കോഴിക്കോട് എന്‍.ഐ.ടി.യില്‍ നടന്നുവന്ന രാഗം ഫെസ്റ്റ് സമാപിച്ചു
ചാത്തമംഗലം: കോഴിക്കോട് എന്‍.ഐ.ടി.യില്‍ നടന്നുവന്ന കലാസാംസ്കാരികമേളയായ രാഗം ഫെസ്റ്റ് സമാപിച്ചു. തെരുവുനാടക മത്സരം, ഐ ഇങ്ക്, അന്തര്‍ദേശീയ ഡി.ജെ. ആയ സ്പങ്കും സെയ്ഡനും നടത്തിയ ഇ.ഡി.എം. നൈറ്റ് എന്നിവയായിരുന്നു അവസാന ദിവസത്തെ മുഖ്യപരിപാടികള്‍.
ആറുഭാഷകളിലായി അമ്പതേളം ഹ്രസ്വചിത്രങ്ങള്‍ മാറ്റുരച്ച മത്സരത്തില്‍ ഗ്രേസ് വില്ലയും ഫ്യൂഗിയും ഒന്നാമതെത്തി. മികച്ച സംവിധായകരായി വിവേകിനെയും മികച്ച നടിയായി രശ്മിനായരെയും തിരഞ്ഞെടുത്തു.

രാജന്‍ മെമ്മോറിയല്‍ ലളിതഗാനമത്സരത്തില്‍ തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളേജിലെ ശ്രേയസ്സും ഭീമ ബഷീര്‍ (ടി.കെ.എം. കൊല്ലവും) വിജയികളായി. രണ്ടുഘട്ടങ്ങളിലായാണ് മത്സരം നടത്തിയത്. തെരുവുനാടകമത്സരത്തില്‍ കോഴിക്കോട് എന്‍.ഐ.ടി. ജേതാക്കളായി.

പ്രശസ്തഗായകരായ സോനു നിഗം, ഹരിചരണ്‍, ബെന്നറ്റ് ആന്‍ഡ് ദി ബാന്‍ഡ് ബാന്റിന്റെ പ്രകടനവും രാഗം രാവുകളെ ആവേശഭരിതമാക്കി. ദക്ഷിണേന്ത്യയിലെ വിവിധ കോളേജുകളില്‍ നിന്നെത്തിയ ആയിരത്തിയഞ്ഞൂറോളം കലാപ്രതിഭകള്‍ വേദികളില്‍ മാറ്റുരച്ചു.

സ്റ്റുഡന്റ്സ് അഫയേഴ്സ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഹാന്‍സ് എം. ആന്റണി, ജോയന്റ്സെക്രട്ടറി നിമിഷ റോയ്, കള്‍ച്ചറല്‍സെക്രട്ടറി കെ.ജി. ഷഹല്‍ എന്നിവരുടെ നേതൃത്വത്തിലാണ് സമാപനപരിപാടികള്‍ നടന്നത്.
