KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഫിഷിംഗ് ഹാർബർ നിർമ്മാണം: അവലോകന യോഗം ചേർന്നു

കൊയിലാണ്ടി ഫിഷിംഗ് ഹാർബർ നിർമ്മാണ പ്രവർത്തനങ്ങളിലെ പുരോഗതിയും ഉയർന്നു വന്ന ആക്ഷേപങ്ങളും
അവലോകനം ചെയ്യാനായി കൊയിലാണ്ടി നഗരസഭ ടൗൺ ഹാളിൽ വെച്ച് യോഗം ചേർന്നു. നഗരസഭ ചെയർമാൻ അഡ്വ.കെ സത്യൻ സ്വാഗതം പറഞ്ഞ യോഗത്തിൽ എം.എൽ.എ കെ.ദാസൻ അധ്യക്ഷത വഹിച്ചു.
ഹാർബറിലെ നിർമ്മാണ പ്രവർത്തനങ്ങളിലെ അപാകതകൾ ഹാർബർ സമരസമിതി ഭാരവാഹികൾ യോഗത്തിൽ ഉന്നയിച്ചു.  പ്രധാനമായും ലേലപ്പുരയുടെ ചോർച്ചയും ഡ്രഡ്ജിംഗ് നടത്തിയിട്ടും വേണ്ടത്ര ആഴം വരാത്തതും ഉന്നയിക്കപ്പെട്ടു.   അപാകതകൾ സമയബന്ധിതമായി പരിഹരിച്ച് ഹാർബർ എത്രയും വേഗം ഉത്ഘാടനം ചെയ്യാനുള്ള ശ്രമങ്ങളോട് സഹകരിക്കണമെന്ന എം.എൽ.എയുടെ നിർദ്ദേശത്തോട് പൊതുവിൽ എല്ലാ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും യോജിച്ചു കൊണ്ട് നിലപാട് വ്യക്തമാക്കി.
ഇനി മുതൽ ഹാർബറിൽ അവശേഷിക്കുന്ന പ്രവൃത്തികളുടെ മേൽനോട്ടം നിർവ്വഹിക്കാൻ എം.എൽ.എ ചെയർമാനും, നഗരസഭ ചെയർമാൻ കൺവീനറുമായി  എഞ്ചിനീയറിംഗ് രംഗത്തെ വിദഗ്ധരെയും കൗൺസിലർമാർ, മത്സ്യതൊഴിലാളി പ്രതിനിധികൾ, മറ്റ് രാഷ്ട്രീയ  തൊഴിലാളി സംഘടനാ പ്രതിനിധികൾ  എന്നിവരെയും ഉൾപ്പെടുത്തി മേൽനോട്ട സമിതി രൂപീകരിക്കാൻ ധാരണയായി.
ഇപ്പോൾ  ഉയർന്നു വന്ന ലേലപ്പുര നിർമ്മാണത്തിലെ അപാകതകൾ പരിശോധിക്കാൻ കോഴിക്കോട് NIT യിലെ വിദഗ്ധരുമായി ബന്ധപ്പെടാനും അവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി അതിന്റെ അടിസ്ഥാനത്തിൽ മറ്റ് നടപടികളിലേക്ക് നീങ്ങാനും തീരുമാനിച്ചു.  ആക്ഷേപമുള്ള ലേലപ്പുരയുടെ നിർമ്മാണ പ്രവൃത്തികൾ ഒഴിച്ചുള്ള മറ്റു പ്രവൃത്തികൾ തുടരാനും തത്വത്തിൽ തീരുമാനമായി.
യോഗത്തിൽ കൗൺസിലർമാരായ സ്മിത.എം.പി, ദിവ്യ ശെൽവരാജ്, കെ.ടി .സുമ, സലീന, സി.കെ., റഹ്മത്ത്, ബുഷ്റ കുന്നോത്ത്, കെ.വി.സന്തോഷ്, സുരേന്ദ്രൻ എന്നിവരും ഹാർബർ എഞ്ചിനീയറിംഗ് അസിസ്റ്റൻറ് എക്സിക്യുട്ടിവ് എഞ്ചിനീയർ അബ്ദുൾ ജബ്ബാർ ഹാർബർ വികസന സമിതി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായി വി.എം.രാജീവർ, പുരുഷോത്തമൻ പി.പി, ടി.കെ.ചന്ദ്രൻ , വി.പി.ഇബ്രാഹിം കുട്ടി, എം.വി ബാബുരാജ്, മുകുന്ദൻ, സുനിൽ മോഹൻ, സത്യചന്ദ്രൻ, ടി.കെ.രാധാകൃഷ്ണൻ, സുനിലേശൻ, ഇ.എസ്.രാജൻ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *