KOYILANDY DIARY

The Perfect News Portal

കൊല്ലംചിറ നവീകരണം പുരോഗമിക്കുന്നു

കൊയിലാണ്ടി: കൊല്ലംചിറ നവീകരണം പുരോഗമിക്കുന്നു. നാലുഭാഗവും കരിങ്കൽകൊണ്ട് കെട്ടിസംരക്ഷിക്കുന്ന പ്രവൃത്തി പൂർത്തിയായി. കെ. ദാസൻ എംഎൽ.എയുടെ ശ്രമഫലമായി 3.27 കോടി രൂപ നബാർഡിൽ നിന്ന് കടമെടുത്താണ് നവീകരണ പ്രവൃത്തി നടത്തുന്നത്.

ചിറയുടെ മധ്യത്തിൽ ജലകന്യകയുടെ കൂറ്റൻ കോൺക്രീറ്റ് ശില്പം പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. യുവശില്പി ദീപേഷ് കൊല്ലത്തിന്റെ നേതൃത്വത്തിലാണ് ശില്പമൊരുങ്ങുന്നത്. ജലകന്യകയ്ക്ക് പതിനൊന്ന് അടി പൊക്കമുണ്ടാകും. ചിറയുടെ ചുറ്റിലും ടൈൽപാകി ആകർഷകമായ നടപ്പാത നിർമിക്കുന്നുണ്ട്. ആർക്കിടെക്ട് വിനീഷ് വിദ്യാധരനാണ് വത്‌കരണ പദ്ധതിക്ക്‌ മേൽനോട്ടം വഹിക്കുന്നത്.

നടപ്പാതയ്ക്ക് ഇരുവശവും കൈവരിയും മതിലും ഉണ്ടാകും. പ്രഭാതസവാരി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഈ നടപ്പാതവഴി പോകാൻ കഴിയും. മാത്രവുമല്ല മിനി ചിൽഡ്രൻസ് പാർക്ക്, വയോജനങ്ങൾക്ക് വിശ്രമിക്കാനുള്ള സങ്കേതം, യോഗാ കേന്ദ്രം, വ്യായാമം ചെയ്യാനുള്ള സൗകര്യം എന്നിവയും ഒരുക്കും. ചിറയിൽ മാലിന്യം നിക്ഷേപിക്കുന്നത് കർശനമായി തടയും. ചിറയിൽ മാലിന്യം കലരുന്നത് നിരീക്ഷിക്കാൻ ഒരു പെഡൽബോട്ടും ഏർപ്പെടുത്തും. വർഷങ്ങളുടെ കാത്തിരിപ്പിനുശേഷമാണ് ചിറനവീകരണ പ്രവൃത്തി തുടങ്ങിയത്.

Advertisements

ജില്ലയിലെ ഏറ്റവും വിസ്തൃതിയുള്ള ശുദ്ധജലാശയമാണ് കൊല്ലം ചിറ. 12 ഏക്കറയോളം വിസ്തീർണമുള്ള ചിറ മന്ദമംഗലം ദേശത്തിന്റെ പ്രധാന കുടിവെള്ള സ്രോതസ്സുകൂടിയാണ്. ചിറനവീകരണത്തിന് 3.27 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. കെ.എൽ.ഡി.സി.യാണ് നവീകരണ പ്രവൃത്തി നടത്തുന്നത്. പിഷാരികാവ് ക്ഷേത്രം, കൊല്ലം അനന്തപുരം മഹാവിഷ്ണുക്ഷേത്രം, തളി മഹാദേവ ക്ഷേത്രം, വേട്ടയ്ക്കൊരുമകൻ ക്ഷേത്രം എന്നിവയുടെ കുളിക്കടവ് ഈ ചിറയിലാണ്. കൊല്ലം പ്രദേശത്തിന്റെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നത് ജലസമൃദ്ധികൊണ്ട് സമ്പന്നമായ കൊല്ലം ചിറയാണ്.

Leave a Reply

Your email address will not be published. Required fields are marked *