KOYILANDY DIARY

The Perfect News Portal

കൊല്ലപ്പെട്ട കൃപേഷിന്റെ ‘അടച്ചുറപ്പുള്ള വീട്’ എന്ന സ്വപ്നത്തിന് സാക്ഷാത്കരമായി

കാസര്‍ഗോഡ്: പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റെ ‘അടച്ചുറപ്പുള്ള വീട്’ എന്ന സ്വപ്നത്തിന് സാക്ഷാത്കരമായി. എറണാകുളം എംഎല്‍എ ഹൈബി ഈഡന്‍ നടപ്പിലാക്കുന്ന തണല്‍ പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിച്ച വീടിന്റെ പാലുകാച്ചല്‍ ചടങ്ങ് ഇന്ന് നടന്നു. ഹൈബി ഈഡന്‍, കോണ്‍ഗ്രസ് നേതാക്കളായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, വിഡി സതീശന്‍ എന്നിവര്‍ പങ്കെടുത്തു. ഹൈബി ഈഡന്റെ ഭാര്യയും മകളും ചടങ്ങിനെത്തിയിരുന്നു. കൃപേഷിന്റെ ഓര്‍മയില്‍ വൈകാരികമായ അന്തരീക്ഷത്തിലായിരുന്നു ചടങ്ങുകള്‍.

കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടപ്പോള്‍ കല്ല്യോട്ടെ കൃപേഷിന്‍റെ വീട്ടിലെത്തിയ എല്ലാവരുടേയും നൊമ്ബരമായിരുന്നു ഓലമേഞ്ഞ ഒറ്റമുറിവീട്. മണ്‍തറയില്‍ ഓലകെട്ടിമറച്ച ഒറ്റമുറി വീടിന് തൊട്ട് ചേര്‍ന്നുള്ള ചായ്പ്പായിരുന്നു പ്ലസ്ടുവിന് പഠിക്കുന്ന സഹോദരി കൃഷ്ണ പ്രിയയുടെ പഠന മുറി.അച്ഛനും അമ്മയും സഹോരദരികളുമടക്കം കുടുംബം വര്‍ഷങ്ങളായി താമസിച്ചിരുന്ന ഇടം. അടച്ചൊറുപ്പുള്ള വീട് പണിയണം എന്ന സ്വപ്നങ്ങള്‍ക്കിടയിലാണ് ഏക മകന്‍ കൊലക്കത്തിക്ക് ഇരയാകുന്നത്. ആ സ്വപ്നമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.

അടച്ചുറപ്പുള്ള വീട് അതായിരുന്നു കൃപേഷിന്റെ സ്വപ്നം. അതാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നതെന്ന കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍ പറയുന്നു. പഴയ വീടിനോട് ചേര്‍ന്ന് 1100 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തിലാണ് വീടിന്റെ നിര്‍മാണം. 20 ലക്ഷം രൂപ ചിലവിലാണ് വീട് നിര്‍മിച്ചിരിക്കുന്നത്. ശുചി മുറികളോട് കൂടിയ മൂന്ന് കിടപ്പുമുറികള്‍. സ്വീകരണ മുറിയും ഭക്ഷണ മുറിയും അടുക്കളയും ചേര്‍ന്നതാണ് വീട്. പ്രവാസി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വീട്ടു വളപ്പില്‍ കുഴല്‍ കിണറും നിര്‍മിച്ചുനല്‍കിയിട്ടുണ്ട്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *