KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി തീരദേശ മേഖലയുടെ സമഗ്ര വികസനത്തിന് രൂപരേഖ തയ്യാറാക്കുന്നു

കൊയിലാണ്ടി: തീരദേശ മേഖലയുടെ സമഗ്ര വികസനത്തിന് സംസ്ഥാന സർക്കാർ അനുവദിച്ച 2000 കോടി രൂപയുടെ പദ്ധതിയിലേക്ക് കൊയിലാണ്ടി മണ്ഡലത്തിലെ തീര പ്രദേശങ്ങളിൽ നടപ്പിലാക്കേണ്ട വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് സമർപ്പിക്കാൻ ധാരണയായി. പി.ഡബ്ല്യു.ഡി ഗസ്റ്റ് ഹൗസിൽ കെ. ദാസൻ എം.എൽ.എ. വിളിച്ചു ചേർത്ത മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.

റോഡുകളുടെുയും, തോടുകൾക്ക് കുറുകെയുള്ള ചെറു പാലങ്ങളുടെയും കടൽ ബിത്തിയുടെയും അടക്കം നിരവധി നിർദ്ദേശങ്ങൾ യോഗത്തിൽ ഉയർന്നുവന്നു. തീരദേശ മേഖലയിൽ നടപ്പാക്കേണ്ട ഭൗതിക വികസന പദ്ധതികളും മത്സ്യതൊഴിലാളികളുടെ ജീവിത നിലവാരം ഉയർത്തുന്ന ക്ഷേമ പദ്ധതികളും സംയോജിപ്പിച്ച്‌കൊണ്ടുള്ള പദ്ധതി രേഖയ്ക്ക് മണ്ഡലാടിസ്ഥാനത്തിൽ രൂപം നൽകും. നിലവിൽ തകർച്ച നേരിട്ട കടൽ ബിത്തികൾ ബലപ്പെടുത്തുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കിയതായി മേജർ ഇറിഗേഷൻ വിഭാഗം യോഗത്തിൽ വ്യക്തമാക്കി. വലിയ കല്ല്‌ കിട്ടാനുള്ള പ്രയാസം നേരിടാൻ കലക്ടറുടെ നേതൃത്വത്തിൽ ഇടപെടൽ നടത്തുന്നുണ്ട്.

കൊയിലാണ്ടി ഫിഷിംഗ്‌ ഹാർബറിന്റെ പ്രവൃത്തി യോഗത്തിൽ അവലോകനം ചെയ്തു. തുവ്വപ്പാറ മുതൽ പൊയിൽക്കാവ് വരെയുള്ള തീരദേശ റോഡിന് 28 ലക്ഷത്തിന്റെയും ഹാർബറിൽ നിന്ന് പഴയ പോലീസ് സ്‌റ്റേഷൻ വഴിയുള്ള റോഡിന് 91 ലക്ഷത്തിന്റെയും നവീകരണത്തിന് ടെണ്ടർ നടപടികളായതായി ഹാർബർ എഞ്ചിനീയറിംഗ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ യോഗത്തിൽ അറിയിച്ചു.

Advertisements

ഏഴുകുടിക്കൽ തോട് മണൽ നിറഞ്ഞ് അടഞ്ഞ് പോയതിനാൽ മലിന ജലം ഉയർന്ന് വീടുകളിലേക്ക് കയറുന്ന അവസ്ഥയ്ക്ക് അടിയന്തര പരിഹാരത്തിനായി മണ്ണ് നീക്കം ചെയ്യാൻ ധാരണയായി. കൂടാതെ കാലവർഷത്തെ കെടുതികളിൽ ജാഗ്രത പാലിക്കാനും തീരദേശ പ്രദേശങ്ങളിൽ ഫലപ്രദമായ മവക്കാല ശുചീകരണം അതാത് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്താനും യോഗത്തിൽ തീരുമാനമായി.

എം.എൽ.എ.ക്ക് പുറമെ കൊയിലാണ്ടി നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ, പഞ്ചായത്ത് പ്രസിഡണ്ട്മാരായ അശോകൻ കോട്ട് കൂമുള്ളി കരുണാകരൻ, ഷീജ പട്ടേരി തുടങ്ങിയവരും ഡെപ്യൂട്ടി കലക്ടർ കൃഷ്ണൻ കുട്ടി, തഹസിൽദാർ പ്രേമൻ, മേജർ ഇറിഗേഷൻ ഹാർബർ എഞ്ചിനീയറിഗ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *