KOYILANDY DIARY

The Perfect News Portal

കൊല്ലന്റെ ആലയില്‍ നിന്ന് ഊതിക്കാച്ചിയ 25 ലക്ഷത്തിന്റെ കപ്പല്‍ എത്തിയത്‌ സര്‍ഗാലയ കേരള കലാ കരകൗശല ഗ്രാമത്തില്‍

പയ്യോളി: ഇരുമ്പു സാധനങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടാനും ഇളകിപ്പോയ വസ്തുക്കള്‍ ഉറപ്പിക്കാനുമാണ് പലപ്പോഴും കൊല്ലന്റെ ആലയെ സമീപിക്കുക. എന്നാല്‍, ആലപ്പുഴ ഓച്ചിറ പ്രയാര്‍ വിളവയലില്‍ വി.എന്‍. ഉണ്ണികൃഷ്ണന്റെ ആലയില്‍നിന്ന് ഊതിക്കാച്ചിയെടുത്തത് 25 ലക്ഷംരൂപ വിലമതിക്കുന്ന പായ്ക്കപ്പലാണ്.

പൂര്‍ണമായും പിത്തളയിലുണ്ടാക്കിയതാണ് സ്വര്‍ണവര്‍ണ നിറമുള്ള ഈ മനോഹരശില്പം. ഇത് യാദൃച്ഛികമായി എത്തിയതാകട്ടെ നാവികരുടെ തലതൊട്ടപ്പനായ ഇരിങ്ങല്‍-കോട്ടക്കല്‍ കുഞ്ഞാലിമരയ്ക്കാരുടെ നാട്ടില്‍-സര്‍ഗാലയ കേരള കലാ കരകൗശല ഗ്രാമത്തില്‍.

എറണാകുളത്ത് കടയില്‍ വില്‍പ്പനയ്ക്ക് വെച്ചതായിരുന്നു ഈ കപ്പല്‍. ഇത് കാണാനിടയായ സര്‍ഗാലയ അധികൃതര്‍ ഉണ്ണികൃഷ്ണനുമായി ബന്ധപ്പെട്ടാണ് പായ്ക്കപ്പല്‍ സര്‍ഗാലയയിലെത്തിച്ചത്.

Advertisements

ഓച്ചിറയില്‍ മെറ്റല്‍ ഫാബ്രിക്കേഷന്‍ നടത്തുന്ന ഉണ്ണികൃഷ്ണന്‍ മറ്റുജോലികള്‍ക്കിടയിലാണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഒന്നരവര്‍ഷത്തെ അധ്വാനം വേണ്ടിവന്നു. കപ്പലിന് 213 കിലോ തൂക്കമാണുള്ളത്. 14 അടി നീളവും 10 അടി ഉയരവും നാലടിവീതിയുമുണ്ട്. പായ്ക്കപ്പലിന്റെ സൂക്ഷ്മമായ എല്ലാഭാഗങ്ങളും ഉരുക്കുപണിയോ ഡൈയോ ഇല്ലാതെയാണ് നിര്‍മിച്ചത്. പ്രോപ്പല്ലര്‍, നങ്കൂരം, ക്രെയിന്‍, കാബിന്‍, ലൈഫ് ബോട്ട്, പായ, പായകെട്ടിയ കയര്‍പോലും പിത്തള പിരിച്ച്‌ ഉണ്ടാക്കിയതാണ്.

രണ്ടരവര്‍ഷമായി ഇതുണ്ടാക്കിയിട്ട്. വെള്ളത്തിലിറക്കാത്ത ഈ പായ്ക്കപ്പല്‍ വിപണിയില്‍പോയിട്ടുവേണം കുടുംബ പ്രാരബ്ധങ്ങളില്‍നിന്ന് നീന്തിക്കയറാനെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. വിശ്വകര്‍മവിഭാഗത്തില്‍പ്പെട്ട ഉണ്ണികൃഷ്ണന്റെ ഗുരു അച്ഛന്‍ നാരായണന്‍ ആചാരിയാണ്. 2015-16 വര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ കരകൗശല അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *