KOYILANDY DIARY

The Perfect News Portal

കോണ്‍ഗ്രസിന് ആര്‍.എസ്.എസ് മോഡല്‍ വേണ്ട: കേന്ദ്ര നേതൃത്വത്തെ തള്ളി മുല്ലപ്പള്ളി

തിരുവനന്തപുരം: കോണ്‍ഗ്രസിനെ ദേശീയ തലത്തില്‍ പുനരുജ്ജീവിപ്പിക്കേണ്ടത് അടിയന്തര ആവശ്യമാണെങ്കിലും അതിനായി ആര്‍.എസ്.എസ് മോഡലിലേയ്ക്ക് പോകേണ്ട ആവശ്യമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേഡര്‍ സംവിധാനത്തിലേയ്ക്ക് കോണ്‍ഗ്രസിനെ മാറ്റിയെടുക്കുക പ്രയാസമാണ്. ബഹുസ്വരതയുടെ പ്രതിഫലനമാണ് കോണ്‍ഗ്രസ്. ആത്യന്തികമായി പാര്‍ട്ടിയില്‍ അച്ചടക്കവും ഐക്യവുമാണ് വേണ്ടത്. ചരിത്രത്തോട് വീട്ടുവീഴ്ച നടത്തിയല്ല പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കേണ്ടത്. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലെ ഭിന്നതകള്‍ പാലാ ഉപതിരഞ്ഞെടുപ്പിനെ ബാധിക്കില്ല. പാലാ ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫ് വി‌ജയ പ്രതീക്ഷ, കെ.പി.സി.സി പുന:സംഘടന, വരാന്‍ പോകുന്ന ഉപതിരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം,

ജോസഫിന്റെ നിലപാട്

പാലാ ഉപതിരഞ്ഞെടുപ്പിനെ ശുഭാപ്തി വിശ്വാസത്തോടെയാണ് നോക്കി കാണുന്നത്. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാലോ അഞ്ചോ തവണ ഞാന്‍ കോട്ടയത്ത് പോയിരുന്നു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയില്‍ നിന്നും ഡി.സി.സിയില്‍ നിന്നും യു.ഡി.എഫിന് അനുകൂലമായ റിപ്പോര്‍ട്ടുകളാണ് ലഭിച്ചത്. നിയമസഭാ മണ്ഡലത്തിന്റെ പ്രത്യേകതയും സാഹചര്യവും യു.ഡി.എഫിന് പരിപൂര്‍ണമായി അനുകൂലമാണ്. കേരള കോണ്‍ഗ്രസിലെ ഭിന്നതകള്‍ തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. പി.ജെ ജോസഫിനോട് വളരെ വിശദമായി സംസാരിച്ചിരുന്നു. ടോം ജോസിനെ ജയിപ്പിക്കണമെന്ന് തന്നെയാണ് ജോസഫിന്റെ നിലപാട്.

Advertisements

നീളുന്നതിന് കാരണം

കെ.പി.സി.സി പുന:സംഘടനാ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. പാലാ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞ് പുന:സംഘടനാ ചര്‍ച്ചകള്‍ക്കായി ഒരിക്കല്‍ കൂടി ഇരിക്കേണ്ടി വരും. ജംബോ കമ്മിറ്റി വേണ്ടെന്നാണ് തുടക്കം മുതലുള്ള എന്റെ നിലപാട്. അംഗങ്ങളുടെ എണ്ണം പരമാവധി കുറച്ചാല്‍ മാത്രമേ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാകൂ എന്നാണ് കഴിഞ്ഞകാല അനുഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. കാര്യക്ഷമമായ കമ്മിറ്റികള്‍ വേണമെന്ന കാര്യത്തില്‍ ഇരു ഗ്രൂപ്പുകള്‍ക്കും ഒരേ അഭിപ്രായമാണ്. പക്ഷേ, കോണ്‍ഗ്രസ് പോലുള്ള പാര്‍ട്ടിയില്‍ വലിയ താത്പര്യങ്ങള്‍ ഉണ്ടാകും. ആരെ മാറ്റണം, ആരെ ഉള്‍ക്കൊള്ളണം എന്നതാണ് നേതൃത്വത്തെ അലട്ടുന്ന പ്രശ്നം. അതിലൊരു തീരുമാനത്തിലെത്താന്‍ കഴിയാത്തതാണ് പുന:സംഘടന വെെകാന്‍ കാരണം. എങ്കിലും എന്റെ താത്വികമായ നിലപാടുകള്‍ ഗ്രൂപ്പുകള്‍ അംഗീകരിക്കുന്നുണ്ട്.

ഗ്രൂപ്പ് നോക്കില്ല

പാലാ കഴിഞ്ഞ് വരാന്‍പോകുന്ന ഉപതിരഞ്ഞെടുപ്പുകളിലും പാര്‍ട്ടിക്ക് വലിയ പ്രതീക്ഷയുണ്ട്. സ്ഥാനാര്‍ത്ഥികളെ ഗ്രൂപ്പ് നോക്കി നിറുത്തില്ല. അതുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുള്ള അനെെക്യവും അനുവദിക്കില്ല. ഒാരോ നിയമസഭാ മണ്ഡലങ്ങളിലും ഏറ്റവും അനുയോജ്യരായ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തി അവരെ വിജയിപ്പിക്കുക എന്നതാണ് ലക്ഷ്യം.

അടഞ്ഞ അദ്ധ്യായം

ശശിതരൂര്‍ പറഞ്ഞതൊന്നും പാര്‍ട്ടി ഗൗരവമായി കാണുന്നില്ല. ആ വിഷയം അടഞ്ഞ അദ്ധ്യായമാണ്. ഇനിയും ചര്‍ച്ച ചെയ്ത് ആ വിഷയത്തില്‍ വിവാദമുണ്ടാക്കാന്‍ ഞാനോ കെ.പി.സി.സിയോ ആഗ്രഹിക്കുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *