KOYILANDY DIARY

The Perfect News Portal

കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിൽ വനിതകളുടെ ഓലമടയൽ ശ്രദ്ധേയമായി

കൊയിലാണ്ടി: തെങ്ങോലകൾ മേലാപ്പ് ചാർത്തിയ കേരളീയ സൗന്ദര്യം ആസ്വദിക്കാത്ത സഞ്ചാരികൾ  വളരെ കുറവായിരിക്കും.  തെങ്ങോലയിലും പനയോലയിലും കെട്ടിയുണ്ടാക്കിയ പഴയകാലത്തെ ചായപ്പീടിക ഇന്നും വിദേശ സഞ്ചാരികൾ മറക്കാൻ സാധ്യതയില്ല. അവിടങ്ങിളിൽ നിന്ന് കുടിച്ച ചായയുടെ രുചി ഇപ്പോഴും അവരുടെ നാവിൻ തുമ്പിൽ രുചിച്ചുകൊണ്ടേയിരിക്കും. ഒരു കാലത്ത് ഗ്രാമീണ ജീവിതത്തിന്റെ തുടിപ്പുകളായിരുന്നു ഓലപ്പുരകൾ. വിവാഹ വീടുകളിലെ പന്തലുകൾ താർപ്പായക്ക് വഴിമാറിക്കഴിഞ്ഞു. ആ പോയകാലം നമുക്കിനി തിരിച്ച് പിടിക്കാൻ കഴിയുമോ… ഇല്ല എന്ന് പറയാനേ നമുക്ക് സാധിക്കൂ… 

മലയാളികളുടെ സൗന്ദര്യബോധം മാറിയതോടെ ഗൃഹനിർമ്മാണത്തിലെ കേരളത്തനിമയും അന്യമായി. പകരം കോൺക്രീറ്റ് സൗധങ്ങൾ വ്യാപകമായ രീതിയിൽ തല പൊക്കി. അതോടെ പഴയ ഓലപ്പുരയും ഓല ഷെഡുമൊക്കെ ഗൃഹാതുര കാഴ്ചകളായി മാറി. കാർഷിക വൃത്തിയെന്നപോലെ ഒട്ടുമിക്ക ദരിദ്ര കുടുംബങ്ങളുടെയും ഉപജീവന മാർഗ്ഗമായിരുന്നു ഒരുകാലത്ത് ഓലമടയൽ. സ്ത്രീ-പുരുഷ ഭേദമില്ലാതെ ഓലമടയൽ തൊഴിലായി സ്വീകരിക്കാൻ പലരും മടി കാണിച്ചില്ല. എന്നാൽ ഓലപ്പുരയും, ഓല ചായ്പ്പും, ഓലപ്പന്തലുമൊക്കെ നാടുനീങ്ങിയതോടെ ഈ തൊഴിലും അപ്രത്യക്ഷമാവുകയായിരുന്നു.

കഴിഞ്ഞ ദിവസം കൊയിലാണ്ടി കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്ര പരിസരത്ത് വെച്ച് ക്ഷേത്ര വനിതാ കൂട്ടായ്മ നടത്തിയ ഓലമടയൽ പുതു തലമുറയുടെ ശ്രദ്ധ ആകർഷിച്ചു. ക്ഷേത്ര ഉൽസവത്തിനായുള്ള മുന്നൂറോളം ഓലകളാണ് ക്ഷേത്രത്തിലെ പന്തൽ കമ്മിറ്റിയുടെ തീരുമാന പ്രകാരം  മടഞ്ഞെടുത്തത്.  വനിതാ കമ്മിറ്റിയാണ് ഇതിന് നേതൃത്വം നൽകിയത്. ഗതകാല സ്മൃതികളുണർത്തിയ ഓലമടയൽ  കുട്ടികൾക്കും തൊഴിൽ പരിചയത്തിന് കളമൊരുക്കി.

Advertisements

ഉത്സവച്ചടങ്ങുകൾക്കും ആഘോഷ പരിപാടികൾക്കുമുള്ള മേൽക്കൂരകളായി ഈ ഓലകൾ ഉപയോഗിക്കാനാണ് കമ്മിറ്റിയുടെ തീരുമാനം. ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികൾ, ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഈ വ്യത്യസ്തമായ  ചടങ്ങുകൾ സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *