KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ ശുചിത്വ പദവി പുരസ്‌ക്കാരം ഏറ്റുവാങ്ങി

കൊയിലാണ്ടി: ശുചിത്വ  മാലിന്യ സംസ്‌കരണ രംഗത്ത് മികവുറ്റ പ്രവര്‍ത്തനം കാഴ്ചവെച്ച് കൊയിലാണ്ടി നഗരസഭ ശുചിത്വ പദവിയിലേക്ക്. നഗരസഭ കൗണ്‍സില്‍ ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ കെ ദാസന്‍ എം.എല്‍.എ പ്രശസ്തി പത്രവും ഫലകവും കൈമാറി. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ അധ്യക്ഷത വഹിച്ചു.
കേരള സര്‍ക്കാറിന്റെ നവകേരള മിഷന്റെ ഭാഗമായി വൃത്തി, വെള്ളം, വിളവ് എന്നീ സന്ദേശമുയര്‍ത്തി കൊണ്ട് കേരളത്തിന്റെ ജനകീയ പ്രസ്ഥാനമായി മാറിയ ഹരിത കേരളം മിഷന്റെ പിന്‍തുണയോടെ കൊയിലാണ്ടി നഗരസഭയുടെ തനത് മാലിന്യ സംസ്‌കരണ പദ്ധതിയായ ക്ലീന്‍ & ഗ്രീന്‍ പദ്ധതിയുടെ ഭാഗമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശുചിത്വ  മാലിന്യ സംസക്കരണ രംഗത്ത് കേരളത്തിന് മാതൃകയാകാന്‍ നഗരസഭക്ക് കഴിഞ്ഞു.

കേരളത്തില്‍ ആദ്യം പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിച്ച നഗരസഭയാണ് കൊയിലാണ്ടി. ജൈവമാലിന്യ സംസ്‌കരണത്തിന് ‘മണമില്ലാത്ത മാലിന്യ സംസക്കരണം, കൊയിലാണ്ടി മോഡല്‍ ‘ തുമ്പൂര്‍മുഴി യൂണിറ്റുകള്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കപ്പെട്ടവയാണ്. നഗരമധ്യത്തില്‍ ബസ് സ്റ്റാന്റിലും ടൗണ്‍ ഹാളിലും മാര്‍ക്കറ്റിലും വിവിധ സ്ഥാപനങ്ങളിലും തുമ്പൂര്‍മുഴി യൂണിറ്റുകള്‍ സ്ഥാപിച്ചു . ബസ് സ്റ്റാന്റിലെ തുമ്പൂര്‍മുഴിക്കടുത്ത് വൈകുന്നേരങ്ങളില്‍ സാംസ്‌കാരിക പരിപാടികള്‍ നടത്താനുളള ഇടമാക്കി പൊതുജനം മാറ്റിയതോടെ തുമ്പൂര്‍മുഴി മാലിന്യ സംസ്‌കരണത്തിന് വലിയ സ്വീകാര്യത ലഭിച്ചു.

മാലിന്യ സംസ്‌കരണത്തിന് അവിഭാജ്യ ഘടകമായ 100 അംഗ ഹരിത കര്‍മസേന രൂപീകരിച്ചുകൊണ്ട് നാടിന്റെ എല്ലാ ഭാഗത്തും നഗരസഭയുടെ ശ്രദ്ധയെത്തി. വീടുകളില്‍ നിന്നും കടകളില്‍ നിന്നും എല്ലാ മാസവും നിശ്ചിത സംഖ്യ വാങ്ങിച്ച് അജൈവ മാലിന്യം ശേഖരിക്കാന്‍ ഇവരെത്തിയതോടെ നഗരത്തിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരമായി. ശേഖരിച്ച മാലിന്യങ്ങള്‍ സൂക്ഷിച്ച് വയ്ക്കാനും അവ തരം തിരിച്ച് കൈമാറാനുമായി മാര്‍ക്കറ്റില്‍ വളരെ സൗകര്യത്തോടുകൂടി ഒരു എം സി എഫ് സ്ഥാപിക്കാന്‍ നഗരസഭയ്ക്ക് കഴിഞ്ഞു. ജില്ലയില്‍ ആദ്യമായി എം ആര്‍ എഫ് സംവിധാനംഒരുക്കിയ നഗരസഭയാണ് കൊയിലാണ്ടി.

Advertisements

നഗരസഭയിലെ 80% വീടുകളിലും ഉറവിട മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ വിതരണം ചെയ്തു. കോഴി  അറവു മാലിന്യ പ്രശ്‌ന പരിഹാരത്തിനായി ഫ്രഷ് കട്ട് ഏജന്‍സിയുമായി സഹകരിച്ച് അറവു മാലിന്യത്തിന് പരിഹാരമുണ്ടാക്കി. നഗരസഭയിലെ ഹരിത കര്‍മസേനയെ വരുമാനമുളള സംരംഭക ഗ്രൂപ്പൂകളാക്കി മാറ്റുന്നതിനും ബദല്‍ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനും കുടുംബശ്രീയുടെ നേതൃത്വത്തില്‍ ‘സഹയോഗ്’ എന്ന പേരില്‍ തുണി സഞ്ചി നിര്‍മാണ യൂണിറ്റും ജൈവവളം നിര്‍മാണ യൂണിറ്റും ആരംഭിച്ചു.

വൈസ് ചെയര്‍പേഴ്‌സണ്‍ വി.കെ പത്മിനി, നഗരകാര്യ വകുപ്പ് സീനിയര്‍ സൂപ്രണ്ട് ഇ.വി പവിത്രന്‍, നഗരസഭ സെക്രട്ടറി എന്‍.സുരേഷ്, ജെ.എച്ച്.ഐ കെ.എം.പ്രസാദ്, ഹരിതകേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ എം.പി. നിരഞ്ജന എന്നിവര്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *