്‍ കുട്ടികളെ സ്വാധീനിക്കുന്ന അപകടകരങ്ങളായ ഭക്ഷ്യ ഉല്‍പന്നങ്ങളുടെ വില്‍പനക്കും വിലക്ക് ഏര്‍പ്പെടുത്തിയതായി സംഘം അറിയിച്ചു. സ്കൂളുകള്‍ക്ക് പുറമെ പാറമ്മലിലെ മഹ്ളറത്തുല്‍ ഓര്‍ഫനേജ് ഹോസ്റ്റലിലും, മേച്ചേരിക്കുന്ന് പട്ടികജാതി വികസന ഹോസ്റ്റലിലും പരിശോധന നടത്തി. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയര്‍ പേര്‍സണ്‍ കെ കവിതാ ഭായി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി ഉണ്ണിക്കൃഷ്ണന്‍, പഞ്ചായത്ത് അംഗങ്ങളായ കെ ഉസ്മാര്‍, കെ അനൂപ്, സുബൈദ കണ്ണാറ, രാജി ചെറുതൊടികയില്‍ എന്നിവരാണ് പരിശോധന നടത്തിയത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *