KOYILANDY DIARY

The Perfect News Portal

കൊറോണ: മാസ്ക് തുന്നിയ തടവുകാര്‍ക്ക് ശിക്ഷയിൽ ഇളവ്

തിരുവനന്തപുരം: കൊറോണയെ പ്രതിരോധിക്കാനുള്ള മാസ്കുകള്‍ പുഷ്പംപോലെ തയ്ച്ച്‌ ക്ഷാമത്തെ മറികടക്കാന്‍ യത്നിക്കുന്ന തടവുകാര്‍ക്ക് ജയില്‍ ഡി.ജി.പിയുടെ കിടിലന്‍ ഓഫര്‍! മാസ്ക് നിര്‍മ്മാണം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുന്ന തടവുകാര്‍ക്ക് ശിക്ഷാകാലയളവില്‍ 60 ദിവസംവരെ കുറയ്ക്കാന്‍ ശുപാര്‍ശ നല്‍കാമെന്ന ഉറപ്പും ഇരട്ടിക്കൂലിയും. കഴിഞ്ഞ ദിവസം തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ സന്ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ് ഇക്കാര്യങ്ങളില്‍ ഉറപ്പ് നല്‍കിയത്.

ജയില്‍ ഡി.ജി.പിക്ക് ഒരു തടവുകാരന്റെ ശിക്ഷാ കാലയളവില്‍ നിന്ന് 60 ദിവസം വരെ കുറയ്ക്കാനുള്ള ശുപാര്‍ശ നല്‍കാന്‍ അധികാരമുണ്ട്. മാസ്ക് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന തടവുകാര്‍ക്ക് ഇത് നടപ്പാക്കുമെന്ന് ഋഷിരാജ് സിംഗ് പറഞ്ഞു. പ്രതിസന്ധി ഘട്ടത്തില്‍ സംസ്ഥാനത്തിനൊപ്പം നില്‍ക്കുന്ന ജയില്‍ അന്തേവാസികളെ തള്ളിക്കളയാന്‍ പാടില്ലെന്നാണ് ഋഷിരാജ് സിംഗിന്റെ പക്ഷം. ഓടിയെത്താന്‍ പറ്രുന്ന ജയിലുകളിലെല്ലാം നേരിട്ടെത്തിയാണ് ഋഷിരാജ് സിംഗ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നത്. എത്തിച്ചേരാന്‍ പറ്റാത്ത ജയിലുകളില്‍ ഫോണിലൂടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് കാര്യങ്ങള്‍ തിരക്കുന്നു.

മൂന്ന് ഷിഫ്റ്റുകളിലായാണ് തടവുകാര്‍ മാസ്‌ക് നിര്‍മ്മാണം നടത്തുന്നത്. മാസ്‌കുകളില്‍ ഭൂരിപക്ഷവും ആരോഗ്യവകുപ്പിനാണ് കൈമാറുന്നത്. കഴിഞ്ഞ ദിവസം മുതല്‍ ജയിലുകളില്‍ നേരിട്ടെത്തി പൊതുജനങ്ങള്‍ക്ക് മാസ്ക് വാങ്ങാനുള്ള സൗകര്യവും ആരംഭിച്ചിട്ടുണ്ട്. വനിതാ ജയിലുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 35 ജയിലുകളിലാണ് മാസ്ക് നിര്‍മ്മാണം നടത്തുന്നത്. സാനിറ്റൈസറുകളുടെ നിര്‍മ്മാണം ആറ് ജയിലുകളില്‍ ആരംഭിക്കാനുള്ള നടപടികളും തുടങ്ങി.

Advertisements

വെറും എട്ടുരൂപ

പതിനായിരത്തോളം മാസ്‌കുകള്‍ നിര്‍മ്മിച്ച്‌ ആരോഗ്യ വകുപ്പിന് കൈമാറിയെന്ന് ജയില്‍ അധികൃതര്‍ പറയുന്നു. ഡോക്ടര്‍മാരുടെ മാര്‍ഗനിര്‍ദ്ദേശത്തിലാണ് മാസ്‌കുകള്‍ നിര്‍മ്മിക്കുന്നത്. ലിനന്‍ തുണിയില്‍ നിര്‍മ്മിക്കുന്നതിനാല്‍ വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന മാസ്‌കുകളാണിവ. സാമൂഹ്യനീതി വകുപ്പാണ് നിര്‍മ്മാണത്തിനാവശ്യമായ സാധനങ്ങള്‍ ലഭ്യമാക്കുന്നത്.

പൂര്‍ണമായും അണുവിമുക്തമാക്കിയാണ് മാസ്‌കുകള്‍ കൈമാറുന്നതെന്ന് അധികൃതര്‍ പറയുന്നു. പുറത്ത് 25 രൂപയ്ക്ക് ലഭിക്കുന്ന മാസ്‌കുകള്‍ ജയില്‍ വകുപ്പ് നല്‍കുന്നത് എട്ടു രൂപയ്ക്കാണ്.

ഒരു ദിവസം ഒരു ജയിലില്‍ നിന്ന് അഞ്ഞൂറോളം മാസ്‌കുകളാണ് രാവ് പകലാക്കി തടവുകാര്‍ നിര്‍മ്മിക്കുന്നത്. ചില ദിവസങ്ങളിലാകട്ടെ രാത്രി 12 മണി വരെയൊക്കെ നിര്‍മ്മാണം നീളുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

കൊള്ളയ്ക്ക് തടയിട്ടു

ത്രീ ലെയര്‍ സര്‍ജിക്കല്‍ മാസ്‌കുകള്‍ കിട്ടാനില്ലാത്തതും ഉള്ളതിന് കൊള്ള വില ഈടാക്കുന്നതും ശ്രദ്ധയില്‍ പെട്ടതോടെയാണ് സര്‍ക്കാരിന്റെ അടിയന്തര ഇടപെടലില്‍ സംസ്ഥാനത്തെ മൂന്ന് സെന്‍ട്രല്‍ ജയിലുകളില്‍ തുണി മാസ്‌ക് നിര്‍മാണം തുടങ്ങിയത്. 6 മണിക്കൂര്‍ ഉപയോഗിച്ച ശേഷം സോപ്പിട്ട് നന്നായി കഴുകി വെയിലത്തുണക്കിയും ഇസ്തിരിയിട്ടും മാസ്‌ക് വീണ്ടും ഉപയോഗിക്കാം.

രണ്ടുതരം മാസ്‌കുകളാണ് കൊറോണയെ നേരിടാന്‍ ഉപയോഗിക്കുന്നത്. എന്‍ 95 മാസ്‌ക്, ത്രീ ലയര്‍ സര്‍ജിക്കല്‍ മാസ്‌ക്. എന്‍ 95 മാസ്‌ക് കൊറോണ ബാധിച്ചവര്‍ക്കും അവരെ പരിചരിക്കുന്നവര്‍ക്കുമാണ് അവശ്യം. ഈ രണ്ട് മാസ്‌കുകളും കിട്ടാനില്ലാത്ത സാഹചര്യത്തിലാണ് തുണി മാസ്‌കുകള്‍ ഉപയോഗിക്കാം എന്ന് വിദഗ്ദ്ധര്‍ നിര്‍ദ്ദേശിച്ചത്. അങ്ങനെയാണ് ജയിലുകളില്‍ നിര്‍മ്മാണം ആരംഭിച്ചത്.

വിയ്യൂര്‍ ഉള്‍പ്പെടെ ചില ജയിലുകളില്‍ രണ്ട് തരത്തിലുള്ള മാസ്കുകളും നിര്‍മ്മിക്കുന്നുണ്ട്. പുനരുപയോഗിക്കാന്‍ കഴിയുന്ന തുണിയില്‍ നിര്‍മ്മിച്ച മാസ്‌കും ഒറ്റ തവണ ഉപയോഗിക്കാവുന്ന മാസ്‌കുകളും.

Leave a Reply

Your email address will not be published. Required fields are marked *