KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി താലൂക്ക്‌ ആശുപത്രിക്ക് പുതിയ 9 നില കെട്ടിടത്തിന് രൂപരേഖ തയ്യാറാക്കാൻ ഉത്തരവിട്ടു

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയുടെ സമഗ്രവികസനം ഉൾക്കൊള്ളുന്ന ബഹുനില കെട്ടിടത്തിൻ്റെ രൂപരേഖ തയ്യാറാക്കുന്നതിനും നിർമ്മാണ മേൽനോട്ടം വഹിക്കുന്നതിനുമായി കേന്ദ്ര മിനി രത്നാ പദവിയുള്ള പൊതുമേഖലാ സ്ഥാപനമായ വാപ്കോസിനെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവായി. നേരെത്തെ തന്നെ കെ.ദാസൻ എം.എൽ.എയുടെ നേതൃത്വത്തിൽ ആശുപത്രിയുടെ മാസ്റ്റർ പ്ലാൻ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ സഹായത്തോടെ തയ്യാറാക്കിയിരുന്നു. 
9 നിലകളിലായി 63 കോടിയോളം രൂപ ചെലവ് കണക്കാക്കി തയ്യാറാക്കിയ പ്രസ്തുത പ്ലാനിനെ അടി സ്ഥാനപ്പെടുത്തി തന്നെയാകും ഇപ്പോൾ പുതുതായി ചുമതലപ്പെടുത്തിയ വാപ്കോസും വിശദമായ പദ്ധതിരേഖ തയ്യാറാക്കുക.   കെട്ടിടത്തിൻ്റെ പുതിയ പ്ലാൻ രണ്ട് ഭാഗങ്ങളായി തയ്യാറാക്കിയാണ് കിഫ്ബിയിലേക്ക് നൽകുക. ആദ്യഘട്ടം 35 കോടിയുടേതാണ്. കിഫ്ബി വിദഗ്ദ്ധ സംഘത്തിന്റെ പരിശോധനക്ക് ശേഷം ഇതിന് അംഗീകാരം ലഭിക്കുന്നതോടെ ടെണ്ടർ നടപടികളിലേക്ക് കടക്കാൻ കഴിയും. സർക്കാർ ആശുപത്രി കെട്ടിടങ്ങളുടെ വിശദമായ പദ്ധതി രേഖ തയ്യാറാക്കാനും നിർമ്മാണ നിർവ്വഹണ മേൽനോട്ടം വഹിക്കാനും ചുമതലപ്പെടുത്തുന്ന ഏജൻസികളുടെ പാനലിൽ യു.എൽ.സി.സി ഇല്ലാത്തതിനാലാണ് ഇക്കാര്യത്തിനായി വാപ്കോസിനെ ചുമതലപ്പെടുത്തിയത്.   
എം.എൽ.എ യുടെ നേതൃത്വത്തിൽ നടത്തിയ നിരന്തര പരിശ്രമങ്ങളുടെ ഫലമായാണ് ഇപ്പോൾ എസ്.പി.വി യെ നിശ്ചയിച്ച് കൊണ്ട് ഉത്തരവിറങ്ങിയത്.  എസ്.പി.വി യെ നിശ്ചയിക്കുക വഴി പദ്ധതിക്ക് കിഫ്ബി അംഗീകാരം നൽകുമെന്ന് ഉറപ്പായിക്കഴിഞ്ഞു.  ആശുപത്രി കോമ്പൗണ്ടിലെ ഇപ്പോഴത്തെ 6 നില കെട്ടിടത്തിന്റെ വടക്ക് ഭാഗത്തുള്ള എല്ലാ പഴയ കെട്ടിടങ്ങളും പൊളിച്ചു മാറ്റി ആ സ്ഥലത്താണ് പുതിയ കെട്ടിടം നിലവിൽ വരിക.  കൊയിലാണ്ടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയെ സംബന്ധിച്ച് സ്വപ്ന പദ്ധതിയുടെ പ്രഥമ ഘട്ടത്തിനാണ് ഇപ്പോൾ സർക്കാരിന്റെ ഭാഗത്തു നിന്നും അനുമതിയായിരിക്കുന്നത്.
എത്രയും വേഗം പദ്ധതി രേഖ പൂർത്തിയാക്കി കിഫ് ബി യുടെ അംഗീകാരത്തിനായി സമർപ്പിക്കുമെന്ന് ആശുപത്രി സന്ദർശിച്ച വാപ്കോസ് എഞ്ചിനീയർമാർ ഉറപ്പ് നൽകി.  നിരവധി വികസന പ്രവർത്തനങ്ങളാണ് ആശുപത്രിയിൽ ഇപ്പോൾ നടന്നു വരുന്നത്.  ട്രോമാകെയറിൻ്റെ ഭാഗമായി 3 കോടി ചെലവിൽ സ്ഥാപിച്ച സി. ടി. സ്കാൻ സംവിധാനം അടുത്ത മാസം തന്നെ പ്രവർത്തന സജ്ജമാകും. 11 മെഷീനുകൾ ഉൾക്കൊള്ളുന്ന കാരുണ്യ ഡയാലിസിസ് യൂണിറ്റ് നിർമ്മാണം 95 ശതമാനത്തോളം പൂർത്തിയായി.  നിലവിലെ 6 നില കെട്ടിടത്തിന്റെ ഒന്നാം നിലയിൽ 2 കോടി ചെലവിട്ട് സമ്പൂർണ്ണ എയർ കണ്ടീഷൻഡ്‌ പ്രസവ ചികിത്സാ കേന്ദ്രമെന്ന ലക്ഷ്യ പദ്ധതിയുടെ നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചു. 
എം.എൽ.എ ഫണ്ടിൽ നിന്നും 46 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ചുറ്റുമതിലിൻ്റെയും കവാടത്തിൻ്റെയും ആൽത്തറയുടെ ചുറ്റുമുള്ള സൗന്ദര്യവത്കരണ പ്രവൃത്തികളും അവസാന ഘട്ടത്തിലാണ്.  20 ലക്ഷം രൂപയുടെ ഏറ്റവും ആധുനിക ജീവൻ രക്ഷാ സജ്ജീകരണങ്ങളടങ്ങിയ ആംബുലൻസിന് ഭരണാനുമതിയായിക്കഴിഞ്ഞു. എയർ കണ്ടീഷൻഡായി സജ്ജീകരിച്ച മെഡിക്കൽ റെക്കോർഡ്‌ ലൈബ്രറി ഈ മാസം തന്നെ ഉദ്ഘാടനം ചെയ്യും. ഇത്തരത്തിൽ ചരിത്ര വികസന ലക്ഷ്യത്തിലേക്ക് കടക്കുകയാണ് കോഴിക്കോട് ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ രോഗികൾ ചികിത്സ തേടിയെത്തുന്ന ഈ താലൂക്ക് ആതുരാലയം.

Leave a Reply

Your email address will not be published. Required fields are marked *