KOYILANDY DIARY

The Perfect News Portal

കൊല്ലപ്പെട്ട ഫാദർ സേവ്യർ തലേക്കാട്ടിന്റെ മാതാവ് പ്രതിയുടെ വീട് സന്ദർശിച്ചു

കൊച്ചി: കൊല്ലപ്പെട്ട മലയാറ്റൂര്‍ കുരിശുമുടി റക്ടര്‍ ഫാദര്‍ സേവ്യര്‍ തേലക്കാട്ടിലിന്റെ മാതാവ് ത്രേസ്യാമ്മ, പ്രതി കപ്യാര്‍ ജോണി വട്ടപ്പറമ്പിലിന്റെ വീട്ടിലെത്തി ഭാര്യ ആനിയെയും കുടുംബത്തെയും ആശ്വസിപ്പിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ തീര്‍ത്ഥാടനമായ മലയാറ്റൂര്‍ തീര്‍ത്ഥാടനത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിരിക്കെയാണ് ഫാദര്‍ സേവ്യര്‍ തേലക്കാട്ട് കപ്യാരുടെ കുത്തേറ്റ് മരിച്ചത്.

കഴിഞ്ഞ ദിവസം നടന്ന സംസ്കാര ചടങ്ങില്‍ ജോണിക്ക് മാപ്പു നല്‍കുന്നു എന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞിരുന്നു. ദാരുണ സംഭവത്തെത്തുടര്‍ന്ന് ഒറ്റപ്പെട്ട് അതീവ ദുഃഖത്തിലായിരുന്ന ജോണിയുടെ കുടുംബത്തിന് വലിയ ആശ്വാസമായി ഈ സന്ദര്‍ശനം.

മലയാറ്റൂര്‍ പള്ളി ഇടവക വികാരി ഫാദര്‍ ജോണ്‍ തേക്കാനത്തിന്റെ നേതൃത്വത്തില്‍ ഫാദര്‍ തേലക്കാട്ടിന്റെ മാതാവ് ത്രേസ്യാമ്മ, അച്ഛന്റെ സഹോദരി ത്രേസ്യ, അനിയന്‍ സെബാസ്റ്റ്യന്‍, അടുത്ത ബന്ധു പാപ്പച്ചന്‍, പാപ്പച്ചന്റെ മകന്‍ ഫാദര്‍ സേവ്യര്‍ തേലക്കാട്ട് (ബിജു), ബിനോജ്, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവരാണ് എത്തിയത്.

Advertisements

ജോണിയുടെ വീട്ടില്‍ ഭാര്യ ആനിയും മക്കളും ബന്ധുക്കളുമുണ്ടായിരുന്നു. ഫാദര്‍ തേലക്കാട്ടിന്റെ അമ്മ ആനിയേയും മക്കളെയും കെട്ടിപ്പിടിച്ച്‌ ആശ്വസിപ്പിച്ചു. ഇരുവരുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകി. വികാരനിര്‍ഭര നിമിഷങ്ങള്‍ക്കൊടുവില്‍ തളര്‍ന്നു വീണ ആനിയെ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

മാര്‍ച്ച്‌ ഒന്നിനായിരുന്നു കുരിശുമുടി പള്ളിയിലെ മുന്‍കപ്യാരായിരുന്ന ജോണി ഫാദര്‍ സേവ്യര്‍ തേലക്കാട്ടിനെ കുത്തിക്കൊന്നത്. സംഭവത്തിന് ശേഷം കാട്ടിലേക്ക് രക്ഷപെട്ട ജോണിയെ തൊട്ടടുത്ത ദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. കുരിശുമുടിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്ന് ജോണിയെ ഫാദര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. തന്നെ ജോലിയില്‍ തിരികെയെടുക്കണമെന്ന് ജോണി പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ഫാദര്‍ അംഗീകരിച്ചില്ല. ഇതിന്റെ വൈരാഗ്യത്തെ തുടര്‍ന്നാണ് ജോണി ഫാദറിനെ കുത്തിക്കൊലപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *